ഒരിക്കല്‍ നീയെന്‍റെ സ്വപ്നത്തില്‍ നിറഞ്ഞു നിന്നു. അന്നു ഞാന്‍ പതിവില്ലാത്ത ഒരു ഉച്ച മയക്കത്തിന്‍റെ അഗാധതയില്‍ ആഴ്ന്നു കിടക്കുകയായിരുന്നു. നീണ്ട പനി തന്ന കുരുക്കള്‍ കുത്തിക്കയറുന്നുണ്ട് ഉടലാകെ... തണുത്തതും എന്നാല്‍ രൂക്ഷവുമായ ഒരു ഗന്ധം എന്നെ പലപ്പോഴും വിലയം ചെയ്തു. പക്ഷേ നീയെന്‍റെ സ്വപ്നത്തില്‍ വന്നു പോയ ശേഷമാണ്, ആ പനിയെ പോലും ഞാന്‍ പ്രണയിച്ചു പോയത്. പനിയുടെ ആലസ്യത്തില്‍ ഉള്ലില്‍ നിന്ന് പുറത്തു ചാടിയ ചൂടുള്ള അക്ഷരങ്ങളെ അടച്ചു വയ്ക്കാന്‍ ഡയറി തിരക്കി നടന്ന് ഒടുവില്‍ ഇളം തണുപ്പുള്ള പായയില്‍ വെറും നിലത്തു കിടന്ന് ഞാനാ അക്ഷരങ്ങളെ എന്നിലേയ്ക്കു തന്നെ ഒതുക്കി. അടിച്ചമര്‍ത്തപ്പെട്ട നോവുകളാവാം നിന്നെ എനിക്ക് സ്വപ്നങ്ങളില്‍ കാട്ടിത്തന്നത്.
അറിയാത്ത ഏതോ വഴിയില്‍ എന്തിനേയോ കാത്തു നിന്ന എന്‍റെ മുന്നിലേയ്കാണ്, നീ നിറഞ്ഞ ചിരിയുമായി തെളിഞ്ഞത്. പണ്ട് ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ നീ പിറവിയെടുത്തിരുന്നു, ലോകത്തെ മുഴുവന്‍ മയക്കുന്ന ചിരിയുമായി നീ വിരലുണ്ട് കിടന്നിരുന്നു. ഇന്നിപ്പോള്‍ നീ എന്നില്‍...... നിനക്ക് സമ്മാനമായി നല്‍കാന്‍ എന്‍റെ കയ്യില്‍ അമൂല്യമായ നിധിശേഖരങ്ങളില്ല, ഒടുങ്ങാത്ത പ്രണയവുമായി ദിക്കുകള്‍ തേടി അലയുന്ന, നോവുലയുന്ന ഒരു ഹൃദയം മാത്രമേയുള്ളൂ. ഇതു നീയെടുത്തു കൊള്‍ക.... നിന്‍റെ ഹൃദയവുമായി അതിനെ ചേര്‍ത്തു വയ്ക്കുക..... എന്‍റെ ആത്മാവിന്‍റെ വിടവുകള്‍ അടയ്ക്കപ്പെടട്ടെ... എന്‍റെ പ്രണയം അനശ്വരമായി ഞാന്‍ നീയായി മാറട്ടെ..........
No comments:
Post a Comment