Thursday, November 10, 2011

ചീവീട്


ഈ വിറകുകെട്ടുകള്‍ക്കിടയിലിരുന്ന ഒരു ചീവീട് ഇങ്ങനെ പറയുന്നു, "എന്‍റെ പ്രണയമേ നീയെവിടെ?
ഇവിടെ ഇന്നത്തെ പ്രഭാതത്തിന്, നല്ല കുളിരാണ്. പുറത്തു മഞ്ഞുണ്ട്, ഈ മരപ്പലകകള്‍ എനിക്കു ചൂടു തരുമെന്ന് വെറുതേ ഞാന്‍ ഓര്‍ത്തു, പക്ഷേ നിനക്കല്ലേ എന്നെ അഗ്നിയിലുരുക്കാനാകൂ.
എനിക്കു വിശക്കുന്നുണ്ട്.......
 നമുക്കും ആത്മാവുണ്ടോ എന്ന് പാവം ഇരുകാലികള്‍ക്ക് സംശയം.അവര്‍ വിചാരിക്കുന്നത് അവര്‍ക്കു മാത്രമേ പ്രണയം പോലുമുള്ളൂ എന്ന്... പക്ഷേ നമ്മുടെ ആത്മാക്കള്‍ കാണാമറയത്തിരുന്ന് തമ്മില്‍ നോക്കി വിതുമ്പുന്നുണ്ട്... ഒന്ന് മറ്റൊന്നിനോട് ചേരാന്‍ കൊതിക്കുന്നുണ്ട്...
എന്‍റെ പ്രണയമേ, ഏതു മഞ്ഞിലും മഴയിലും  പ്രാണന്‍ കളയുന്നതു വരെ നിന്നെ തിരഞ്ഞ് ഞാനിവിടെയുണ്ടാകും. ....."
മനുഷ്യന്‍ എന്ന സ്വയം ബോധം എന്നില്‍ നിന്ന് കുടിയിറങ്ങുന്നു... നീയും ഞാനുമെന്നാല്‍ ആത്മാവു മാത്രമായി ചുരുങ്ങുന്നു... ഈ ചീവീടു കരയുന്നത് എനിക്കു കേള്‍ക്കാം, അതു പ്രണയത്തിന്‍റെ ഭാഷയായതിനാലാകാം. ഞാനീ ചെറു ജീവിയില്‍ എന്നെ കണ്ടു തുടങ്ങുന്നു... ഇവിടെ നിന്നെ കാത്തിരിക്കുകയും.

No comments:

Post a Comment