ദീപാരാധന നട തുറന്നത് നിന്റെ നിറഞ്ഞ മുഖത്തേയ്ക്ക്...
പൂക്കള്‍ കൊണ്ടലങ്കരിച്ച വിഗ്രഹത്തിന്, നിന്റെ മുഖം.
നീ ഒരു സന്ന്യാസി, ലോകത്തെ ഉപേക്ഷിച്ച് ഹൈമവത ഭൂവില്‍ തിരയുന്നത് ആര്ക്കു വേണ്ടി?
നിന്റെ വഴികളില്‍ നടക്കാനാഗ്രഹിച്ച ഞാന്‍ തനിച്ചാണ്, അല്ലെങ്കിലും യാത്ര നിന്നെ തേടിയാകുമ്പോള് ഒറ്റയ്ക്കാകുന്നതു തന്നെ സുഖം. പര്‍വ്വതശിഖരത്തില്‍ ജനിമൃതികളുടെ ആഴം തേടിയലയുമ്പോള്‍ നിന്നോടൊപ്പമെത്തിച്ചേരാനാകാതെ എന്നാല്‍ ഒപ്പം നടക്കുന്നത് ഉള്ളു കൊണ്ട് മോഹിച്ച് ഞാന്‍ ...
നീ ഏകാന്ത സഞ്ചാരി...
ഇരുളടച്ച ഗുഹയില്‍ നീ ധ്യാനത്തിലാഴുമ്പോള് എനിക്ക് ലക്ഷ്യത്തിലേയ്ക്കുള്ള വഴി തുറന്നു കിട്ടിയെന്നര്ത്ഥം. ഒപ്പം നടന്നെത്താനായില്ലെങ്കിലും നീ തെളിച്ച വനപാതകള്‍ എനിക്കു വഴികാട്ടി തന്നെ.
ഒടുവില്‍ മഞ്ഞിലുരുകി, പ്രണയത്താല്‍ വിങ്ങി നിന്നിലെത്തുമ്പോള്‍ നീ അഗാധമായ മൌനത്തില്‍ പരന്നൊഴുകുന്നു...
ആരാധനയോടെ ഞാനര്ച്ചിച്ച പൂക്കളില്‍ എന്റെ തപത്തിന്റെ പുണ്യമുണ്ട്, പ്രണയത്തിന്റെ ചൂടുണ്ട്...
ഒരിക്കല്‍ നീയെന്നെ ശിരസ്സിലേറ്റു വാങ്ങും, നിന്നില്‍ നിന്ന് പുണ്യവതിയായി ഈ ലോകമാകെ ഞാന്‍ നിറഞ്ഞൊഴുകും...
എന്റെ കണ്ണുനീരില്‍ പാപമൊടുങ്ങിയ ഉടല്‍ജീവികള്‍ നമ്മെ നമിക്കും... ഞാനപ്പോഴും നിന്നില്‍ ഒരു നിറഞ്ഞ മിടിപ്പോടെ അലിഞ്ഞു ചേര്ന്നിരിക്കും.
No comments:
Post a Comment