Tuesday, October 25, 2011

മഴത്തുള്ളി

മഴ കഴിഞ്ഞെത്തിയ പ്രഭാതം എനിക്കിഷ്ടമാണ്, കാരണം അതെന്നെ വേദനിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..
ഇലത്തുമ്പിലെ മഴത്തുള്ളിയ്ക്കു വേദനിയ്ക്കുന്നത് എനിക്കു കാണാം; മണ്ണിനോടലിയാന്‍ കൊതിയാണതിന്. സൂര്യനെ കണ്ണിലൂടെ കാണിച്ച്, ഒടുവിലത് മണ്ണിലലിയുമ്പോള്‍ എന്‍റെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞു. എന്നിലെ ആത്മാവ് തപിയ്ക്കുന്നു.അതിന്‍റെ ലയനം കാത്ത് തപസ്സിരിക്കുന്നു. പൊട്ടിച്ചിരികള്‍ കണ്ണില്‍ തുറന്നു വയ്ക്കുന്നു, ഹൃദയത്തില്‍ ഒരു മഴവെള്ളപ്പാച്ചില്‍ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു.
ഈ വീര്‍പ്പുമുട്ടല്‍ അസ്സഹനീയം തന്നെ, ഇതെന്തൊരു വിധിയാണ്....
നിന്നെ ഓര്‍ത്ത് ഓര്‍ത്ത് തപിയ്ക്കുക, ഹൃദയം നുറുങ്ങുന്ന നോവുമായി ചിരിയ്ക്കുക, ശ്വാസം നിലയ്ക്കുമെന്ന് തോന്നുമ്പോഴും നിര്‍വ്വികാരയായി ഇരിയ്ക്കുക..
ഞാന്‍ ഒരു മഴത്തുള്ളിയായിരുന്നെങ്കില്‍ നീ ഭൂമിയുമായിരുന്നെങ്കില്‍.., മണ്ണിലേയ്ക്കടര്‍ന്നു വീണ്, ആത്മാവിനെ നിന്നില്‍ ലയിപ്പിക്കാമായിരുന്നു...
എന്‍റെ പ്രാര്‍ത്ഥന നിനക്ക് കേള്‍ക്കുന്നുണ്ടോ...
ഹൃദയം പിടയുന്നത് നീ അറിയുന്നുണ്ടോ...
ഉണ്ടാവും... എവിടെയായിരുന്നാലും നീ പോലുമറിയാതെ നീ വേദനിച്ചുകൊണ്ടേയിരിക്കും...
കാരണമില്ലാതെ നീറിക്കൊണ്ടേയിരിക്കും....

No comments:

Post a Comment