Saturday, July 7, 2012

ഒരു ചുംബനം തരിക.....

എന്‍റെ മറുകുറിപ്പുകളില്‍ കണ്ണുകള്‍ പരതി ഒടുവില്‍ പതിയെ മിഴികളെ അടച്ച് മൌനത്തിലമര്‍ന്നു കിടക്കുമ്പോള്‍ എനിക്കറിയാം നീ വിങ്ങുന്നത്...
ഒരു വരി പോലും നല്‍കാനില്ലാതെ സ്വയം മടങ്ങുമ്പോള്‍
നിസ്സഹായതയുടെ മേലാടയില്‍ നീ സ്വയം മറഞ്ഞിരിക്കുന്നു...
എനിക്കും മൌനത്തിലമരാന്‍ കൊതി.....
നിര്‍വ്വികാരതയുടെ അതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ നിശബ്ദതയാണു മനോഹരം.
ഒന്നുണ്ട്....... ആത്മാവിന്‍റെ അടങ്ങാത്ത വിശപ്പ്...
നിലവിളി ഉച്ചത്തിലാകുമ്പോള്‍ ഒന്നു തൊട്ടു തലോടുക...
മുറിവിന്‍മേല്‍ ഒരു ചുംബനം തരിക.....
ഉടലുകൊണ്ടല്ല... ആത്മാവു കൊണ്ട്....

അരേ ഓ ഖവാലീ

അരേ ഓ ഖവാലീ
നീയൊരു സമചിഹനമാണ്,
എന്തിലേയ്ക്കെന്നോ?
എന്‍റെ പ്രണയത്തിലേയ്ക്ക്.
നീ തരുന്ന ചില അലോസരതകള്‍
ഒരുപക്ഷേ ഉന്‍മത്തതയിലേയ്ക്കു
നീളുന്ന വഴികള്‍ പോലെ.
ഉച്ഛസ്ഥായിയില്‍ അതിഭ്രാന്തമായി
നീ ധ്യാനത്തിന്‍റെ വക്കില്‍ ...
ഭ്രാന്തും ധ്യാനവും.....
അവയെ താരതമ്യപ്പെടുത്താനാകാതെ 
കേള്‍വി വലയുമ്പോള്‍
നീ നിന്‍റെ അവസാന ശ്വാസത്തിലും
പ്രണയത്തില്‍ ലയിച്ച് ചേര്‍ന്നു കൊണ്ടേയിരിക്കുകയാവും.

Thursday, June 28, 2012

മഴ വെറുതേ പെയ്യുന്നു.....

മഴ വെറുതേ പെയ്യുന്നു.....
ഒരു കനിവു പോലും കാട്ടാതെ ഹൃദയത്തിലേയ്ക്ക് നിന്നെ പെയ്യിച്ചു കൊണ്ട് തിമിര്‍ത്തു നിറയുകയാണ്, മഴവെള്ളം.
ഓരോ നിമിഷവും ഉള്ള്, പിടയുന്നത് നീയവിടെ നിറഞ്ഞു തുളുമ്പിയിരിക്കുന്നതു കൊണ്ട്...
മൂടിയ പ്രകൃതിയ്ക്ക് എന്‍റെ മുഖം...
ആ മൂടല്‍ സങ്കടത്തിന്‍റേതല്ല, മറിച്ച് തൊണ്ട വരെ തിങ്ങി വരുന്ന പ്രണയത്തിന്‍റെ പരവേശത്തിന്‍റേതാണ്.
ആനന്ദത്തിന്‍റെ പരകോടിയില്‍ ഞാന്‍ ആര്‍ത്തലയ്ക്കുന്നുണ്ട്...
എന്‍റെ പ്രിയനെ............. നീ നല്‍കുന്ന പ്രണയം എനിക്കു തരുന്ന ഊര്‍ജ്ജം അളവുകള്‍ക്കതീതം, ഒരുപക്ഷേ കാലത്തിനും...
പ്രണയത്തില്‍ കൊടുക്കല്‍വാങ്ങലുകള്‍ ഇല്ലത്രേ, പക്ഷേ നീ എന്നില്‍ തിരയുന്ന നിന്‍റെ ഭ്രാന്ത് ഓരോ മഴയും എന്നെ ഓര്‍മ്മിപ്പിക്കുന്നു....
ചില നേരങ്ങളില്‍ നിന്‍റെ തുടിപ്പ് എനിക്ക് തൊട്ടെടുക്കാവുന്നതു പോലെ...

Wednesday, June 27, 2012

ഞാനോ അതോ നീയോ?

എന്‍റെ ഉയിരിനേയും ഉടലിനേയും വിഴുങ്ങി നീ എവിടേയ്ക്കോ.....
തിരഞ്ഞു നടന്നു ആത്മാവ് പൊള്ളുന്നു....
ചിതറിത്തെറിച്ചു പോകുന്നത് ഞാനോ അതോ എന്നിലെ നീയോ?
ഒരു വലിയ മലയുടെ മുകളില്‍ ഞാന്‍ ധ്യാനത്തില്‍ ,
എനിക്ക് പ്രണയം ജീവശ്വാസം, ആത്മാവിന്‍റെ ഭക്ഷണം.
ധ്യാനിക്കുമ്പോള്‍ പോലും ഉരുവിടുന്ന മന്ത്രം "നീ........." എന്നു മാത്രം...
അഭിസംബോധനകളില്ലാതെ നീ എന്നിലേയ്ക്കെന്തോ മൌനത്തില്‍ ഉരുവിടുന്നു,
ഒട്ടൊരു നിലവിളിയോടെ ഞാനതു കേട്ടിരിക്കുകയും. മലയുടെ മുകളിലെ ഏകാന്തത എന്നെ കീഴ്പ്പെടുത്തും മുന്‍പ് നീ കടന്നു വരൂ.........
ചിരിയും കരച്ചിലും ഒരുമിച്ച് നിറയ്ക്കുന്ന എന്നിലെ ഭ്രാന്തിനെ ഒന്നു തലോടൂ......
ഇല്ലെങ്കില്‍ ഞാന്‍ മരവിച്ചു പോകും....
അക്ഷരങ്ങള്‍ എന്നെ ഉപേക്ഷിച്ച് മടങ്ങും. അനാദിയായ കാലപ്രവാഹത്തിലേയ്ക്ക് ഞാന്‍ കാല്‍ വഴുതി വീണു പോകും.
നിറങ്ങള്‍ യോജിച്ചവ ചേര്‍ത്തു സ്വപ്നങ്ങളാക്കും മുന്‍പ് ചായം കലങ്ങി പോകും...
നീയെവിടെ ആയിരുന്നാലും സുഖമായിരിക്കുക...
പക്ഷേ ഉയിരിനേയും ഉടലിനേയും കാര്‍ന്നു തിന്നുന്ന ഈ പ്രണയത്തെ നീ എന്നില്‍ നിന്നും അടര്‍ത്തി മാറ്റരുതേ.......
നിന്നില്‍ തുടങ്ങി നിന്നില്‍ അവസാനിക്കുന്ന ഒരു മൌനസഞ്ചാരം, അതിന്‍റെ പാത എന്നിലൂടെയാണെന്നു മാത്രം....

Friday, June 22, 2012

ഇടതുവശത്ത് ഒരു തരിപ്പ്...

ഇടതുവശത്ത് ഒരു തരിപ്പ്...
എന്തോ ആഴത്തില്‍ ഹൃദയത്തിലേയ്ക്ക് കുത്തിക്കയറുന്നതു പോലെ...
എന്‍റെ ഹൃദയം കുത്തിക്കീറി നീ എവിടെയോ മറയുകയും.
പെയ്തു പോകുന്ന മഴപ്പാതി പറയുന്നതു പോലെ, എനിക്ക് ആരാധനാലയങ്ങളില്ല, നമസ്കരിക്കാന്‍ മുന്നില്‍ വിഗ്രഹങ്ങളും ആവശ്യമില്ല. തുളുമ്പിയുരുകുന്ന പ്രണയത്തിലെല്ലാമുണ്ട്. നല്‍കാന്‍ മടിച്ച് നീയിരിക്കുമ്പോള്‍ നീയറിയുന്നുണ്ടോ, എത്ര വലിയ നോവാണ്, നീയെനിക്ക് നല്‍കുന്നതെന്ന്...
നോവുന്ന ഉള്ളിനോട് എന്തു പറയണമെന്നറിയാതെ നിന്നിലേയ്ക്കുറ്റു നോക്കി ഞാന്‍ ....
ഊര്‍ജ്ജത്തിന്‍റെ അത്യുത്സാഹത്തില്‍ എന്നില്‍പടര്‍ന്നു കയറുന്ന മരവിപ്പ് ഉടലിനെയാകെ നൊമ്പരപ്പെടുത്തുന്നു.
ഇടയ്ക്ക് നീ നല്‍കിയ വരികളെ ഇളം റോസ് നിറമുള്ള പുഷ്പങ്ങളാക്കി അതിന്‍റെ സുഗന്ധം എന്നിലേയ്കിറ്റിയ്ക്കുമ്പോള്‍, അപ്പോള്‍ അപ്പോള്‍ മാത്രം ഞാന്‍ എടുത്തു ചാടുന്ന ഉയരം... ഒരു വലിയ മലയുടെ മുകളില്‍ നിന്നും താഴേയ്ക്ക്...
പേടിക്കണ്ട...
ഞാനിപ്പോള്‍ അതേ അവസ്ഥയിലെന്ന് പറഞ്ഞുവെന്നേയുള്ളൂ..

Thursday, June 21, 2012

മുഖപുസ്തകത്താളില്‍ പ്രണയം പരന്നൊഴുകി...

ഇന്നു ഹൃദയം വല്ലാതെ പുകയുന്നു....
നീ മൌനത്തിലിരിക്കുന്നതിന്‍റെ ചൂട് പൊള്ളിക്കുന്നതു കൊണ്ട് മുഖപുസ്തകത്താളില്‍ ഇന്ന് പ്രണയം പരന്നൊഴുകി...
കണ്ണുകള്‍ക്കു മുന്നില്‍ വന്ന വെളുത്ത പാട കാഴ്ച്ചകളെ മറയ്ക്കുന്നതുകൊണ്ട് മറുകുറിപ്പുകള്‍ കണ്ണിലുടക്കിയില്ല. തിരഞ്ഞത് നിന്നെ മാത്രമായിരുന്നല്ലോ...
നീ വായിക്കാനില്ലാതെ എന്തിനീ കുറിപ്പുകള്‍ ...
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തെരുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ എപ്പോഴെങ്കിലും ഒരു നീറ്റല്‍ ഉള്ളില്‍ തൊടുന്നെങ്കില്‍ ഓര്‍ക്കുക, അത് എന്‍റെ പ്രണയം നിന്നെ തലോടുന്നതെന്ന്....
വഴിവിളക്കുകള്‍ ഇപ്പോള്‍ പ്രകാശം വീണ്ടെടുത്തിട്ടുണ്ടാകുമല്ലേ...
യാത്രകളിലെ ഏകാന്തതയില്‍ ഒരു കടല്‍ദൂരം ഇരുന്ന് നിനക്കായ് നോവുന്ന മൌനത്തെ നിന്‍റെ ഹൃദയം നിനക്ക് ഓര്‍മ്മപ്പെടുത്താതിരിക്കില്ല.
എന്‍റെ കഥയില്‍ കഥാപാത്രങ്ങള്‍ സഞ്ചരിച്ച വഴികളിലൂടെ അതിലൊരു കഥാപാത്രമായ നീ വീണ്ടും...
കാണാത്ത ദൂരങ്ങള്‍ എന്നിലുണ്ടെങ്കിലും എന്‍റെ പ്രണയമുണ്ട് നിന്നോടൊപ്പം, നിന്‍റെ വഴികളില്‍ ...
തിരക്കാര്‍ന്ന നഗരപാതകളില്‍ ...

Sunday, June 17, 2012

വാന്‍ഗോഗ്.........

നിന്‍റെ നാമം തിരക്കി ഞാന്‍ ഏറെ അലഞ്ഞു...
മുള്‍പ്പാതകള്‍ പിന്നില്‍ നിറയെ...
നീ പേരില്ലാത്തവന്‍ ....
ഒരു വിളിയിലൊതുക്കാതെ മൌനം കൊണ്ടു നീയെന്നോട് ഉരിയാടുന്നു.
എന്‍റെ വഴിയില്‍ ഒരു താമരയിതള്‍ കാത്തു കിടക്കുന്നു
നീ എനിക്കായി കുറിച്ച കവിത....
അവസാനം ഒപ്പിനു പകരം നിന്‍റെ പേര്...
വാന്‍ഗോഗ്.........
നീ....... നീ തന്നെയോ അത്..........
കഴിഞ്ഞ പിറവിയില്‍ നീ തന്ന സമ്മാനം ഇന്നുമെന്നെ മുറിവേല്‍പ്പിക്കുന്നുണ്ട്...
നിറക്കൂട്ടുകള്‍ കൊണ്ട് നീയൊരുക്കിയ സൌധം പൊടിയണിഞ്ഞ് നിഴല്‍ വീണ്, മങ്ങിപ്പോയി....
നാം യാത്രയിലാണ്...
അങ്ങു ദൂരെ നീ നിറം കൊടുത്ത സൂര്യകാന്തി ചിരിക്കുന്നു...
അവയുടെ പൂന്തോട്ടം തേടിയാണല്ലോ സഞ്ചാരം...
എനിക്കു മുന്നേ നടന്നു മറഞ്ഞവന്‍ നീ...
ഞാന്‍ പിന്നിലുണ്ടെന്ന വിശ്വാസത്തില്‍ തിരികെ നോക്കാതെ അതിവേഗത്തില്‍ നീ മരഞ്ഞു പോയി.
നീ അവശേഷിപ്പിച്ച തണലുകളില്‍ ശ്രദ്ധിച്ച് ഞാനും ഒപ്പമുണ്ട്...
രക്തം പുരണ്ട നിന്‍റെ സമ്മാനം എന്‍റെ ചെപ്പിലെ രഹസ്യ അരയില്‍ ഇപ്പോഴും മൌനമണിഞ്ഞ് കിടക്കുന്നു,
ഇത്തവണ ഊഴം എന്‍റേത്...
ഞാന്‍ ആലോചനയിലാണ്, മുറിഞ്ഞു പോയ നിന്‍റെ കേള്‍വിയ്ക്കു പകരം എന്‍റെ കാഴ്ച്ച മതിയാകുമോ...........
ജന്‍മങ്ങളുടെ നോവുകള്‍ മൂടിയ മിഴികളെ ഇനിയും അവശേഷിക്കുന്നത് നീണ്ട വഴി മാത്രം.....
നീ നടന്നു തീര്‍ത്ത ഈ വഴി........

Thursday, June 14, 2012

ഒരു ഗുല്‍മോഹര്‍

ഒരു ഗുല്‍മോഹര്‍ പൂവില്‍ നീയെന്നെ കണ്ടു നിറയുക...
ഒരു പൂവിതളെടുത്ത് തലോടുമ്പോള്‍ ഇറുന്നു വീഴുന്ന എന്‍റെ ഹൃദയരക്തത്തുള്ളികള്‍ കാണാതെ പോകരുത്...
ചുവന്നു കൂമ്പിയ മൊട്ടില്‍ എന്‍റെ പ്രണയം കാണാതെ പോകരുത്.
പൂവിനുമപ്പുറം ,ഗുല്‍മോഹര്‍ തോട്ടങ്ങള്‍ക്കുമപ്പുറം നിന്നെ കാതോര്‍ത്ത് വഴുക്കലുള്ള പാറപ്പുറത്ത് അഭയാര്‍ത്ഥിയായി ഞാന്‍ ഇരിക്കുന്നു. എന്‍റെ പാദങ്ങള്‍ ചുവന്ന് കരുവാളിച്ചു പോയി
മൊഴിയോ ഇടറിയൊടുങ്ങി.
കണ്ണുകളില്‍ കാര്‍മേഘങ്ങള്‍ പടര്‍ന്നു കയറുന്നു.
ആത്മയാനം പ്രതീക്ഷിച്ച് കാത്തിരിപ്പ് അനന്തതയിലേയ്ക്ക് മിഴികള്‍ പായിച്ച് ഒറ്റയ്ക്കുള്ള തപം.
ഈ ഗുല്‍മോഹര്‍ പൂവ്, നിന്‍റെ വഴികാട്ടി, എന്നിലേയ്ക്കെത്താനുള്ള പാത...
വരൂ........... കാത്തിരുന്ന് ഞാന്‍ തളര്‍ന്നു, നീയില്ലാതെ ഒറ്റയ്ക്ക് എന്‍റെ യാത്ര അപൂര്‍ണം.
ഇനിയെനിയ്ക്കുറപ്പുണ്ട്, നിന്‍റെ വഴികളിലെവിടെയോ ഒരു ഗുല്‍മോഹര്‍ പൂത്തിട്ടില്ലേ...
അതുകൊണ്ടു തന്നെ എന്‍റെ അത് നിന്‍റെ വഴികാട്ടിയായതും, നമുക്കിടയിലെ പ്രണയത്തിന്‍റെ തീക്ഷ്ണത പോലെ....

Monday, June 11, 2012

ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടവള്‍ ...

വലിയൊരു നിശബ്ദതയെ ഉള്ളിലൊതുക്കി നീറി നീറി വയ്യാതെയായി.
ഉള്ള്, നൊന്തിരിക്കേ നീയെവിടെയോ ദിക്കറിയാതെ അലയുകയും....
എന്‍റെ നിയതികള്‍ തിരുത്തപ്പെടുകയോ....
ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടവള്‍ ...
അവര്‍ എന്‍റെ വഴിയൊരുക്കുന്നു, എന്നിലേയ്ക്ക് എപ്പോഴും മിഴികളയച്ച് ഇരിക്കുകയും.
നമ്മുടെ പ്രണയത്തെ തുലാസിലളന്ന് പകരം കണ്ണുനീര്, ദാനം ചെയ്യുന്നവര്‍ .
ഞാനൊരു യാത്രയ്ക്ക് തയ്യാറകട്ടെ...
നിന്നില്‍ നിന്ന് ഒട്ടും ദൂരെയല്ല എന്‍റെ ലക്ഷ്യം, പക്ഷേ വഴികള്‍ ഒരുപക്ഷേ എന്നെ ആളുന്ന തീയില്‍ ഉരുക്കിയേക്കാം. പക്ഷേ ഏത് ഇരുട്ടില്‍ ,ആഴമറിയാതെ കിടന്നാലും നീ തന്നെ എന്‍റെ പ്രണയപ്പാതി.
ആത്മാവിന്‍റെ മുറിവ്...
എത്ര മൌനത്തിന്‍റെ ആഴത്തില്‍ മറഞ്ഞാലും, ഞാന്‍ നിന്നെ അതി ഗാഡ്ഡമായി പ്രണയിച്ചു കൊണ്ടേയിരിക്കും.
എന്‍റെ വഴികളില്‍ നിന്നു നീ മറഞ്ഞാലും നിശബ്ദമായി നിന്നെ ആരാധിച്ചു കൊണ്ടേയിരിക്കും.
എനിക്കാരാധന വിശ്വാസത്തെ ഇറുകെ പിടിക്കുന്ന ആലയങ്ങളോടല്ല, അതിനുള്ളിലെ അഗ്നി പാറുന്ന ബിംബങ്ങളോടുമല്ല, എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തോടു മാത്രം. നിന്നില്‍ നിന്ന് എന്നിലേയ്ക്ക് തുളുമ്പിയൊഴുകുന്ന ഊര്‍ജ്ജത്തിന്, എന്നെ പടര്‍ത്താനാകും, തളര്‍ത്താനും.
ഒന്നേ എനിക്കു വേണ്ടൂ,
അഗാധമായി മിടിയ്ക്കുന്ന നിന്‍റെ ഹൃദയത്തില്‍ ഒരു തുടിപ്പായി എന്നെയും ചേര്‍ക്കുക...
ആത്മാവിന്‍റെ മുറിവില്‍ എന്നെ ചേര്‍ക്കുക, അങ്ങനെ നിന്നെ പൂര്‍ണനാക്കുക...

Thursday, June 7, 2012

നീ ഒരു സഞ്ചാരി

നീ ഒരു സഞ്ചാരി
ഇരുണ്ട മനസ്സുകളിലെ നിഴലുകളെ വിശുദ്ധമാക്കി നീ യാത്ര തുടരുക. മഞ്ഞു മലയും മഴമേടുകളും കടന്ന്, അങ്ങ് ദൂരെ സൂര്യനസ്തമിക്കാത്ത നാട് നിന്‍റെ വരവില്‍ പുളകം കൊള്ളും, ഉള്ള്, ഇവിടെ ഇരുന്ന് നന്‍മകള്‍ നേര്‍ന്നാലും അതിന്‍റെ ഒഴുക്ക് പ്രകാശ ദൂരം വരെ താണ്ടി അലയും.
ഇവിടെ നീ എനിക്കു നല്‍കിയ തുടിപ്പ് എണ്ണമറ്റ കോശങ്ങളായി പെരുകി വീര്‍ക്കുന്നു.
വേദനയില്‍ തുടുക്കുമ്പോഴും നിന്‍റെ ഒരു തലോടല്‍ എന്നെ ചിരിപ്പിക്കുന്നു.
കവിത കരഞ്ഞു പിറക്കുന്നു എന്ന് ആരോ എഴുതിയത് എത്ര ശരിയെന്ന് അറിയുന്നു...
ഇത് എന്‍റേതല്ല, നിന്‍റേതുമല്ല, നമ്മുടെ പ്രണയത്തിന്‍റെ പുസ്തകം. നിനക്കായി ഞാന്‍ സമ്മാനിക്കുന്ന എന്‍റെ ഹൃദയം...
നിന്‍റെ യാത്ര തുടരട്ടെ...
ഞാനിവിടെ നിനക്കായി പ്രാര്‍ത്ഥനയോടെ കവിതകളില്‍ സ്വയം തിരയുകയും...

പ്രാണനും പ്രണവവും നീ തന്നെ ..

നീയെന്നില്‍ തുളുമ്പിയിരിക്കുന്നതു കൊണ്ടാവാം അക്ഷരങ്ങളെന്നില്‍ നിറയാത്തത്.
പറയാനുള്ളതൊക്കെ ഉള്ളിലുള്ള നിനക്കു മുന്നില്‍ മൌനത്തിലലിഞ്ഞു പരന്നൊഴുകുന്നു.
പക്ഷേ ഇന്നെന്തോ ഒരു വിറയില്‍ , ഞരമ്പുകള്‍ക്ക് വല്ലാത്ത പിടി വലി...
ഹൃദയം പൊന്തി വരുന്നതു പോലെ, ശ്വാസം കിട്ടാതെ പ്രാണന്‍ പിടയുന്നത് നീയറിയാതെയല്ലല്ലോ, ഉള്ളില്‍ നിന്‍റെ ആത്മാവ് എനിക്കായി  തുടിയ്ക്കുന്നത് എനിക്കറിയാം അപ്പോഴൊക്കെ എന്നില്‍ ആഴത്തിലുള്ള കുതിച്ചു കയറ്റമുണ്ടാകും.
ഒരു എരിഞ്ഞു കയറ്റം , ഞരമ്പുകള്‍ തടിച്ചു വീര്‍ത്ത് ചിലപ്പോള്‍ കണ്ണുകള്‍ക്കു മുന്നില്‍ വെളുത്ത പുക മാത്രം.....
ഒരു മഹാമൌനത്തിന്‍റെ ആഴത്തില്‍ എത്രയോ ആഴത്തില്‍ നാം മുങ്ങിക്കൊണ്ടേയിരിക്കുന്നു, ചിലപ്പോള്‍ ദിക്കറിയാതെ, ചിലപ്പോള്‍ ലക്ഷ്യമില്ലാതെ...
എങ്കിലും എനിക്കറിയാന്‍ കഴിയുന്നുണ്ട്, അതി ഗാഡ്ഡമായി എന്നെ ഉറ്റു നോക്കുന്ന നിന്‍റെ മിഴികളെ...
ചേര്‍ത്തു വയ്ക്കാന്‍ കൊതിച്ചിട്ടുള്ള വിരലുകളെ...
എനിക്ക് വീണ്ടും വിറയ്ക്കുന്നു..........
ഇത്ര ആഴത്തില്‍ എന്നെ പ്രണയിക്കാതിരിക്കൂ...
ഒരു വിരലകലത്തില്‍ നീയുണ്ടെങ്കില്‍ പോലും നിശബ്ദമായ നോവ് പകരാതിരിക്കൂ......
അല്ല !!! നീയെന്തറിയുന്നു.......... നീയെന്നെയുരുക്കുന്നത് ഒരുപക്ഷേ നീ പോലും അറിയുന്നുണ്ടാവില്ല...
അത്ര അഗാധതയിലിരുന്നല്ലേ മന്ത്രണങ്ങള്‍ ...
പ്രാണനും പ്രണവവും നീ തന്നെ ..
പ്രണയവും നീയും ഒന്നു തന്നെ...
അപ്പോള്‍ ഞാനോ... നിന്നിലുരുകി ചേര്‍ന്ന തുടിപ്പ്.....
നിന്നില്‍ തുടങ്ങി നിന്നിലൊടുങ്ങുന്ന നിശ്വാസങ്ങള്‍ ...
ഒരു നിശ്വാസത്തിന്‍റെ ദൈര്‍ഘ്യം മതി എനിക്ക്, അതു നിനക്കു വേണ്ടിയാകുമ്പോള്‍ ഒരു ജന്‍മം കൊഴിഞ്ഞു പോകുന്നത് മധുരമാണ്...
നിന്നിലൂടെയാകുമ്പോള്‍ ഇനി ജന്‍മങ്ങളില്ലാത്ത പോലെയും...

Thursday, May 31, 2012

അദ്വൈതമെന്ന് ചിലര്‍ ...

പ്രണയം ഒരു വീഞ്ഞു പോലെ, ഊര്‍ജ്ജത്തിന്‍റെ പരകോടിയില്‍ നീ ഒരു ചൈതന്യമായി തുളുമ്പി എന്നില്‍ വിലയിക്കുന്നു.
അലച്ചിലിന്‍റെ ഓര്‍മ്മകളില്‍ നിനക്ക് എന്നെ നഷ്ടമാകുന്നുവോ?
ഒരു വാക്കിന്‍റെ നഷ്ടം നിന്നില്‍ എത്ര ആഴത്തില്‍ പതിക്കാനാണ്?
പക്ഷേ ആ വരിയുടെ ആഴം എന്നെ നിറയ്ക്കും. പ്രണയം പരന്ന് എന്നെ ലോകത്തോളമുയര്‍ത്തും.
നീ സ്വയം പഴമയില്‍ ഇടം തേടുന്നു.. ആത്മപാതയില്‍ എന്നേ നിന്നോടൊപ്പമുണ്ടെന്നറിയാതെ എന്നെ നീ വിദൂരതയില്‍ നിന്നു മാത്രം കാണുന്നു.
ആയിക്കോളൂ, ഈ നിശബ്ദതയെ ഇപ്പോള്‍ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു...
ഞാനും മൌനത്തില്‍ എന്നെയൊതുക്കാന്‍ ശ്രമിക്കുന്നു... 
പലപ്പോഴും പരാജയത്തിന്‍റെ വക്കോളം ചെന്നിട്ട് നിന്നെ നോക്കി അതിലോലമായി മന്ദഹസിച്ച് ഉള്ളില്‍ നേര്‍ത്തൊരു നോവു പേറി അനാദിയായ ആ നാദത്തിലേയ്ക്കു തന്നെ ഒടുവില്‍ മടക്കം. 
ആ നാദത്തിന്, എന്നെ ധ്യാനത്തിലാക്കാന്‍ കഴിയും ആ ലോകത്ത് എപ്പോഴും പകല്‍ മാത്രം, നീണ്ടു പരന്നു കിടക്കുന്ന ആഴമുള്ള കാട്... എന്‍റെ മനസ്സു പോലെ...
അവിടെവിടെയോ നീ................
അതോ എന്‍റെ തോന്നലോ...
എന്നില്‍ തന്നെയുള്ള ഒന്ന് എങ്ങനെ മറ്റൊന്നില്‍ .........
ഞാന്‍ മറന്നു,... നീയും ഞാനും ഒന്നാകുമ്പോള്‍ ഈ പ്രപഞ്ചമാകെ നമ്മെ തന്നെ കണ്ടാലും അതിശയിക്കാനില്ല..... 
അത് അദ്വൈതമെന്ന് ചിലര്‍ ...
എനിക്കിത് പ്രണയം .... നിന്നോടുള്ള അതി തീവ്രമായ പ്രണയം....

Tuesday, May 29, 2012

ദീപ്തമായ എന്‍റെ പ്രണയവും....

കനം തിങ്ങി നിന്ന ഹൃദയം മഞ്ഞില്‍ വീണതു പോലെ.....
ഞാനറിഞ്ഞിരുന്നു, നിന്‍റെ മൌനത്തിന്‍റെ ദൈര്‍ഘ്യം...
ഉള്ളിന്‍റെ മരവിപ്പ് ഉരുകി വീഴുന്നു...
നിശബ്ദമായി ഞാന്‍ ഭക്ഷിച്ചു കൊണ്ടിരുന്ന വിങ്ങലിനെ നീ കടലായി വന്ന് ദൂരേയ്ക്കകറ്റി.
ഉള്ളിലുലഞ്ഞ നെരിപ്പോടിനെ നിന്‍റെ പ്രണയം കൊണ്ട് കുളിര്‍പ്പിച്ചു.
ഇന്നെനിക്ക് പൊട്ടിച്ചിരിക്കണം, നീയെന്നില്‍ നിറയ്ക്കുന്ന ഉന്‍മാദത്തിന്‍റെ തുളുമ്പലില്‍ പുതിയ പ്രണയകാലം സ്വപ്നം കാണണം...
അക്ഷരങ്ങളില്‍ നിന്നെ നിറയ്ക്കാനായി ഞാനലയുന്നു... നീയോ വാക്കുകള്‍ക്കപ്പുറം നിന്ന് എന്നെയുറ്റു നോക്കുന്നു...
മൌനമാണ്, ഉദാത്തഭാഷ...
ഇനിയും എനിക്കു നിന്നെ നഷ്ടമാകാന്‍ വയ്യ.........
ഞാന്‍ നീണ്ട തപത്തില്‍ ...
മൌനവ്രതം നോറ്റ്, ഏകാന്തഭൂമിയില്‍ ധ്യാനത്തിലിരിക്കട്ടെ...
എന്‍റെ തപത്തിന്‍റെ ചൈതന്യം, അത് എന്നില്‍ നിറഞ്ഞു തുളുമ്പുന്ന നിനക്ക്...
ദീപ്തമായ എന്‍റെ പ്രണയവും....

നീ എന്നോട് ക്ഷമിക്കൂ...

എഴുതാതിരിക്കാന്‍ നോക്കി, പറ്റുന്നില്ല.....
വരികളെ നിന്‍റെ ഹൃദയത്തില്‍ ഇടിപ്പിക്കരുതെന്നു തോന്നി, അതിനും കഴിയുന്നില്ല.
പ്രണയം അങ്ങനെയത്രേ, മനസ്സിനപ്പുറം നിന്ന് ഉടലിനെ നിയന്ത്രിക്കും. ആത്മാവിലേയ്ക്ക് സ്വയം പാഞ്ഞടുക്കും.
നീ എന്നോട് ക്ഷമിക്കൂ...
ഞാന്‍ പലപ്പോഴും ഇങ്ങനെ സ്വയമറിയാതെ , ഒരു ഭ്രാന്തിയേ പോലെ....
ഉള്ള്, നിറഞ്ഞ് പൊട്ടാറായി... പലപ്പോഴും മിഴിയരുകില്‍ വരുന്ന നീര്‍ത്തുള്ളി ഉള്ളിലെ ചൂടില്‍ ആവിയായി പ്രകൃതിയിലേയ്ക്ക്...
ചിരികളും ചിന്തകളും മൂടിക്കെട്ടിയ ആകാശം പോലെ നില്‍ക്കുന്ന മനസ്സിനെ തൊടുന്നതേയില്ല. മുഖം മനസ്സിന്‍റെ കണ്ണാടിയെന്നൊക്കെ വരികള്‍ വെറുതേ പിറക്കുന്നു... അര്‍ത്ഥമില്ലാത്ത ജല്‍പ്പനങ്ങള്‍ പോലെ...
നിന്നെ തേടിയലയുന്ന മറ്റൊരുവള്‍ എന്നില്‍ ഉണ്ടായതുകൊണ്ടാവാം ആ വിതുമ്പല്‍ അവള്‍ ഏറ്റു വാങ്ങുന്നുണ്ട്, ഞനിവിടെ സുരക്ഷിതയും.
പക്ഷേ ആത്മാവ് വീര്‍ത്തു നിറഞ്ഞു തുളുമ്പില്ല, ഒറ്റ സ്ഫോടനമേ ഉണ്ടാകൂ. അതിലൊരു പക്ഷേ ഇല്ലാതാകുന്നത് ഞാനാവില്ല... എന്നിലെ നിന്‍റെ പ്രണയിനി....
പക്ഷേ ഉടല്‍ കൊണ്ട് എനിക്കവളോട് കാരുണ്യം, അതിനാല്‍ തന്നെ എന്നിലേയ്ക്കുരുകി മറയുന്ന അവളെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല...
പ്രകാശമില്ലാത്ത തണുത്ത തറയില്‍ ഉള്ളില്‍ നിന്നെ നിറച്ച് , മൌനം അണിഞ്ഞ് ഞാന്‍ ഉറങ്ങും... അതിഗാഡ്ഡമായ ഉറക്കം...

Monday, May 28, 2012

മോക്ഷം...

എത്ര നാള്നിനക്ക് നിശബ്ദനായി തുടരാനാകും? എനിക്കറിയില്ല.
ഓരോ നിമിഷത്തിലും ഞാനുരുകി തീര്ന്നു കൊണ്ടിരിക്കുക തന്നെ. എങ്കിലും മൌനത്തിന്, ഒരു സുഖമുണ്ട്...
മെഴുകുതിരിയായി തെളിഞ്ഞ് മെഴുകായി മാറുന്നതിലല്ല, അഗ്നിപര്വ്വതമായി തിളച്ച് ലാവയായി ജ്വലിക്കുന്നതിലാണ്, പ്രണയത്തിന്റെ ദീപ്തതലം.
പക്ഷേ അതിന്റെ ആഴം സൃഷ്ടിക്കുന്ന മരവിപ്പ് ആത്മാവിനെ കടന്ന് പോകുന്നു. ആള്ക്കൂട്ടത്തിനിടയിലും ഏകാന്തമായി ഞാന്ധ്യാനിക്കുന്നു.
ജനക്കൂട്ടമൊഴിയുമ്പോള്നിന്നെയോര്ത്ത് നൊമ്പരപ്പെടുകയും.
മൌനത്തിലൂടെ ഞാന്തീര്ത്ഥയാത്ര നടത്തുമ്പോള്എന്നില്നീ മാത്രമേയുള്ളൂ,
വെറുതേ അക്ഷരക്കൂട്ടങ്ങളെ പടച്ചു വിട്ടിട്ടെന്ത്... വായിക്കാന്നീയില്ലെങ്കില്അക്ഷരങ്ങള്വെറും കോമാളികള്‍ ... എനിക്ക് എന്നോടു തന്നെ ലജ്ജ തോന്നുന്ന വെറും കോമാളി അക്ഷരങ്ങള്‍ ..
കുറിപ്പുകളെ മടക്കാന്കഴിയില്ലെന്ന ബോധത്തില്അത് നിന്നിലേയ്ക്ക് പുഴ താണ്ടി എത്തുന്നു...
ഓര്മ്മിക്കാം, ഓമനിക്കാം ... നേര്ത്തൊരു വിങ്ങലോടെ വരികളിലെന്നെ തിരിച്ചറിയാം.
ഉള്ളില്മറ്റൊരുവളേയും ചുമന്ന് നാളുകളേറെയായില്ലേ ഞാന്അലയുന്നു...
അവള്ക്കും വേണം മോക്ഷം...
അക്ഷരങ്ങളിലൂടെ....
നീ തലോടുന്ന എന്റെ വരികളിലൂടെ...

Sunday, May 27, 2012

ആത്മാവിന്‍റെ ഇതള്‍ പൊഴിയല്‍ .........

ഞാന്‍ ആരേ തേടിയാണ്, അലയേണ്ടത്?
നീ പാതിവഴിയിലുപേക്ഷിച്ച ഞാന്‍ പൊള്ളുന്ന വെയിലില്‍ തലകുമ്പിട്ട്.......
എനിക്കു ബാധിച്ക ഇരുണ്ട നിറമുള്ള കുഷ്ഠത്തെ ലേപനങ്ങള്‍ തേച്ച് ഒഴിവാക്കാതെ,
എന്നിലേയ്ക്കു തന്നെ ഉള്‍വലിഞ്ഞ്...
ഞാനൊരു നാടോടി... ദേശങ്ങള്‍ അലഞ്ഞ് ഹൃദയത്തില്‍ രക്തപ്രസാദമില്ലാതെ അലയാന്‍ വിധിക്കപ്പെട്ടവള്‍
മുറിവേറ്റ ആത്മാവിനെ ഒളിപ്പിക്കാന്‍ ഇടങ്ങളില്ലാതെ എത്ര നാള്‍ അലയും....
ഇനി മോഹം യുളീസസിന്‍റെ യാത്ര...
പേരറിയാത്ത രാജ്യത്തെ ആ സ്വാദുള്ള പഴം കൊണ്ട് വിശപ്പാറ്റണം,
ദിക്കറിയാതെ ദിശയറിയാതെ ലോകം മുഴുവന്‍ മറന്ന് അലഞ്ഞു തിരിയണം...
തലയിലൊരു നെരിപ്പോടമരുന്നു....
വേകുന്ന കനല്‍ച്ചോറു തിന്നാന്‍ കഴുകന്‍മാരുടെ കടിപിടി...
സ്വമറിയാതെ അലയുന്നവള്‍ക്ക് കഴുകന്‍മാരോട് എന്തു വൈരാഗ്യം?
എന്‍റെ ജീവനെ നീയൂറ്റിക്കൊള്‍ക...
ഹൃദയത്തെ ഭക്ഷിച്ചു കൊള്ളുക...
എന്നിട്ടും വിശപ്പടങ്ങുന്നില്ലെങ്കില്‍ മറവിപ്പ്ഴം തിന്നു ചീര്‍ത്ത എന്‍റെ തലച്ചോര്‍ ഞാന്‍ ദാനമായി നല്‍കാം...
പിന്നെ യാതൊന്നുമില്ലല്ലോ... ഇഹപരമില്ലാത്തൊരു കൊഴിഞ്ഞു വീഴല്‍ ... ആത്മാവിന്‍റെ ഇതള്‍ പൊഴിയല്‍ .........

Saturday, May 26, 2012

എന്‍റെ മംഗളക്കുറിപ്പ്.........

എന്‍റെ വഴികള്‍ , ചിന്തകള്‍ ഒക്കെ തെറ്റായിരുന്നൂ... പ്രണയമാണ്, ലോകം എന്നു കരുതിയ വിഡ്ദിയായിപ്പോയി ഞാന്‍ ... അതിന്‍റെ അഹങ്കാരത്തില്‍ ആകാശം മുട്ടി നടന്നു......
പാഠങ്ങള്‍ പഠിക്കാന്‍ ഇനിയും ബാക്കി...
തകര്‍ന്നു വീണത് എന്‍റെ സ്വപ്നങ്ങള്‍ മാത്രമല്ല, ചിതറിപ്പോയ ആത്മാവിനെ കൂട്ടി വയ്ക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുക്കുന്നു...
നിലവിളിച്ചു കൊണ്ടിരിക്കാനാണ്, ആത്മാവിനു നിയോഗം.
നീ എന്നെ വലിച്ചെറിഞ്ഞ നിരാസത്തിന്‍റെ പടുകുഴിയില്‍ നിന്ന് പിടച്ചില്‍ മാറാതെ ഞാന്‍ വിതുമ്പുന്നു...
ഇടയ്ക്കിടെ തുളുമ്പുന്ന കണ്ണുകള്‍ ആര്‍ക്കും ബാദ്ധ്യതയാകാതെ ഞാനെന്നെ മറയ്ക്കുന്നു...
ഞാന്‍ നിനക്ക് സൃഷ്ടിക്കുന്ന അലോസരത്തേക്കാള്‍ നീയെന്നിലുണ്ടാക്കുന്ന വീര്‍പ്പുമുട്ടല്‍ എത്ര ആഴമേറിയതെന്ന് നീ ഒരിക്കലും അറിഞ്ഞിട്ടില്ല. പക്ഷേ നിന്നോടുള്ള പ്രണയം അതെനിക്ക് താങ്ങായിരുന്നു, ലോകത്തെ നേരിടാന്‍, അക്ഷരത്തെ ചേര്‍ത്തു പിടിക്കാന്‍ ...
ഒരിക്കല്‍ പോലും എന്‍റെ വിങ്ങലില്‍ നീയെന്നെ ആശ്വസിപ്പിച്ചില്ല... പലപ്പോഴും ഒരു വാക്കില്‍ നിനക്കതിനു കഴിയുമായിരുന്നു...
പക്ഷേ.......... ഇനി വേണ്ട.....
നിനക്കൊരു ബാദ്ധ്യതായി ഞാന്‍ മാറുമോ എന്ന് എനിക്ക് ഭയമുണ്ട്...
അതുകൊണ്ട് എന്‍റെ യാത്ര ഞാന്‍ ഇവിടം കൊണ്ട് നിര്‍ത്തട്ടെ....
മറുപടിയിലലത്ത ചോദ്യങ്ങള്‍ എനിക്കു വേദനയാകുമോ എന്ന് ഭയന്ന് നീ മാറ്റി വയ്ക്കുന്നു...
പേടിക്കണ്ട...
ഇനി നിനക്ക് ഉത്തരങ്ങള്‍ നല്‍കേടി വരില്ല... ചോദ്യങ്ങള്‍ വീര്‍പ്പു മുട്ടിക്കില്ല.
എന്‍റെ സഞ്ചാരം നിശ്ചയിച്ചത് ഈശ്വരനെങ്കില്‍ അത് തുടരുക തന്നെ, പക്ഷേ വഴികള്‍ ഇനി അദ്ദേഹത്തിന്‍റെ അടുത്തേയ്ക്കു തന്നെ നീണ്ടു പോകട്ടെ....
ആത്മാവിന്‍റെ തീര്‍ത്ഥാടനം... പ്രണയത്തിന്, ഇരിക്കപിണ്ടം വച്ച് നീണ്ടൊരു തീര്‍ത്ഥാടനം...
കരുണ കൊണ്ട് എന്നെ നോക്കുന്ന ആ പ്രകാശത്തിന്‍റെ സാന്നിദ്ധ്യത്തിലേയ്ക്ക്...
പക്ഷേ ഒന്നു പറയട്ടെ, നീ തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും എന്‍റെ പ്രണയത്തിന്‍റെ ആഴം പറയാനാകുന്നതിലും അധികമായിരുന്നു...
അതുകൊണ്ടു തന്നെ നിന്നോടുള്ള പ്രണയം എന്‍റെ ജീവശ്വാസമാവുകയും...
പക്ഷേ ഇനി ഒരിക്കല്‍ നിന്‍റെ വഴികളില്‍ വരാതെ ഞാന്‍ അകന്നു നിന്നോളാം...
പ്രണയം അങ്ങനെയാണ്, തിരികെ വേണമെന്നില്ല...
മനസ്സിന്‍റെ ആഴം വരികള്‍ക്ക് അതുപോലെ ഉണ്ടാകണമെന്നില്ല....
എങ്കിലും അറിയാനാകുന്നുണ്ടെങ്കില്‍ മനസ്സിലാക്കൂ..........
ഇതൊരു പക്ഷേ എന്‍റെ മംഗളക്കുറിപ്പ്.........
നന്‍മകള്‍ .........

Friday, May 25, 2012

നീ ഏകാന്ത സഞ്ചാരി...

ദീപാരാധന നട തുറന്നത് നിന്റെ നിറഞ്ഞ മുഖത്തേയ്ക്ക്...
പൂക്കള്കൊണ്ടലങ്കരിച്ച വിഗ്രഹത്തിന്, നിന്റെ മുഖം.
നീ ഒരു സന്ന്യാസി, ലോകത്തെ ഉപേക്ഷിച്ച് ഹൈമവത ഭൂവില്തിരയുന്നത് ആര്ക്കു വേണ്ടി?
നിന്റെ വഴികളില്നടക്കാനാഗ്രഹിച്ച ഞാന്തനിച്ചാണ്, അല്ലെങ്കിലും യാത്ര നിന്നെ തേടിയാകുമ്പോള്ഒറ്റയ്ക്കാകുന്നതു തന്നെ സുഖം. പര്വ്വതശിഖരത്തില്ജനിമൃതികളുടെ ആഴം തേടിയലയുമ്പോള്നിന്നോടൊപ്പമെത്തിച്ചേരാനാകാതെ എന്നാല്ഒപ്പം നടക്കുന്നത് ഉള്ളു കൊണ്ട് മോഹിച്ച് ഞാന്‍ ...
നീ ഏകാന്ത സഞ്ചാരി...
ഇരുളടച്ച ഗുഹയില്നീ ധ്യാനത്തിലാഴുമ്പോള്എനിക്ക് ലക്ഷ്യത്തിലേയ്ക്കുള്ള വഴി തുറന്നു കിട്ടിയെന്നര്ത്ഥം. ഒപ്പം നടന്നെത്താനായില്ലെങ്കിലും നീ തെളിച്ച വനപാതകള്എനിക്കു വഴികാട്ടി തന്നെ.
ഒടുവില്മഞ്ഞിലുരുകി, പ്രണയത്താല്വിങ്ങി നിന്നിലെത്തുമ്പോള്നീ അഗാധമായ മൌനത്തില്പരന്നൊഴുകുന്നു...
ആരാധനയോടെ ഞാനര്ച്ചിച്ച പൂക്കളില്എന്റെ തപത്തിന്റെ പുണ്യമുണ്ട്, പ്രണയത്തിന്റെ ചൂടുണ്ട്...
ഒരിക്കല്നീയെന്നെ ശിരസ്സിലേറ്റു വാങ്ങും, നിന്നില്നിന്ന് പുണ്യവതിയായി ലോകമാകെ ഞാന്നിറഞ്ഞൊഴുകും...
എന്റെ കണ്ണുനീരില്പാപമൊടുങ്ങിയ ഉടല്ജീവികള്നമ്മെ നമിക്കും... ഞാനപ്പോഴും നിന്നില്ഒരു നിറഞ്ഞ മിടിപ്പോടെ അലിഞ്ഞു ചേര്ന്നിരിക്കും.

You have two wings...

You have two wings...
One is small the other is bit old
But both are thine life...
I am a tree, a small one
With lot of branches and flowers
Sometimes you sitting in me
With thy wavy wings
I always listen to you with
A lot of admiration
Because you are the
One who struggled to
Build a beautiful nest
Even with the wavy wings.
I always covering you
With my yellow leaves
And given my branch
A tiny tree could love
A wavy winged bird?
Always you fly off
To the unlimited end of sky
And i am waiting still you come
Without sleeping, without murmuring.
When there comes a rain without a question,
I keep you in my safe hands,
Maybe you never knows
The storm that comes us
You were in a dream
Smile like a kid...
I bleed and given my tears
The storm roared with angry
and took away my hands
But i preserved one,
Where you dreaming like heaven...
May my blood spreads on you
But think it as my soul
It may not awake you...
It will be with you as a scar
And protect you from the unseen eagles

എന്നിലെന്തോ നിറയാതെ വിങ്ങുന്നു....

എന്നിലെന്തോ നിറയാതെ വിങ്ങുന്നു....
എത്ര ശ്വാസം അകത്തേയ്ക്കെടുത്തിട്ടും അകം പൊള്ളയായ പോലെ...
എന്‍റെ ദിനക്കുറിപ്പുകളെ നീ തൊട്ടെങ്കില്‍ പിന്നെ എന്തേ ഒരു തലോടല്‍ പോലുമില്ലാതെ എന്നെ തനിച്ചാക്കുന്നു?
ഓരോ വാക്കിലും നീ നിറഞ്ഞാലേ അത് ഒരു വരിയാകൂ...
സ്വയം തുളുമ്പാതെ അത് സാധിക്കില്ല...
നിന്നെ ഞാന്‍ പ്രണയിക്കാന്‍ കാരണമന്വേഷിച്ച് അലയേണ്ട...
നീ മൌനം, പക്ഷേ അകം കൊണ്ട് വാചാലം,
നിന്‍റെ സ്വാതന്ത്ര്യത്തിനു പരിധികളില്ല, പക്ഷേ സ്വയം നീ ചങ്ങലകള്‍ തീര്‍ത്തിരിക്കുന്നു... എന്തിന്.......
എന്നില്‍ നിന്ന്  മറഞ്ഞു നിന്നിട്ട് നിനക്ക് സ്വയം നഷ്ടമാകാനോ....

Thursday, May 24, 2012

പുനര്‍ജ്ജനി

നിന്‍റെ പ്രണയം എന്‍റെ ദിനങ്ങളെ എത്രമാത്രം നിറയ്ക്കുന്നുണ്ടെന്നോ...
ഉന്‍മാദത്തിന്‍റെ ഉദാത്തതയില്‍ നീ എന്നില്‍ തുളുമ്പി നില്‍ക്കുന്നു.
മറ്റു ചിലപോള്‍ വിഷാദത്തിന്‍റെ അലകള്‍ ....
എന്നില്‍ ജീവിക്കുന്ന മറ്റൊരുവള്‍ , അവള്‍ക്ക് നിന്നോട് ഭയം
നിന്‍റെ വാക്കുകളില്‍ അവള്‍ വിറച്ച് വേദനിച്ച് മയങ്ങുന്നു...
എനിക്ക് നിന്നോടുള്ളത് ആഴമേറിയ പ്രണയം,
പക്ഷേ വരികള്‍ക്ക് ഒഴുക്കു വരണമെങ്കില്‍ നീ എന്നില്‍ പൊട്ടിച്ചിതറണം.
അടുക്കിവയ്ക്കാനാകാതെ പതറി നോക്കിനില്‍ക്കുമ്പോള്‍ വിഷാദത്തിനടിപ്പെട്ട് ഉള്ള്, നൊന്ത് വരികള്‍ കരഞ്ഞു പിറക്കും.
വസന്തം ക്രൂരനെന്നല്ലേ ആരോ പാടിയത്...
പുനര്‍ജ്ജനി അങ്ങനെയാണ്, നോവു തിന്നാലേ പുതിയൊരു ജന്‍മം പിറക്കൂ...
ഞാനെഴുതുന്ന വാക്കുകള്‍ ഒന്നും എന്‍റെ സ്വന്തമല്ല... നിന്‍റെയുമല്ല...  നമ്മുടെ.......
ഒന്നായി ആത്മാവില്‍ അലിഞ്ഞു തീര്‍ന്ന നമ്മുടെ പ്രണയത്തിന്‍റെ പുതിയ പരമ്പര...
അത് തലമുറകള്‍ കാത്തുവയ്ക്കട്ടെ...
ലോകത്തിന്, പുതിയ നന്‍മകള്‍ പഠിപ്പിക്കട്ടെ...
എങ്ങനെയാണ്, പ്രണയം തളിര്‍ക്കുകയും പൂക്കുകയും ഉടലുകളില്ലാതെ ജീവിക്കുകയും ചെയ്യുന്നതെന്ന് കാട്ടിക്കൊടുക്കട്ടെ...
നിനക്കിനി ഒരു രക്ഷപെടല്‍ അസാദ്ധ്യമെന്ന് സ്വയം വിശ്വസിക്കുകയും, അതിനു വേണ്ടി മോഹിക്കതിരിക്കുകയും ചെയ്യുന്നിടത്തോളം ഈ പരമ്പര തുടരും...
എനിക്കിനിയീ ദ്വീപില്‍ നിന്ന് രക്ഷപെടണ്ട...
നമ്മുടെ പ്രണയത്തിന്, കാവലാളായി ഞാനിവിടെ...........

Tuesday, May 22, 2012

പ്രണയത്തിന്‍റെ ഇടിമുഴക്കം...

നീ കരുതുന്നുണ്ടോ, നിന്‍റെ ജീവിതം ഞാന്‍ നിസ്സാരമായി കാണുന്നുണ്ടെന്ന്?
ഒരിക്കലുമില്ല, എന്‍റേതിനേക്കാള്‍ പ്രധാനമായി ഞാനതിനെ കൊണ്ടു നടക്കും. നിന്‍റെ ചിറകുകള്‍ ,നിന്‍റെ ലോകം... അതെനിക്കും എത്ര മാത്രം പ്രിയമുള്ളതെന്ന് വരികള്‍കൊണ്ട് കുറിക്കാവുന്നതല്ല.
നിന്‍റെ മൌനത്തില്‍ പലപ്പോഴും ഞാന്‍ അസ്വസ്ഥയാകുന്നു, പക്ഷേ  പ്രണയത്തിന്‍റെ വളര്‍ച്ചയുടെ വഴിയില്‍ ഇതൊക്കെ നേരിടേണ്ടതു തന്നെ.
നിനക്ക് ലോകം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ നീ നിന്നിലേയ്ക്ക് ചുരുങ്ങി എന്നര്‍ത്ഥം...
ഒരു മനസ്സു കൊണ്ട് വേണ്ടെന്നു വയ്ക്കുകയും മറ്റൊന്നു കൊണ്ട് തലോടുകയും ചെയ്യുന്ന പ്രണയത്തിന്‍റെ പരവേശമാണത്.
നീ പോലുമറിയാതെ നിന്‍റെയുള്ളില്‍ ഉയിരെടുത്ത അഗാധത...
പ്രണയത്തിന്‍റെ ഇടിമുഴക്കം...
നീ ഭയപ്പെടരുത്.......
പ്രണയം ആസ്വദിക്കാനുള്ളതെന്നല്ല, അനുഭവിക്കാനുള്ളത് എന്നത്രേ ഇതിഹാസം പറയുന്നത്...
കഞ്ഞിരം ചവയ്ക്കുന്നതിനേക്കാള്‍ കഷ്ടമാകും അനുഭവം...
ഇനി ഒരു രക്ഷപെടല്‍ അത്ര എളുപ്പല്ലെന്നറിയുക...
എന്‍റെ ചിന്തകളുടെ തീക്കനല്‍ നിന്നെ ഉരുക്കാതിരിക്കില്ല...
എന്‍റെ പ്രണയത്തിന്‍റെ ബലം നിനക്ക് ഭാരമേല്‍പ്പിക്കാതിരിക്കില്ല...
ഇടിമുഴക്കങ്ങളെ ഭയക്കരുത്...
അത് പ്രണയത്തിന്‍റെ മന്ത്രണങ്ങള്‍ മാത്രമല്ലേ...
ഞാനുമുരുകുന്നുണ്ട്...
പക്ഷേ ഒന്നോര്‍ക്കുക, നമ്മുടെ പ്രണയത്തെ നിനക്ക് ഊര്‍ജ്ജമാക്കാന്‍ കഴിഞ്ഞാല്‍ ആകാശം നിനക്കു സ്വന്തം...

Monday, May 21, 2012

ഹൃദയത്തിന്, ശ്വസിക്കാന്‍ ഇടമെവിടെ?

നിന്‍റെ ഓര്‍മ്മകളില്‍ ഒരു മിന്നല്‍ ഇടിച്ചിറങ്ങിയോ?
ശ്വാസം മുട്ടല്‍ വല്ലാതെ കൂടുതലാണ്, നീ നിറഞ്ഞിരിക്കുമ്പോള്‍ ഹൃദയത്തിന്, ശ്വസിക്കാന്‍ ഇടമെവിടെ?
വീര്‍ത്തു പൊട്ടാറായ അകം താങ്ങി ഞാന്‍ തെരുവുകള്‍ തോറും അലഞ്ഞിരുന്നു, വാങ്ങാനാളില്ലാതെ പൊടിപിടിച്ച കവിതക്കെട്ടുകള്‍ തോളിലടുക്കി തിരികെ നടക്കുമ്പോള്‍ കരിയില വീണ വഴിയില്‍ നിന്‍റെ കാലടികള്‍ തിരഞ്ഞ് വെറുതേ പിന്തിരിഞ്ഞു നോക്കാറുണ്ടായിരുന്നു...
വായിക്കപ്പെടാന്‍ നീയില്ലാതെ എന്‍റെ അക്ഷരങ്ങള്‍ വീര്‍പ്പുമുട്ടി സ്വയം ഒതുങ്ങിക്കൂടി പലപ്പോഴും.
ഒടുവില്‍ ഒരു തേങ്ങലോടെ നീയെന്നെ തിരിച്ചറിഞ്ഞപ്പോള്‍ വാക്കുകള്‍ക്ക് തെളിച്ചമേറിയ പോലെ...
വരികളെ തൊടാന്‍ നീയുണ്ടെങ്കില്‍ എത്ര വേണമെങ്കിലും ഞാനുരുകാം...

Saturday, May 19, 2012

ചിറകൊടിഞ്ഞ പക്ഷി...

ഒരു വന്‍മരം ശാഖകളൊടിഞ്ഞ് നിലത്തു വീണതു പോലെ....
നിന്‍റെ കണ്ണുകള്‍ക്കു മുന്നില്‍ ഞാനൊരു മരം...
ചിറകൊടിഞ്ഞ പക്ഷി...
വരികള്‍ക്കപ്പുറം നീയെന്നില്‍ തുളുമ്പുന്നു...
മൌനമാണ്, അര്‍ത്ഥവത്തായി വാചാലമാകുന്നത് നമ്മുടെയിടയില്‍ ....
വിറയിലിന്‍റെ തീച്ചൂടില്‍ മെഴുകു പോലെ ഉരുകവേ, ഒരു കാറ്റു വന്നെന്നെ കെടുത്തിയിരുന്നെങ്കില്‍ എന്നു മോഹം...
നിന്നില്‍ നിന്ന് ഓടിയൊളിക്കാന്‍ തോന്നി, പക്ഷേ എവിടെ ഒളിച്ചാലും നിന്‍റെ പ്രണയം എന്നെ പൊള്ളിച്ചു കൊണ്ടേയിരിക്കും.
നീ ഒരു സഞ്ചാരി.... വാക്കുകളും വസ്തുതകളും തിരഞ്ഞ് ആള്‍ക്കൂട്ടത്തിനിടയില്‍ നീ നടത്തുന്ന സഞ്ചാരം എന്നെ പലപ്പോഴും അലോസരപ്പെടുത്തുന്നുണ്ട്...
പക്ഷേ ആ സഞ്ചാരത്തിന്‍റെ പാതയില്‍ നീയെപ്പോഴൊക്കെയോ എന്നെ തിരയുന്നതെനിക്കറിയാം, അപ്പോഴാവാം എന്‍റെ ഹൃദയം അകാരണമായി തുടിപ്പുയര്‍ത്തുന്നത്.
നിന്‍റെ യാത്ര തുടര്‍ന്നോട്ടെ... വാക്കുകളെ ഒളിപ്പിച്ച് മൌനം കൊണ്ട് നീയെന്നിലേയ്ക്ക് നടത്തുന്ന പ്രണയസഞ്ചാരം എന്‍റെ ആത്മാവ് തിരിച്ചറിയുന്നുണ്ട്...
കാഴ്ച്ചകള്‍ കണ്ണിനെ മടുപ്പിക്കുമ്പോള്‍ നിനക്കെന്നിലേയ്ക്ക് മടങ്ങി വരാം. വിറയ്ക്കുന്ന മുഖമോടെ ഞാനിവിടെ ഏകയായി നീയെന്നെ കാവലേല്‍പ്പിച്ച പ്രണയചഷകവുമായി കാത്തിരിക്കാം...

Wednesday, May 16, 2012

അതി തീവ്രമായ ചൂട്

ഒരു വന്മരത്തിന്റെ അഹങ്കാരമായിരുന്നു അത്, കൊടുങ്കാറ്റിനു പോലും വീഴ്ത്താനാകാത്ത കരളുറപ്പ്...
നിലനില്പ്പിനെ കുറിച്ച് ചിന്തിക്കാതെ തന്നിലുറങ്ങുന്ന ജീവനുകളെ കാത്തു വയ്ക്കാനായിരുന്നു അത്...
ഒരു ചുഴലിക്കാറ്റിനും ഒരു ചില്ല പോലും കൊടുക്കാതെ കാത്തു വച്ചത് നീ വീശിയടിച്ചപ്പോള്കടപുഴകി വീഴാനായിരുന്നു എന്നറിഞ്ഞത് ഇപ്പോള്‍ ...
നിന്നില്നിന്ന് ഉയിര്കൊണ്ട പ്രണയത്തിന്റെ അതി തീവ്രമായ ചൂട് എന്നെ കരിച്ചു കളയുന്നുണ്ട്...
ഞാനാകുന്ന മരം വേരെടുത്ത് മണ്ണിലേയ്ക്ക് പതിക്കുകയും.
വിശ്രമത്തിന്, ഒന്നും ബാക്കിയില്ല, കരിഞ്ഞു പോയ കുറച്ചു പൂക്കളല്ലാതെ, അതു ഞാന്സമര്പ്പിക്കട്ടെ...
എന്റെ അഹങ്കാരത്തെ മണ്ണോളം താഴ്ത്തിയതിനു മാത്രമല്ല, തോരാതെ എന്നില്നിന്ന് പെയ്യുന്നതിനും...

ഞാനറിയുന്നുണ്ട് നിന്നെ....

ഞാനറിയുന്നുണ്ട് നിന്നെ.... നിന്നിലെ വിങ്ങല്എന്നിലേയ്ക്ക് പടരുന്നുണ്ട്...
ഭ്രാന്തന്മോഹങ്ങളുമായി നീ അലയുമ്പോള്ഞാനെന്തു ചെയ്യണം...
 എന്റെ പ്രണയത്തെ നീ അറിയുന്നുണ്ടെന്ന് ഞാനറിയുന്നു....
പക്ഷേ അലഞ്ഞു നടക്കുന്ന നിന്റെ മനസ്സിനെ കാണാതെ നടക്കാന്ശ്രമിച്ച് തളര്ന്നു പോകുന്നല്ലോ നീ...
എന്നോ ഒരിക്കല്നിന്നില്നിന്നും എന്നിലേയ്ക്ക് ആഴത്തില്വന്നു പതിച്ചത് നിന്റെ ഹൃദയമായിരുന്നു. പിന്നെ താളം എനിക്കു കേള്ക്കാമെന്നായി... നിന്നില്നിന്നുയിര്ക്കൊള്ളുന്ന നേര്ത്ത മൌനം പോലും എന്നില്പേമാരിയായി പതിക്കുന്നുണ്ട്...
ഞാനറിയുന്നു നിന്നെ....... നെഞ്ചിലെ കത്തുന്ന കനലും കാണുന്നുണ്ട്....
പക്ഷേ എനിക്ക് നിശബ്ദയായിരിക്കാനാണ്, ഇഷ്ടം...
നിനക്കേ എന്നിലും കനല്നിറയ്ക്കാനായുള്ളൂ,
പക്ഷേ ഇടയ്ക്കെങ്കിലും നിന്നിലുരുകുന്ന പ്രണയമില്ലേ.... ചില നിശബ്ദതയില്എന്നെ വന്നു തൊടുന്ന നിന്റെ ലോലമായ പ്രണയം, ആത്മാവില്നിന്ന് ഉയിരു കൊണ്ട പ്രണയം അതാവും നമ്മുടെ തുണ...
പോര്ക്കളം അത്ര ചെറുതല്ല...
തളര്ന്നു വീഴാന്എനിക്ക് കാലാളുകളില്ല... ഞാന്ഏകയാണ്....
ഒറ്റയ്ക്ക് യുദ്ധം നയിക്കുന്ന സഞ്ചാരി.........
പറയാതെ മനസ്സിലടുക്കി യുദ്ധം നീ തോല്ക്കണ്ട...
ഇരുളും വെളിച്ചവും ഒന്നാക്കി ഞാന്കൂട്ടിനുണ്ട്...
പക്ഷേ വാടിക്കരിയുന്ന എന്റെ ഹൃദയം കൈവിടാതെ ആരു താങ്ങും...?