Tuesday, October 25, 2011

നീ എന്നിലേയ്ക്ക് ഉറ്റുനോക്കുന്നു

നീ എവിടെയോ ഇരുന്ന് എന്നിലേയ്ക്ക് ഉറ്റുനോക്കുന്നു, എനിക്കത് മനസ്സിലാകുന്നുണ്ട്. എവിടെ ചെന്നാലും നിന്‍റെ കണ്ണുകള്‍ എന്നിലുള്ളതു പോലെ... ഒരു തണുപ്പ് അരിച്ചിറങ്ങുന്നു. ഇന്നത്തെ ഈ മഴ എന്നെ സന്തോഷിപ്പിക്കുന്നേയില്ല, പകരം വിരഹിണിയാക്കുന്നു. പൂവിലും പൂമ്പാറ്റയിലും നിന്നെ കണ്ടു ഞാന്‍ തളര്‍ന്നു...
ഓര്‍മ്മയുണ്ടോ നീ ആദ്യം എന്നെ കണ്ട നാള്‍....
ആദ്യമായി കണ്ടപ്പോള്‍ അപരിചത്വം ഒട്ടുമേയില്ലാതെ നീ ചിരിച്ചു, ഒരുപക്ഷേ നീ മനസ്സിലാക്കിയിരുന്നിരിക്കണം നമ്മുടെ ജന്‍മാന്തരബന്ധം. പക്ഷേ എന്നില്‍ നീ നിറച്ച ആലസ്യം ഞാന്‍ കണ്ടില്ലെന്ന് നടിച്ചു, നിന്നെ കണ്ട് തിരിച്ചു നടന്നു... പക്ഷേ അപ്പോഴും നീ നനുത്തൊരു ചിരിയുമായി എന്നെ കാത്തു നിന്നു, ഇടവഴിയോരങ്ങളില്‍ നീ പൂമരമായ് പെയ്തു നിന്നു...
ഒടുവില്‍ എന്നാണു ഞാന്‍ നിന്നെ തിരിച്ചറിഞ്ഞതെന്നു ചോദിച്ചാല്‍ എനിക്കറിയില്ല......"നീ എന്നിലേയ്ക്കാണോ ഉറ്റു നോക്കുന്നതെന്ന്" കാറ്റു ചോദിച്ചപ്പോഴാണ്, ഞാന്‍ നിന്നെ അന്വേഷിച്ചു തുടങ്ങിയത്... എന്‍റെ ആത്മാവിന്‍റെ പാതിയെന്ന് നിന്നെ തിരിച്ചറിയുന്നതും നിന്‍റെ കണ്ണുകളിലൂടെ തന്നെ... അവയെനിക്കു വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടവയാണല്ലോ... അതല്ലേ നിന്‍റെ കണ്ണുകള്‍ക്ക് ഇത്ര തിളക്കം. നിന്‍റെ മിഴികള്‍ എന്നെ അലിയിച്ചോട്ടെ, മെഴുകുതിരി പോലെ അലിയാന്‍ എനിക്കിഷ്ടമാണ്... അതും നിനക്കു വേണ്ടിയാകുമ്പോള്‍....

No comments:

Post a Comment