Tuesday, December 20, 2011

നീയും അവനും രണ്ടല്ലല്ലോ....


ഇന്നത്തെ യാത്രയില്‍ നീയെനിക്ക് പങ്കു വച്ചത് നമ്മുടെ സ്വപ്നം. നിന്നോടൊപ്പം കാറ്റില്‍ പറന്ന് നിയോണ്‍ വിളക്കുകളുടെ മായാ ലോകത്തേയ്ക്ക് ഞാന്‍ എത്തിപ്പെട്ടപ്പോള്‍ കാരുണ്യമിയന്ന കണ്ണുകളുമായി അള്‍ത്താരയില്‍ ദൈവപുത്രന്‍ എന്നെ നോക്കുന്നതു ഞാന്‍ കണ്ടു. അവന്‍റെ കണ്ണുകളില്‍ നിന്നൊഴുകിയത് ഉദാത്തമായ പ്രണയത്തിന്‍റെ നീരെന്ന് നീ... എനിക്കു മനസ്സിലാവാത്തതു കൊണ്ട് ഞാന്‍ വീണ്ടും ആ കണ്ണുകളിലേയ്ക്കു തന്നെ ഉറ്റു നോക്കിക്കൊണ്ടേയിരുന്നു. വര്‍ഷകാലം നേരത്തെ എത്താനെന്നോണം ആകാശം മൂടി നിന്നത് എന്നെ വെറുതേ കരയിപ്പിച്ചു, നീയടുത്തുണ്ടായിട്ടും ഞാന്‍ കരയുകയോ... വാത്സല്യമിയന്ന നിന്‍റെ നോട്ടം എന്നെ ക്രൂശിതരൂപത്തെ ഓര്‍മ്മിപ്പിച്ചു... നിനക്ക് ആ ദൈവപുത്രന്‍റെ മുഖമുണ്ട്... നിന്‍റെ കണ്ണുകള്‍ക്ക് ആ ആഴമുണ്ട്...
നിന്നോടൊപ്പം മധുര പലഹാരം നുണഞ്ഞും കാറ്റിനൊപ്പം ചീറിപ്പാഞ്ഞും ഞാന്‍... വഴിയോരക്കാഴ്ച്ചകള്‍ നമ്മെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു... എന്തോ ഒന്നും എന്നെ മോഹിപ്പിക്കുന്നില്ല, ഒന്നു മാത്രമാണെന്നെ സന്തോഷിപ്പിക്കുന്നത്, നീയെന്നോടൊപ്പമുണ്ടെന്നുള്ളത്..... നിന്‍റെ കൈ പിടിച്ച് ആള്‍ക്കൂട്ടത്തില്‍  തനിയെ നറ്റക്കാനുള്ള എന്‍റെ ഇഷ്ടത്തെ നീ പലപ്പോഴും കളിയാക്കിയിട്ടുണ്ട്... പക്ഷേ ഈ യാത്ര........ ഞാന്‍ അറിയുന്നു, എന്നോടൊപ്പം സഞ്ചരിക്കുന്നത് ആ കാരുണ്യമുഖവുമായി എന്നെ നോക്കിയ പുണ്യാത്മാവു തന്നെ... നീയും അവനും രണ്ടല്ലല്ലോ....

No comments:

Post a Comment