Tuesday, November 8, 2011

ആയുധം


എന്‍റെ ആയുധം പേനയും നിന്‍റേത് മൌനവുമാകുന്നു. ഞാന്‍ നിന്‍റെ പ്രണയം അക്ഷരങ്ങളില്‍ തളച്ചിടുമ്പോള്‍ നീ എന്‍റെ പ്രണയത്തെ മൌനത്തോളം ഉയര്‍ത്തുന്നു. നീയെന്‍റെ വാക്കുകള്‍ക്ക് അഗ്നിയാകുമ്പോള്‍ ഞാന്‍ നിന്‍റെ വാചാലതയ്ക്കു മേല്‍ വെയില്‍ പുതച്ചു നില്‍ക്കുന്നു. നീയെന്നില്‍ പിടിമുറുക്കുമ്പോള്‍ എനിയ്ക്കറിയാം, അറ്റമില്ലാതെ ആഴമറിയാതെ ഞാന്‍ തുഴയുകയാവും അപ്പോള്‍.... നമ്മുടെ പ്രണയത്തിന്‍റെ ആഴം എനിക്കും നിനക്കും അവ്യക്തമാണല്ലോ. ഞാന്‍ നിനക്കോ നീ എനിക്കോ എത്ര മാത്രം പ്രിയമുള്ളതാണെന്ന് നമ്മള്‍ ഓര്‍ക്കാറില്ലല്ലോ. പൊള്ളത്തരം നിറഞ്ഞ വാക്കുകള്‍ക്ക്ക് അല്ലെങ്കിലും പ്രണയത്തില്‍ എന്തു പ്രസക്തി അല്ലേ...
ഞാനെന്‍റെ തൂലിക ഉപേക്ഷിക്കാം. നിന്‍റെ മൌനത്തെ എനിക്കു കൂടി കടം കൊള്ളണം. കാണാമറയത്താണെങ്കിലും എന്നിലേയ്ക്കു വരുന്ന നിന്‍റെ സ്പന്ധനങ്ങളെ എനിക്കു തിരിച്ചറിയണം. നാമറിയാതെ നമ്മിലേയ്ക്കിറങ്ങുന്ന ചില യോജിപ്പുകള്‍, ഞാന്‍ പറയാതെ എന്നെ തിരിച്ചറിഞ്ഞ നിന്‍റെ സൂക്ഷ്മത്വം...
എനിക്കും നിന്നിലേയ്ക്കിറങ്ങി നടക്കണം. ഒടുവില്‍ ആത്മപാതിയായി നിന്നില്‍ ഒടുങ്ങണം. പിന്നെയൊരു ബിന്ദുവോളം ചെറുതായി പ്രകൃതിയില്‍ നാം അലിയണം. ഇനി നീയും ഞാനുമില്ല.... പരമമായ സത്യം മാത്രം.... നിന്നിലും എന്നിലുമുള്ള ആ സത്യം മാത്രം ബാക്കി.....

No comments:

Post a Comment