Monday, June 11, 2012

ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടവള്‍ ...

വലിയൊരു നിശബ്ദതയെ ഉള്ളിലൊതുക്കി നീറി നീറി വയ്യാതെയായി.
ഉള്ള്, നൊന്തിരിക്കേ നീയെവിടെയോ ദിക്കറിയാതെ അലയുകയും....
എന്‍റെ നിയതികള്‍ തിരുത്തപ്പെടുകയോ....
ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടവള്‍ ...
അവര്‍ എന്‍റെ വഴിയൊരുക്കുന്നു, എന്നിലേയ്ക്ക് എപ്പോഴും മിഴികളയച്ച് ഇരിക്കുകയും.
നമ്മുടെ പ്രണയത്തെ തുലാസിലളന്ന് പകരം കണ്ണുനീര്, ദാനം ചെയ്യുന്നവര്‍ .
ഞാനൊരു യാത്രയ്ക്ക് തയ്യാറകട്ടെ...
നിന്നില്‍ നിന്ന് ഒട്ടും ദൂരെയല്ല എന്‍റെ ലക്ഷ്യം, പക്ഷേ വഴികള്‍ ഒരുപക്ഷേ എന്നെ ആളുന്ന തീയില്‍ ഉരുക്കിയേക്കാം. പക്ഷേ ഏത് ഇരുട്ടില്‍ ,ആഴമറിയാതെ കിടന്നാലും നീ തന്നെ എന്‍റെ പ്രണയപ്പാതി.
ആത്മാവിന്‍റെ മുറിവ്...
എത്ര മൌനത്തിന്‍റെ ആഴത്തില്‍ മറഞ്ഞാലും, ഞാന്‍ നിന്നെ അതി ഗാഡ്ഡമായി പ്രണയിച്ചു കൊണ്ടേയിരിക്കും.
എന്‍റെ വഴികളില്‍ നിന്നു നീ മറഞ്ഞാലും നിശബ്ദമായി നിന്നെ ആരാധിച്ചു കൊണ്ടേയിരിക്കും.
എനിക്കാരാധന വിശ്വാസത്തെ ഇറുകെ പിടിക്കുന്ന ആലയങ്ങളോടല്ല, അതിനുള്ളിലെ അഗ്നി പാറുന്ന ബിംബങ്ങളോടുമല്ല, എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തോടു മാത്രം. നിന്നില്‍ നിന്ന് എന്നിലേയ്ക്ക് തുളുമ്പിയൊഴുകുന്ന ഊര്‍ജ്ജത്തിന്, എന്നെ പടര്‍ത്താനാകും, തളര്‍ത്താനും.
ഒന്നേ എനിക്കു വേണ്ടൂ,
അഗാധമായി മിടിയ്ക്കുന്ന നിന്‍റെ ഹൃദയത്തില്‍ ഒരു തുടിപ്പായി എന്നെയും ചേര്‍ക്കുക...
ആത്മാവിന്‍റെ മുറിവില്‍ എന്നെ ചേര്‍ക്കുക, അങ്ങനെ നിന്നെ പൂര്‍ണനാക്കുക...

No comments:

Post a Comment