Saturday, December 10, 2011

നീയിപ്പോള്‍ ഒരു പാട്ടു മൂളിയോ...


ഞാനിന്ന് വല്ലാതെ പരവശതയിലാണ്...
കാരണമറിയാത്ത ഒരു ആലസ്യം എന്നെ മൂടുന്നു...
നിന്നെയോര്‍ത്തിരിക്കവേ ഞാനൊരു പൂമ്പാറ്റയായതു പോലെ...
ഈ പ്രപഞ്ചത്തിലെ മുഴുവന്‍ നിറങ്ങളും എന്നില്‍ നിറച്ച് നിന്നോടുള്ള പ്രണയം തേനോടൊപ്പം ശേഖരിച്ച്, അന്തമില്ലാത്ത ആകാശത്തേയ്ക്ക് കുതിച്ചു പറക്കാനാണെന്‍റെ മോഹം.
നീയിപ്പോള്‍ ഒരു പാട്ടു മൂളിയോ...
പാട്ടുകളോടൊക്കെ എനിക്ക് വല്ലാത്തൊരു പ്രണയം....
ഓരോ ഗാനവും നമുക്കായി കുറിക്കപ്പെട്ടതു പോലെ...
വരികള്‍ എന്നെ ഇല്ലാതെയാക്കുന്നതു പോലെ....
നീ ഇപ്പോള്‍ കടന്നു പോകുന്ന വഴിത്താരകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ടോ?
എന്‍റെ പരിഭ്രമം, മിഴികളുടെ ആഴം, പിടച്ചില്‍, ശ്വാസം മുട്ടല്‍...
ഓരോ ഹൃദയമിടിപ്പിലും എങ്ങനെ സ്വയം നിറയാമെന്നു ഞാനറിയുന്നു...
നിന്‍റെ നിശബ്ദമായ വിളി ആ മിടിപ്പുകളില്‍ എനിക്കു കേള്‍ക്കാം. ഇനി എനിക്കൊരു മറവിയുണ്ടെന്നു തോന്നുന്നുണ്ടോ...?
നീ പൊയ്ക്കോളൂ... നിന്‍റെ വഴികളിലൂടെ... നിന്നെ കാത്തിരിക്കുന്നവരുടെയരുകിലേയ്ക്ക്...
നിറഞ്ഞു കവിഞ്ഞൊഴുകുന്ന എന്‍റെ ഹൃദയം കണ്ടെന്നു നടിക്കണമെന്നില്ല... അത് എന്‍റെ മാത്രം സ്വകാര്യതയാകട്ടെ...
എന്‍റെ മാത്രം നൊമ്പരമാകട്ടെ...

No comments:

Post a Comment