Tuesday, November 22, 2011

സാക്ഷി


നാമൊരു കരയുടെ ഇരു വശത്തും ഒറ്റപ്പെട്ട് നില്‍ക്കുന്നു...
നിന്നെ കാണാതെ ഇങ്ങനെ അലയാനാണ്, എന്‍റെ വിധിയെന്ന് ഞാനറിയുന്നു... ഓരോ മരച്ചുവട്ടിലും ഞാന്‍ നിന്നെ തിരഞ്ഞു, പണ്ടും നീ അങ്ങനെയായിരുന്നല്ലോ, മരത്തോപ്പില്‍ വച്ച് പല തവണ നീയെന്നെ ഒളിച്ച് നിന്ന് കളിപ്പിച്ചിട്ടുണ്ട്. എനിക്കറിയാം നീ എവിടെയോ ഇരുന്ന് എന്നെ നോക്കുന്നുണ്ടെന്ന്, നിന്‍റെ കണ്ണുകള്‍ എന്നില്‍ വീഴുന്ന സുഖം ഞാനറിയുന്നുണ്ട്... സ്വപ്നങ്ങളില്‍ നമ്മള്‍ തോണിയിലാണ്, പുഴയുടെ ഒരു ഓരത്ത്, സന്ധ്യ മയങ്ങിത്തുടങ്ങി...
കാട്ടിലകളുടെ കിളിയൊച്ചകള്‍ കേള്‍ക്കാം , മിന്നാമിനുങ്ങുകള്‍ യാത്ര തുടങ്ങുന്നു... അവ നമ്മെ അന്വേഷിച്ചുള്ള പാതയിലാണ്, നമുക്ക് വെളിച്ചമേകാന്‍, നമ്മുടെ പ്രണയത്തിന്, സാക്ഷികളാകാന്‍...
ഇളം കാറ്റ് തുഴയുമായി വന്ന് നമ്മെ പുഴ കാട്ടുന്നു... ഇരുട്ടില്‍ ഓളങ്ങള്‍ വന്നലയ്ക്കുന്നത് മങ്ങി കാണാം...
എനിക്ക് നിന്‍റെ മുഖം കാണണം...
കാര്‍മേഘങ്ങളുള്ള രാവായതു കൊണ്ട് മാനം പൊട്ടിച്ചിരിച്ചപ്പോള്‍ എനിക്കു നിന്നെ കാണാനായി...
നിന്‍റെ മുഖത്തെ കാതരഭാവം, കണ്ണുകളിലെ ആഴം... നീ മെല്ലെ എന്നോട് എന്തോ മന്ത്രിക്കുന്നു...
എന്‍റെ വിറയില്‍ ഇനിയും തീര്‍ന്നിട്ടില്ല... നിന്‍റെ സ്ത്രൈണത നിറഞ്ഞ ഒച്ച എന്നെ നിന്നിലേയ്ക്കുരുക്കി ഒഴിക്കുന്നു... എനിക്ക് നിന്നില്‍ വീണ്, ഉരുകണം...
പക്ഷേ ഇതൊക്കെ എന്‍റെ സ്വപ്നമല്ലേ... കിനാവിനു പോലും എന്നെ നോവിക്കാനാണിഷ്ടം... നീയോ പേരറിയാത്തിടങ്ങളിലിരുന്ന് എന്നെ ഓര്‍ത്ത് വിതുമ്പുകയും. ഞാനറിയുന്നു... ഞാന്‍ നിന്നെ കണ്ടെത്തും,  നമ്മുടെ വഴികള്‍ ഒന്നാകും..... പക്ഷേ എത്ര നാള്‍ ഞാനിങ്ങനെ മറുകരയില്‍ നിന്നെ വൃഥാ മരങ്ങള്‍ക്കു പിന്നിലും പുഴയുടെ ഓരത്തും തിരഞ്ഞു നടക്കും... എനിക്കറിയില്ല.....

No comments:

Post a Comment