എന്നില്‍ വല്ലാതെ നിന്‍റെ പ്രണയം പരക്കുന്നു, ഓരോ തന്‍മാത്രയ്ക്കും ഇപ്പോള്‍ അത് തിരിച്ചറിയാം. നീയെന്നാല്‍ ഞാനെന്ന്, നമ്മുടെ പ്രണയം ഈ പ്രപഞ്ചം ഉണ്ടായ സമയത്തിനു മുന്നേ തന്നെ കുറിക്കപ്പെട്ടതെന്ന്. എത്ര ജന്‌മങ്ങള്‍ നമ്മള്‍ ഇപ്പോള്‍ താണ്ടിക്കഴിഞ്ഞു, ഇനിയും എത്രയോ ബാക്കി കിടക്കുന്നു, ഈ ലോകം ഉള്ള കാലത്തോളം നമ്മുടെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കും... എത്ര മനോഹരമായാണ്, നമ്മുടെ പ്രണയം ഈശ്വരന്‍ ചേര്‍ത്തു വയ്ക്കുന്നത്, പലതും വാക്കുകള്‍ക്കപ്പുറം...
നിനക്ക് നിന്‍റേതായ വഴികളുണ്ട്, എനിക്ക് എന്‍റേതും, അത് ഒരിക്കലും കൂട്ടി മുട്ടുന്നതല്ല... സമാന്തര രേഖകള്‍ പോലെ മുന്നോട്ട് പോവുകയേ ഉള്ളൂ.. പക്ഷേ അഭിമുഖമായിരുന്ന് നമുക്ക് പരസ്പരം പ്രണയം പങ്കിടാം.
നീയെന്തിന്, വഴിയരികിലും ജനക്കൂട്ടത്തിലും എന്നെ തിരയുന്നു... നിന്‍റെ ഉള്ളില്‍ ഞാനുണ്ടെന്ന് നിനക്കറിയുന്നതല്ലേ...
നീയറിയാതെ നിന്‍റെ ഉള്ളില്‍ നമ്മുടെ പ്രണയം പടര്‍ന്നു കത്തുന്നത് നീ അറിഞ്ഞില്ലെന്ന് നടിക്കരുത്...
ഞാന്‍ തളര്‍ന്നു പോകുന്നു...
ഹൃദയമിടിപ്പ് വല്ലാതെ കൂടുതലാണ്...
ഈ പ്രണയം എന്നെ വല്ലാതെ മുറിവേല്‍പ്പിക്കും.....ഞാനിവിടെ വെറുതേ നിന്നെയോര്‍ത്ത് ഇരിക്കുന്നു.. പൂമുഖപ്പടിയില്‍ എന്തിനോ കാത്തു നില്‍ക്കുന്നു... വാക്കുകളില്‍ നിന്നെ ചാലിക്കാന്‍ ശ്രമിക്കുന്നു.....
നീ എന്നിലുണ്ടെന്ന് അറിയാതെയല്ല... പക്ഷേ..... എന്തിനോ..........