Tuesday, November 8, 2011

നീ വിശുദ്ധന്‍റെ ഉടലണിഞ്ഞപ്പോള്‍


നീ പണ്ടൊരിക്കല്‍ ഒരു വിശുദ്ധന്‍റെ ഉടലണിഞ്ഞിരുന്നു...
അന്ന് ഞാനോ നിന്‍റെ പ്രണയം കൊതിച്ച ഒരു പതിതയുടേയും.
സമൂഹം എന്നെ കറുത്ത കണ്ണുകളോടെ നോക്കി...
കല്ലുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചു...
അവര്‍ക്ക് എന്‍റെ ഉടലിലെ ചോരയല്ലേ ഒഴുക്കാനാവൂ, പക്ഷേ എന്‍റെ ആത്മാവ് അന്നും തപിച്ചു കൊണ്ടിരുന്നു. നിന്നെ ഒന്നു കാണാന്‍ വെമ്പിക്കൊണ്ടിരുന്നു. ആദ്യമായി നിന്നെ കണ്ടപ്പോള്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു നീ എന്‍റെ പ്രണയപ്പാതിയെന്ന്. എന്‍റെ ഉടല്‍ വിറയ്ക്കുന്നുണ്ടായിരുന്നു. നിന്‍റെ കണ്ണുകള്‍ എന്‍റെ മിഴികളെ  തൊട്ടപ്പോള്‍ ഒരു വിദ്യുത്പ്രവാഹം എന്നിലുണ്ടായത് ഞാനറിഞ്ഞു. ഒരു വെളുത്ത പുക കണ്ണുകളേയും ബോധത്തെ തന്നെയും മറയ്ക്കുന്നു. നീയൊഴിച്ച് എന്‍റെ മുന്നില്‍ മറ്റൊന്നുമില്ല. നീയോ അപാര കാരുണ്യവുമായി എന്നില്‍ നിന്നു കത്തുകയും. നീ എന്നെ തൊട്ടില്ല... ചിരിച്ചു...
അങ്ങകലെ നിന്ന് മൌനം കൊണ്ട് സംസാരിച്ചു. എന്‍റെ പരിഭവങ്ങളെ പുഞ്ചിരിയോടെ അടക്കി. എനിക്കെന്‍റെ ഉടല്‍ സ്വയം ചിത കൂട്ടി സമര്‍പ്പിക്കാന്‍ തോന്നി... പക്ഷേ നിന്‍റെ നനുത്ത കണ്ണുകള്‍... പ്രകാശം സ്ഫുരിക്കുന്ന ചിരി... എന്നെ കുറിച്ചുള്ള വേദനകളെ വഴിയിലുപേക്ഷിക്കാന്‍ എനിക്കു കഴിയും...
പിന്നെ എന്നില്‍ നീ മാത്രം...
നമ്മുടെ കൂടിച്ചേരല്‍ മാത്രം...

No comments:

Post a Comment