പ്രണയം പ്രാര്‍ത്ഥനയെന്ന് കാറ്റ് മൊഴിയുന്നു...
നീ പ്രാര്‍ത്ഥനയെങ്കില്‍ ഞാനോ... സംശയമെന്ത്... നിന്നിലുരുകിത്തീരുന്ന മന്ത്രങ്ങള്‍....
നീയും ഞാനും പരസ്പരം ഉരുകി ഒന്നായവര്‍...
നീ എരിഞ്ഞടങ്ങുന്ന സൂര്യനെങ്കില്‍ ഞാന്‍, ചുവന്ന ചക്രവാളം.
നമ്മിലിരുന്നല്ലേ ചക്രവാകപ്പക്ഷി പാടുന്നത്... അവളില്‍ വിരഹമുണ്ട്, അതല്ലേ ഇത്ര മനോഹരമായി പാടാന്‍ അവള്‍ക്കു കഴിയുന്നത്. എന്നില്‍ വല്ലാത്ത ശാന്തി നിറയുന്നുണ്ട് , നീ തന്ന ഊര്‍ജ്ജം എന്നെ നിറഞ്ഞ് കവിഞ്ഞൊഴുകുന്നു...
മുന്നില്‍ ഒരു നിശബ്ദത മാത്രം ബാക്കി, ആ മഹാമൌനത്തില്‍ നീയുണ്ട്...
നിന്‍റെ ധ്യാനം എന്നില്‍ വന്നലയ്ക്കുന്നുണ്ട്, അതിന്‍റെ ഒഴുക്കാവാം എന്നില്‍ ശാന്തി നിറയ്ക്കുന്നത്...
മൌനത്തിലുറഞ്ഞ നമ്മുടെ പ്രണയം ഈ നശ്വരമായ ഉടല്‍ കഴിഞ്ഞ് പറന്നു തുടങ്ങുന്നു, അനന്തതയിലേയ്ക്ക്... ഒടുവില്‍ പ്രപഞ്ചത്തിലെങ്ങോ മറഞ്ഞിരുന്ന് നാം ഒന്നായിത്തീരുകയും. ആത്മാവ് ആത്മാവിനോടു ചേരുക എന്നാല്‍ നാം പുനര്‍ജ്ജനിയില്ലാത്ത ലോകങ്ങള്‍ തേടിയെന്നര്‍ത്ഥം. പിന്നെ ഒരേ ദീപത്തില്‍ ജ്വലിയ്ക്കുന്ന നാലങ്ങളായി നമുക്ക് ഈ പ്രപഞ്ചത്തിലാകെ വിലയം കൊള്ളാം. ലോകത്തെ നമ്മിലേയ്ക്കൊതുക്കാം, നമുക്കു തന്നെ ലോകമാകാം...
പ്രണയത്തിന്, ലോകത്തെ ഒതുക്കാനുള്ള ശക്തിയോ... ഞാന്‍ അമ്പരക്കുന്നു...
നീ ചിരിയ്ക്കുന്നു... നിന്‍റെ മിഴിയില്‍ എല്ലാമുണ്ട്..... ഞാന്‍ തേടുന്ന ചോദ്യങ്ങളും അതിന്‍റെ ഉത്തരങ്ങളും...
No comments:
Post a Comment