Thursday, December 15, 2011

നീയെന്നാല്‍ എനിക്ക് ശരീരമല്ല


ഇന്നു നിന്നെ കാണുമെന്ന് ഉള്ളിലിരുന്നാരോ പറയുന്നുണ്ടായിരുന്നു, കാണണമെന്ന അതിയായ മോഹം കൊണ്ട് തോന്നിയതാവും. എന്തായാലും ഒരു നനുത്ത പുഞ്ചിരിയോടെ നീയെന്നില്‍ നിറഞ്ഞു കത്തുന്നത് കണ്ടില്ലെന്ന് നടിയ്ക്കാന്‍ എനിക്കാകില്ലല്ലോ. നിന്‍റെ മിഴികള്‍ എന്നോടെന്തോ പറയുവാന്‍ വെമ്പുന്ന പോലെ തോന്നിയോ.... നിന്‍റെ മൌനം എന്നില്‍ ഇങ്ങനെ എഴുതുന്നു,
"പ്രിയപ്പെട്ടവളേ.....
കാണാതിരിക്കേ നീ അനുഭവിക്കുന്ന അതേ വേദനയാണ്, എന്നിലും. നിന്‍റെ മുന്നിലായിരിക്കുമ്പോള്‍ നീ അനുഭവിക്കുന്ന അതേ പിടച്ചിലുണ്ട് എന്‍റെ ഹൃദയത്തിനും. എനിക്കു നീ മൌനം പോലെ മധുരം, പ്രണയം പോലെ സുന്ദരം.
ഇന്നലെ നീയെന്‍റെ സ്വപ്നത്തില്‍ വന്നു പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല, നിന്നെ തിരഞ്ഞ് ഞാന്‍ അല്ലെങ്കിലും എവിടെ അലയാന്‍, എന്നിലേയ്ക്കു തന്നെ മടങ്ങാനാണ്, എനിക്കിഷ്ടം. ശരീരം ക്ഷേത്രമാണെങ്കില്‍ ആത്മാവ് ഈശ്വരനാണെങ്കില്‍ നമ്മുടെ പ്രണയം ......... അതിന്‍റെ നിര്‍വ്വചനം നിനക്ക് കുറിയ്ക്കാമോ... നീ വാക്കുകളെ അമ്മാനമാടുന്നവള്‍..... എന്നിലെ വെമ്പലിനെ മിഴികളിലേയ്ക്കേറ്റു വാങ്ങുന്നവള്‍...
അകലെയായിരിക്കുമ്പോഴും എനിക്കു നിന്നെ കാണാം, എന്നിലേയ്ക്കു തന്നെ നോക്കിയാല്‍ മതി...
പക്ഷേ നീയെന്‍റെ മുന്നിലുള്ലപ്പോള്‍ നിന്‍റെ മിഴികളില്‍ കണ്ണയച്ചിരിക്കുമ്പോള്‍ ഞാനറിയുന്ന ആഴം... ഇതാണോ പ്രണയം.....
നിനക്കൊരു കാര്യമറിയുമോ, ഇന്നേ വരെ ഞാന്‍ നിന്നെ കണ്ടിട്ടില്ല, നിന്‍റെ മിഴികള്‍ അല്ലാതെ , എന്‍റെ കണ്ണുകള്‍ നിന്നെ തിരഞ്ഞിട്ടില്ല.
നീയെന്നാല്‍ എനിക്ക് ശരീരമല്ല... എന്നെ കരണ്ടു തിന്നുന്ന നിന്‍റെ ആഴമുള്ള മിഴികളാണ്, അല്ലെങ്കില്‍ ആ കണ്ണുകള്‍ക്കുള്ളിലുള്ള എന്‍റെ തന്നെ ഹൃദയമാണ്....
നിന്‍റെ സ്വന്തം........

No comments:

Post a Comment