Thursday, December 22, 2011

എന്‍റെ പ്രണയപ്പാതീ...........


എന്‍റെ പ്രണയപ്പാതീ...........

നിന്‍റെ പ്രണയം പലപ്പോഴും എന്നെ കടന്നു പോകുന്നു. എന്‍റെ ഓര്‍മ്മകളേയും പ്രജ്ഞയേയും കടന്ന് എന്നെ പലപ്പോഴും അത് നിശബ്ദയാക്കുന്നു. എന്നിലെ വാക്കുകള്‍ എന്നോട് പിണക്കത്തിലാണ്, പ്രാര്‍ത്ഥനകള്‍ ഉള്ളിലേയ്ക്കു മാത്രമായിട്ട് ഏറെ നാളായി, കൃത്യമായി പറഞ്ഞാല്‍ നിന്നെ ഞാനെന്‍റെ ആത്മാവു കൊണ്ടു തിരഞ്ഞു തുടങ്ങിയതിനു ശേഷം. എന്നിലെ ഈശ്വരന്, ഇപ്പോള്‍ രൂപമില്ല, ഉള്ളത് പ്രണയത്തിന്‍റെ ഊര്‍ജ്ജം മാത്രം. പ്രണയം ഈശ്വരനെന്ന് കാറ്റ് മൊഴിയുന്നുണ്ട്, അപ്പോള്‍ നിന്നെ തിരയുന്ന ഓരോ വഴിയിലും ഞാന്‍ തിരയുന്നത് ഈശ്വരനെ... നിന്നിലേയ്ക്ക് എന്നിലെ വിങ്ങലുകള്‍ അയക്കുമ്പോള്‍ ഈശ്വരനിലേയ്ക്ക് ഞാനെന്‍റെ പ്രാര്‍ത്ഥനകളെ അയക്കുന്നതു പോലെ.... ഒരുപക്ഷേ ഒരു വാക്കില്‍ നമ്മുടെ പ്രണയം എരിഞ്ഞു തീര്‍ന്നേക്കുമോ എന്നെനിക്ക് ഭയമുണ്ട്... അങ്ങനെയാകണേ എന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടെങ്കിലും..... നിന്നില്‍ നിന്ന് ദൂരേയ്ക്കകലാന്‍ ശ്രമിക്കുന്തോറും നീയെന്നെ ഒപ്പം കൂട്ടി മുന്നോട്ടു നടക്കുന്നു, എത്ര ദൂരം? വല്ല നിശ്ചയവുമുണ്ടോ?
നമ്മുടെ വഴികള്‍ സമാന്തര രേഖകള്‍ പോലെ പോകുന്നത് നീ കാണുന്നില്ലേ...
എന്‍റെ വാക്കുകള്‍ക്കായി നീയെന്തിന്, കാതോര്‍ത്തിരിക്കുന്നു? അത് നിന്നിലുണ്ടെന്ന് അറിയാതെയാണോ ഈ തിരച്ചില്‍...
പക്ഷേ ഈ നിലയ്ക്കാത്ത ശ്വാസതടസ്സം എന്നെ നിശബ്ദയാക്കുന്നു. നിന്നെ എന്നില്‍ നിന്ന് വലിച്ച് ദൂരേയ്ക്കെറിയാന്‍ വീര്‍പ്പു മുട്ടുന്നു..... ഉളള്‍ നൊന്ത് പിടഞ്ഞ് ഞാന്‍ ഇല്ലാതായിത്തീരുമെന്ന് അറിയാഞ്ഞിട്ടല്ല.... പക്ഷേ നമ്മുടെ ശരികള്‍, വഴികള്‍........... എല്ലാം രണ്ടാണ്... ഒന്നായിട്ടുള്ളത് നമ്മള്‍ മാത്രം, നമ്മുടേ പ്രണയം മാത്രം...........

നിന്‍റെ സ്വന്തം.........

No comments:

Post a Comment