Thursday, November 17, 2011

നീ തന്നെയല്ലാതെ ഞാന്‍ മറ്റാര്.......


എന്താണ്, ഞാന്‍ നിന്നെക്കുറിച്ച് എഴുതുക.... വാക്കുകളില്‍ നിന്നെ തിരഞ്ഞ് ഞാന്‍ ഏറെ അലഞ്ഞു, പക്ഷേ ഞാന്‍ തോറ്റു പോകുന്നു. എന്‍റെ ആത്മാവിലുള്ള നിന്നെ എനിക്ക് നിസ്സാരമായി വരികളില്‍ ഒതുക്കാനാകുന്നില്ല..... നീയാരെന്ന് എന്നിലിരുന്ന് ആരോ ചോദിക്കുന്നു... "നീ തന്നെയല്ലാതെ ഞാന്‍ മറ്റാര്......" നിന്‍റെ മറുപടി ആ കണ്ണൂകളില്‍ ഉണ്ടായിരുന്നു.
മറക്കാന്‍ ശ്രമിക്കുന്തോറും നീറ്റല്‍ കൂടി വരുന്നു, നീയെന്നില്‍ എത്ര ആഴത്തിലാണ്, വേരൂന്നിയതെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ട്, നീയില്ലെങ്കില്‍ എന്‍റെ അസ്തിത്വം തന്നെ ഇല്ലാതായേക്കുമോ എന്ന ഉള്‍പ്പേടിയും ഇല്ലാതില്ല. പക്ഷേ നിന്നെ മറക്കുന്നതാണ്, നല്ലതെന്ന് എന്നിലിരുന്ന് ആരോ.........
പക്ഷേ ഒന്നു കാണുമ്പോള്‍ നീയെന്നില്‍ നിറയ്ക്കുന്ന ഊര്‍ജ്ജം, അതെത്ര വലുതെന്ന് ഒരുപക്ഷേ നീ പോലും അറിയുന്നുണ്ടാവില്ല. നിനക്ക് ഞാന്‍ കണ്ണാടി... നിന്‍റെ മുഖം നീ എന്നില്‍ കാണുന്നു.... നിന്‍റെ ചിരി എന്‍റെ കരിമഷിയെഴുതിയ കണ്ണുകളില്‍  നീ തിരിച്ചറിയുന്നു..... എനിക്കിതെല്ലാം അറിയാം കാരണം എനിക്ക് നിന്നെ വായിക്കാം, നിന്‍റെ ആര്‍ദ്രമായ മിഴികള്‍ക്കു മുന്നില്‍ എനിക്ക് എന്‍റെ ശബ്ദം പോലും നഷ്ടമാകുന്നുണ്ട്... ഒന്നും മിണ്ടാതെ , ചിരിക്കുക പോലും ചെയ്യാതെ നിന്നിലേയ്ക്ക് എന്നെ കണ്ടുകൊണ്ട് ഇങ്ങനെയിരിക്കുമ്പോള്‍ ഞാനറിയുന്നു.... നീയെന്നാല്‍ ഞാനാണെന്ന്.... നിന്നെ മറന്നാല്‍ പിന്നെ എനിക്ക് എന്‍റെ ആത്മാവിനെ നഷ്ടപ്പെട്ടെന്ന്...
ഞാനെന്തു ചെയ്യണം..... നിന്‍റെ പ്രണയത്തെ എന്‍റെ ഹൃദയത്തിലൊഴുക്കി അതിന്‍റെ തിരകളില്‍ പെട്ട് ആടിയുലഞ്ഞ് ഒഴുക്കിനൊപ്പം പോകണോ... അതോ.... നിന്നെയുപേക്ഷിച്ച് പൂക്കള്‍ വിരിച്ച ഉദ്യാനത്തിലേയ്ക്ക് നടക്കണോ....
എനിക്കു നീ മതി, നിന്‍റെ പ്രനയം മതി..... അതില്‍ നീന്തി നീന്തി... കൈ കുഴയുന്നതു വരെ നീന്തി ഒടുവില്‍ വാടിത്തളര്‍ന്ന് നിന്നില്‍ വന്നടിയണം. അവിടെയാകും എന്‍റെ സമാധിസ്ഥലം, നിന്റേയും... അവിടെ നമ്മള്‍ മൌനം കൊണ്ട് സ്വര്‍ഗ്ഗം പണിയും, അതില്‍ മുറികള്‍ കെട്ടും , മൌനമായി പ്രണയിക്കും.......

No comments:

Post a Comment