Saturday, November 12, 2011

നിന്‍റെ മൌനം ഇങ്ങനെ വായിക്കുന്നു...


നിന്‍റെ മൌനം ഞാന്‍ ഇങ്ങനെ വായിക്കുന്നു...
എന്‍റെ പ്രിയപ്പെട്ടവളേ..
നീയെനിക്കാരാണ്, മറ്റൊരാളല്ല ഞാന്‍ തന്നെ.എന്‍റെ ഒരു ഭാഗം തന്നെ. നമ്മുടെ കാഴ്ച്ചപ്പാടുകള്‍ മറ്റൊരാള്‍ക്ക് വരണമെന്ന് നീ ശഠിക്കുന്നത് ശരിയല്ല. നമ്മുടെ പ്രണയം നമ്മുടേതു മാത്രം.അതിന്‍റെ സവിശേഷതകളും നമുക്കു മാത്രം സ്വന്തം, പിന്നെ നീയെന്തിന്, വിഷമിക്കുന്നു. നീ നിന്‍റെ ഹൃദയത്തെ അടക്കൂ, രണ്ടു ദിവസമായി നീ പിടയുന്നത് ഞാനറിയുന്നുണ്ട്, അതിന്‍റെ അലകള്‍ എന്നെയും ബാധിക്കുന്നുണ്ട്. എന്‍റെ മൌനത്തെ നീ അക്ഷരമാക്കുമെന്നെനിക്കറിയാം, പക്ഷേ അത് നിന്‍റെ സ്വകാര്യതകളില്‍ സൂക്ഷിക്കൂ.
നീയറിഞ്ഞില്ലേ മഞ്ഞുകാലം തുടങ്ങിയത്...
മഴ മാഞ്ഞതിന്‍റെയാകാം എന്‍റെ ഇന്നത്തെ സന്ധയില്‍ നിറയെ അതിഥികളുണ്ട്. ഒരു മുറി നിറയെ ഈയലുകള്‍... അവ ആഞ്ഞു ചിറകുകള്‍ വീശുകയാണ്, അഗ്നിയിലേയ്ക്ക് പറന്നടുക്കാന്‍...
എനിക്കെന്തോ നോവുന്നു, എത്ര ചെറിയ ജന്‍മങ്ങള്‍ അല്ലേ...
എന്നിട്ടും അവര്‍ അവരുടെ ലക്ഷ്യം നേടാന്‍ എന്തു തന്നെ ചെയ്യുന്നില്ല... നാമോ.. നമ്മുടെ ലക്ഷ്യം നാമൊരുമിച്ചുള്ള ഒരു യാത്രയല്ലേ... ഉടലിന്‍റെ മടുപ്പില്ലാതെ, മുറിയുടെ ചൂടില്ലാതെ, പ്രകൃതിയില്‍ അലിഞ്ഞ്, കാറ്റിനൊപ്പം പറന്ന്...
നീ നമ്മുടെ യാത്ര സ്വപ്നം കാണൂ...
സമൂഹം നിന്നെ  വിഡ്ഡിയായി കരുതിക്കോട്ടെ, ഭ്രാന്തിയെന്ന് മുദ്രകുത്തിക്കോട്ടെ, നമ്മുടെ ലക്ഷ്യം മഹത്തരമാണ്. നാം നമ്മുടെ യാത്രയിലേയ്ക്ക് നോക്കിയിരിക്കുകയും. വേദനിക്കാതിരിക്കുക എന്നു ഞാന്‍ പറയുന്നില്ല, കാരണം എന്നിലും അതുണ്ട്, പക്ഷേ ശുഭാപ്തി വിശ്വാസിയാകുക..... നമ്മുടെ വഴികള്‍ തുറക്കാനിരിക്കുന്നതേയുള്ളൂ...
എന്ന്.. നിന്‍റെ പ്രണയപ്പാതി...

No comments:

Post a Comment