Sunday, October 23, 2011

പുതിയ ലോകം

നീ എനിക്കു വേണ്ടി ഉരുവാക്കപ്പെട്ടതാണെന്ന് ഇന്നേ ദിവസം എന്നോടു പറയുന്നു.  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്നാണല്ലോ, നീ ഒരു പുതിയ ലോകം തേടി പറന്നത്.അറബിക്കഥയിലെ മാര്‍ബിള്‍ രാജകുമാരന്‍ നീയാണെന്ന് നിന്‍റെ സ്വപ്നങ്ങള്‍ അന്നേ വന്ന് എന്‍റെ ആത്മാവില്‍ സ്വകാര്യം ചൊല്ലിയിരുന്നുവോ... അറിയില്ല. എന്നും എന്‍റെ വേദനകളാണ്, നീ ഏറ്റു വാങ്ങിയിരുന്നത്, അന്നുമതേ, ഇന്നുമതേ. പക്ഷേ ഈ വേദനയുടെ മധുരം, ഞാന്‍ ഇന്നിരിക്കുന്നത് എത്ര വലിയ സ്വര്‍ഗ്ഗ കവാടത്തിലാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു.
കഴിഞ്ഞ ജന്മത്തിലെ ആ രാധാകൃഷ്ണ വിഗ്രഹത്തെ നീ ഓര്‍ക്കുന്നുണ്ടോ? നമ്മുടെ സ്വപ്നങ്ങളെ ഉണര്‍ത്തിയ നമ്മെ ഒന്നാക്കിയ ആ കള്ളക്കണ്ണന്‍. ഈ ജന്മത്തിലെ നമ്മുടെ കണ്ടുമുട്ടല്‍... അതും അവിടെയായിരുന്നു ആ കണ്ണന്‍റെ മുന്നില്‍... എന്തൊരു യാദൃശ്ചികതയാണ്, നമ്മുടെ ജീവിതത്തിന്, അല്ലേ...
ഇന്ന് എന്‍റെ തൊട്ടരികില്‍ നീയുണ്ട്... എന്‍റെ കയ്യകലത്തില്‍...
പക്ഷേ കണ്ണുകള്‍ കൊണ്ട് നീ ദൂരെയാകുമ്പോള്‍ എന്‍റെ ഹൃദയം വല്ലാതെ പിടയ്ക്കുന്നു, ഒരു പ്രണയഗാനത്തിനു എന്നെ ഭ്രാന്തിന്‍റെ വക്കോളമെത്തിക്കാന്‍ കഴിയും, നിന്നോടുള്ള പ്രണയം എന്നെ ശരീരമില്ലാത്തവളാക്കിമാറ്റും. അപ്പോള്- എന്‍റെ ഹൃദയം കുതിച്ചു പൊങ്ങുന്നത് എനിക്കറിയാം. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും എന്‍റെ കവിളില്‍ ചാല്‍കീറിയ നീര്‍ത്തുള്ളികള്‍ എന്നെ അറിയിക്കും.
വയ്യ ഒരു നിമിഷത്തെ വിരഹ വേദനപോലും താങ്ങാന്‍ എന്നെക്കൊണ്ടാകില്ല. പക്ഷേ ഞാന്‍ കാത്തിരിക്കും അടുത്ത ജന്മത്തില്‍ നമ്മള്‍ ആ മഞ്ഞ മരത്തോപ്പിലൂടെ നടക്കുന്നതിനു വേണ്ടി, എന്‍റെ ഒരേയൊരു മോഹം അതു മാത്രമാണല്ലോ..... അത് അടുത്ത ജന്മത്തില്‍ മതി....

No comments:

Post a Comment