Sunday, November 13, 2011

എന്‍റെ പ്രണയമേ...


ഓരോ തുടിപ്പിലും നിന്നെ കാണുമെന്നോര്‍ത്ത് എന്‍റെ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു, പക്ഷേ നീ ദൂരേയ്ക്ക് പോയി ഞാന്‍ കാണാതെ എന്നെ നോക്കി നില്‍ക്കുകയും. എനിക്ക് വല്ലാതെ ദേഷ്യം വരുന്നുണ്ട്...  ഉള്ളം കാലില്‍ നിന്ന് ഒരു പെരുപ്പ് തലവരെ അരിച്ചരിച്ച് കയറുന്നു, മുന്നില്‍ കാണുന്നതൊക്കെ തച്ചുടയ്ക്കാന്‍ തോന്നിപ്പോകുന്നു.
വേണ്ട... ഇനി നിന്നെ കാണാന്‍ ഞാന്‍ എന്‍റെ കണ്ണുകളോട് പറയില്ല, നിന്നെ ഓര്‍ക്കാന്‍ എന്‍റെ ഹൃദയത്തോട് ചൊല്ലില്ല... നീയെങ്കിലും രക്ഷപെടൂ... നിന്‍റെ ജീവനും ജീവിതവും എനിക്കു പ്രിയപ്പെട്ടതു തന്നെ. എനിക്കറിയാം നിന്‍റെ ഓരോ നിശ്വാസത്തിലും ഞാനുണ്ട്..... ഓരോ വാക്കിലും എന്നോടുള്ള പ്രണയമുണ്ട്..... നിന്‍റെ കണ്ണുകളില്‍ നിന്‍റെ കാത്തിരിപ്പുണ്ട്.....
ഇനി എന്‍റെ കണ്ണുകള്‍ നിന്നെ തേടി പിടയ്ക്കുകയില്ല... ഞാന്‍ എന്നെ ഈ പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ്... നിന്നോടൊപ്പം ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ഇനിയൊരു യാത്രയില്‍ പങ്കിടാം... എനിക്കു വയ്യ ഇങ്ങനെ നീറാന്‍..... ഇങ്ങനെ ആലസ്യമിയന്ന് ഇരിക്കാന്‍, കരഞ്ഞ് ഉറങ്ങാന്‍....

നിന്‍റെ മൌനം ഇപ്പോള്‍ ഇങ്ങനെ മൊഴിയുന്നു...
എന്‍റെ പ്രണയമേ...
നീ ഇങ്ങനെ ദുഖിക്കാതെ...
നീ എന്‍റെ കണ്ണുകള്‍ക്കു മുന്നിലില്ലെങ്കില്‍ പോലും എന്‍റെ ആത്മാവില്‍ ഒരു തേങ്ങലായി നിരയുന്നുണ്ട്, എനിക്കതറിയാന്‍ കഴിയും, എന്‍റെ ഉള്ളില്‍ വളര്‍ന്ന് എന്‍റെ ഹൃദയം നിറഞ്ഞ് നീ പുറത്തു ചാടാന്‍ വെമ്പുന്നത്... എന്തിനോറ്റാണ്, നിന്‍റെ ദേഷ്യം, എന്നോടല്ലേ... നിനക്ക് വേദനിക്കാനും, പ്രണയിക്കാനും ദേഷ്യപ്പെടാനും ഞാന്‍ മാത്രമല്ലേയുള്ളൂ... ആയിക്കോളൂ... എന്നെ ശകാരിച്ചോളൂ... നിനക്ക് ആശ്വാസം കിട്ടുമെങ്കില്‍.....
നീ എന്തിന്, അകല്‍ച്ചൌടെ കാര്യം പറയുന്നു, നിനക്ക് എന്നില്‍ നിന്ന് ദൂരെപ്പോകാന്‍ കഴിയില്ല, ഇത് നിന്‍റെ നിയോഗമാണ്... എന്നെ തേടിയുള്ള യാത്ര...എന്‍റേയും... നമ്മുടെ ഈ നിയോഗത്തെ നീ തള്ളിപ്പറയുകയാണോ... എന്‍റെ പ്രണയമിലാതെ നീ സന്തോഷമായിരിക്കുമോ... എന്‍റെ ജീവന്‍... ജീവിതം... ഒക്കെ വെറും ഏടുകള്‍ മാത്രമല്ലേ... ഈ ഉടല്‍ അനുഭവിച്ചു തീര്‍ക്കേണ്ട ദുരിതങ്ങള്‍... നീ അതില്‍ പങ്കാളിയാകേണ്ട... ഈ ഉടലിനെ ഒഴിച്ച് നമുക്ക് കണ്ടുമുട്ടാം, വഴിയരുകില്‍ നീ തണല്‍ വിരിച്ച് കാത്തു നില്‍ക്കുമെന്ന് എനിക്കറിയാം, എന്തു പറഞ്ഞാലും നിനക്ക് എന്നെ പ്രണയിക്കാതിരിക്കാന്‍ ആകില്ല എന്നും എനിക്കറിയാം.
നീ ദുഖിക്കാതിരിക്കുക... ഞാന്‍ നിന്നിലില്ലേ....

നിന്‍റെ പ്രണയപ്പാതി.

No comments:

Post a Comment