എന്‍റെ സുഹൃത്തുക്കള്‍ എന്നോടു ചോദിക്കുന്നു, നീയെവിടെയെന്ന്... ഞാനെന്തു പറയും. നീയെന്‍റെ കണ്‍മുന്നില്‍ ഉണ്ടെന്നു പറഞ്ഞാല്‍ അവര്‍ എന്നെ കള്ളിയെന്നു വിളിക്കും. പ്രണയം നഷ്ടപ്പെടലിന്‍റെ വേദനയാണെന്നു അവരൊക്കെ ധരിച്ചിരിക്കുന്നു. അതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല... നീ എന്നിലുണ്ടായിരിക്കുകയും എന്നെ മൌനമായി ഭരിയ്ക്കുകയും ചെയ്യുന്നു, നിന്‍റെ കണ്ണുകള്‍ എന്നെ പരവശയാക്കുന്നു.... ഞാന്‍ പ്രണയത്തിലാണെന്ന് എന്‍റെ തേങ്ങുന്ന ഹൃദയം പറയുന്നുണ്ട്, പിന്നെങ്ങനെ എനിക്ക് പറയാനാകും പ്രണയം നഷ്ടപ്പെടലിന്‍റേതെന്ന്... പ്രണയം നിന്നിലുണ്ടെങ്കില്‍ ഹൃദയം എന്തിനു വിതുമ്പുന്നു.. നീ എന്തിന്, പരവശയാകുന്നു... എന്ന് അവര്‍ ചോദിക്കുന്നു...
എനിക്ക് പ്രണയം ഒരു കൂടിച്ചേരലാണ്, എന്നിലുള്ള നീയും എന്നിലുള്ള ഞാനും തമ്മിലുള്ള ഒരു പരിശുദ്ധമായ കൂടിച്ചേരല്‍...
വസന്തം എപ്പോഴും ക്രൂരനാണ്, കൂടിച്ചേരലിന്‍റെ നോവു സമ്മാനിക്കുന്ന വസന്തം,
പ്രണയവും അതുപോലെ... ആത്മാക്കളുടെ കൂടിച്ചേരലും വേദനയാണ്.... അത് എപ്പൊഴും അനുഭവിച്ചുകൊണ്ടിരിക്കുക എന്നാല്‍ പ്രാണന്‍ പറിച്ചെടുക്കുന്ന പോലെയും...
No comments:
Post a Comment