Sunday, December 18, 2011

നീ എന്‍റെ മൌനത്തെ വായിക്കുക


നീ എന്‍റെ ഹൃദയത്തിലേയ്ക്ക് ഇത്ര ആഴത്തില്‍ നോക്കിയതു കൊണ്ടാണോ എന്നില്‍ കുത്തിക്കയറുന്ന നോവുണ്ടായത്. നിന്‍റെ വാക്കുകള്‍ എന്നില്‍ എത്തുന്നുണ്ട്, പക്ഷേ എന്‍റെ ശ്വാസം മുട്ടല്‍ എന്നിലെ ശബ്ദത്തെ എവിടെയോ അടക്കി വച്ചിരിക്കുന്നു. ഞാനിവിടെ ഏകാന്തതയീലിരുന്ന് നിന്നെ വിളിക്കുകയും കാണാമറയത്ത് നീയതിന്, മൂളുകയും...
ഏകാന്തത ഒരു ആളല്‍ ആണ്.  പ്രണയിക്കപ്പെടുമ്പോള്‍  ആള്‍ക്കൂട്ടത്തിനിടയിലും നമ്മള്‍ ഒറ്റപ്പെടുന്നതെന്തു കൊണ്ടാവാം... ഉള്ളിലൊരു നിലവിളി മാത്രമേയുള്ളൂ എപ്പോഴും. ചില നേരങ്ങളില്‍ ഹൃദയം നീറുമ്പോള്‍ പ്രണയത്തെ ഞെരിച്ച് നിന്നെയെങ്കിലും രക്ഷപെടുത്തണമെന്നു തോന്നും, പക്ഷേ നീ അനുഭവിക്കുന്ന നോവ്... നിന്‍റെ കണ്ണുകളില്‍ എനിക്കതു വായിക്കാം... നിന്‍റെ നൊമ്പരം എന്‍റെ ഹൃദയത്തെ കുത്തിക്കീറുന്നുണ്ട്... നെഞ്ചു വേദനിക്കുന്നു..........
ഞാനൊരു വലിയ നിശബ്ദതയാണെന്നു നീ കരുതുന്നു... അതേ... എന്‍റെ പ്രണയത്തെ മൌനത്തിലൊളിപ്പിക്കാനാണ്, എനിക്കിഷ്ടം. നീയതു വായിച്ചെടുക്കുന്നുണ്ടെന്ന് എനിക്കറിയാം പക്ഷേ നിന്നിലൂറുന്ന സങ്കടപ്പക്ഷികള്‍ എന്നിലും കുറുകുന്നുണ്ട്..... ഞാനെങ്ങനെ പറയും ഞാനെന്നാല്‍ നീ തന്നെയാണെന്ന്..... നീ വിങ്ങുമ്പോള്‍ എനിക്കും നോവുന്നുണ്ടെന്ന്... നീ എന്‍റെ മൌനത്തെ വായിക്കുക........... വാക്കുകള്‍ എന്നില്‍ തടഞ്ഞിരിപ്പാണ്.....

No comments:

Post a Comment