നീയെന്നിലൂടെ കടന്നു പോയപ്പോള്‍ നേര്‍ത്തൊരു മഴചാറ്റലുണ്ട് പുറത്ത്. നീ മിണ്ടുന്നത് എനിക്കു കേള്‍ക്കാം.അത് എന്‍റെ ഒച്ച തന്നെയല്ലേ.....
നിന്‍റെ ഉടലിലിരുന്ന് ഞാന്‍ സംസാരിക്കുന്നതു പോലെ.. നീയെന്നോട് താദാത്മ്യം പ്രാപിച്ചതു കൊണ്ടാവണം നമ്മുടെ മുഖം വരെ ഒരേ പോലെ...
ഞാന്‍ ജീവനെങ്കില്‍ നീ പരമന്‍...
പക്ഷേ നീയില്ലാതെ എനിക്കോ ഞാനില്ലാതെ നിനക്കോ നിലനില്‍പ്പില്ല. ഈ പ്രപഞ്ചത്തിന്‍റെ നിയതികളെ കുറിച്ച് സമൂഹത്തിന്, എന്തറിയാം?
എപ്പോഴാണെന്നറിഞ്ഞില്ല എന്നിലെ അപൂര്‍ണത ഞാന്‍ തിരിച്ചറിഞ്ഞത്.
ഞാനൊരു ഗുരാമുഖത്തിന്‍റെ വാതിലാണെന്ന് നിന്‍റെ കണ്ണുകളാണെന്നെയോര്‍മ്മിപ്പിച്ചത്. വാതിലടയ്ക്കാത്ത ഗുഹാമുഖം പോലെ നീയും അപൂര്‍ണന്‍,,,,
ഇങ്ങനെ അകലങ്ങളിലിരുന്ന് നാമെങ്ങനെ ഈ പ്രപഞ്ചമാകും... ദിക്കുകളാകും...
നിനക്കുത്തരമുണ്ട്,
പ്രണയം അങ്ങനെയാണ്, തിരിച്ചറിയപ്പെടുന്ന നേരങ്ങളില്‍ അത് പരസ്പരം വലിച്ചടുപ്പിക്കാന്‍ പാടുപെടും, ഒന്നിലെ വിടവിനെ മറ്റേ ആത്മാവ് തന്നോടു ചേര്‍ത്ത് നികത്താന്‍ നോക്കും...
പക്ഷേ അതോടെ പൂര്‍ണരായി...
പിന്നെ പ്രാണന്‍ അധികപറ്റായി ഉടലിലൂടെ സഞ്ചാരം തുടങ്ങും. എങ്ങനെയെങ്കിലും പുറത്തു കടക്കാനുള്ള വെമ്പല്‍..
പ്രണയം ആത്മാക്കളുടെ ആഘോഷമാണ്. പൂര്‍ണതിയിലെത്തിയ ആത്മാക്കള്‍ക്ക് പിന്നെ സ്വര്‍ഗ്ഗമില്ല, നരകമില്ല..
ഈ പ്രപഞ്ചം മുഴുവന്‍ തന്നിലൂടെ അവര്‍ക്ക് കാണാം, ദൂരങ്ങളിലിരുന്ന് പാടുന്ന വാനമ്പാടിയെ കേള്‍ക്കാം, ആകാശപരിധിയ്ക്കപ്പുറത്തെ നക്ഷത്രക്കൂട്ടത്തെ തൊടാം...
എന്‍റെ പ്രാണന്‍ പൊരിയുന്നുണ്ട്, തുറന്ന ഗുഹാമുഖവുമായി നീ എന്നെ കാത്തിരിക്കുന്നു, അങ്ങകലെയെവിടെയോ പാറക്കൂട്ടങ്ങള്‍ക്കിറ്റയില്‍ ഏകയായി ഞാന്‍ നിന്നെ ഓര്‍ത്തിരിക്കുകയും.
മൌനം പാടുന്നുണ്ട്...
കാറ്റ് എന്നോടത് ചൊല്ലുന്നുണ്ട്...
പൂര്‍ണതയിലെത്താന്‍ നാമിങ്ങനെ കൊതിയ്ക്കുകയും...
No comments:
Post a Comment