Sunday, October 23, 2011

മരത്തോപ്പുകള്‍ക്കിടയിലൂടെ….

നീ ഒരു മരത്തോപ്പിന്‍റെ കാണാമറയത്തും,
ഞാന്‍ അതിന്, ഇപ്പുറത്ത് നിന്നെ തേടുകയും.
നമുക്കിടയില്‍ മഞ്ഞയിലകളുള്ള ഈ മരങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നു.
വര്‍ഷങ്ങള്‍ ഏറെയായി ഞാന്‍ നിന്നെ തേടി അലയുകയായിരുന്നു,
ഇന്നു നീ എന്നോടൊപ്പം ഈ സര്‍വ്വകലാശാലയില്‍, എന്‍റെ ക്ലാസ്സ്റൂമില്‍…..,
കണ്ണുകള്‍ കൊണ്ട് മനസുകളുടെ ദൂരം അളക്കാമെന്ന് ആരാണ്, എഴുതിയത്…
അന്നാദ്യമായി നീയെന്നെ കണ്ടത് ഓര്‍മ്മയുണ്ടോ?
പുസ്തകങ്ങളുടെ കെട്ടുകള്‍ക്കിടയിലൂടെ, ലൈബ്രറിച്ചുവരുകളില്‍ ചേര്‍ന്നു നിന്ന് ഞാന്‍ നിന്നെ ഒളിഞ്ഞു നോക്കിയിരുന്നു,
പക്ഷേ അന്ന് നീ എന്നെ കാണാതെ പോയി,
എന്‍റെ ആത്മാവിന്‍റെ വിളി നീയെന്തേ കേള്‍ക്കാത്തത് എന്ന് ഞാന്‍ സങ്കടപ്പെട്ടു.
എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പ് അറിഞ്ഞിട്ടെന്ന പോലെ എന്തിനോ നീയന്ന് തിരിഞ്ഞു നോക്കിയത് ഞാനോര്‍ക്കുന്നുണ്ട്…
നീ നടന്നു വരുന്ന വഴികളില്‍ ഞാന്‍ കാത്തു നിന്നു, നിന്‍റെ നോട്ടമേല്‍ക്കാന്‍, അങ്ങനെയൊടുവില്‍ ഒരിക്കല്‍ നീ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ നാള്‍… എന്‍റെ ഹൃദയം വിങ്ങുകയും, കണ്ണുകള്‍ ചുവക്കുകയും ചെയ്തു, കണ്ണുനീര്‍ നിന്‍റെ മുന്നില്‍ കാണിക്കാതെ ഞാന്‍ നടന്നു മറഞ്ഞു…
നീയെന്‍റെ ഉത്തരം പ്രതീക്ഷിക്കില്ല എന്നെനിക്കറിയാമായിരുന്നു, എന്‍റെ ഇഷ്ടം നീ മനസിലാക്കിയിട്ടുള്ളതാണല്ലോ…
അതിനു ശേഷമാണ്, മാഞ്ഞ ഇലകളുള്ള മരത്തോപ്പിലൂടെ നമ്മള്‍ നടക്കാന്‍ തുടങ്ങിയത്,.. മരത്തോപ്പുകളോടുള്ള എന്‍റെ പ്രണയം കണ്ട് നീയെന്നെ കളിയാക്കി..
പക്ഷേ പറഞ്ഞാലും പറഞ്ഞാലും കൊതി വരാതെ, നടന്നാലും നടന്നാലും മതി വരാതെ ഈ
ജന്മം മുഴുവന്‍ ഈ മരത്തോപ്പിലൂടെ നിന്നോടൊപ്പം നടക്കാന്‍ എനിക്കിഷ്ടമായിരുന്നു.
കഴിഞ്ഞ മഞ്ഞുകാലം നിനക്കോര്‍മ്മയുണ്ടോ, ചാഞ്ഞ മരക്കൊമ്പില്‍ നീയെനിക്കു
വേണ്ടി ഊഞ്ഞാലിട്ടു തന്നത്, കോടമഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ പുലര്‍ക്കാലത്ത് ഞാന്‍ ഊഞ്ഞാലിലാടുമ്പോള്‍ നീയെന്‍റെ മുഖത്തേയ്ക്ക് മഞ്ഞു വീണ വെളുത്ത പൂക്കള്‍ വാരിയിട്ടത്……..
ഇന്നിപ്പോള്‍ നീ അലയുകയാണ്, ശാപമോക്ഷം തേടി… എന്‍റെ ആത്മാവിനെ ഉപേക്ഷിച്ച് നീ പോയ നാള്‍ മുതല്‍ ഞാനും അലയുകയാണ്, നിനക്കു വേണ്ടി,
ശാപമോക്ഷം കിട്ടി നീ തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയില്‍…
ഇവിടെ നിനക്കായി ഞാന്‍ വസന്തമൊരുക്കുന്നു,
ഇപ്പോള്‍ ഈ മരത്തിലെ ഇലകളെല്ലാം സ്വര്‍ണത്തില്‍ മുങ്ങിയ പോലെ…
കിളികളുടെ പാട്ട് എനിക്ക് നീ വരുമെന്ന സൂചന നല്‍കുന്നു…എന്‍റെയീ ആത്മതപം ഇനിയെത്ര നാള്‍…
ആ പഴയ നമ്മുടെ മരത്തോപ്പ് നീ മറന്നു പോയില്ലല്ലൊ, എനിക്കറിയാം ശാപമോക്ഷം
ലഭിയ്ക്കുന്ന അന്ന് നീയിവിടെ പാഞ്ഞെത്തുമെന്ന്…..
കണ്ണുകള്‍ക്ക് നീണ്ട നാളായി വിശ്രമം ലഭിച്ചിട്ട്, ഇല്ല വിശമം അതിന്, ആവശ്യവുമില്ല…. അലയാനാണെനിക്കിഷ്ടം… നിന്നെ തേടി അലയാന്‍ … ഈ
മരത്തോപ്പുകളില്‍ നീ വരുന്നതും കാത്തിരിക്കാന്‍…

No comments:

Post a Comment