ഒരു വര്‍ഷം കൂടി കടന്നു പോകുന്നു.... മണിക്കൂറുകളുടെ ആയുസ്സുമായി രാത്രി കാത്തിരിക്കുന്നു, നാളെ പുലരുന്നത് ഒരുപക്ഷേ മനം മയക്കുന്ന ഒരു മഞ്ഞിന്‍കണത്തിന്‍റെ പുഞ്ചിരിയിലൂടെയാണെങ്കിലോ.... പ്രതീക്ഷകള്‍ അല്ലേ ലോകത്തേയും എന്നെയും നിന്നെയും ജീവിപ്പിക്കുന്നത്... നമ്മള്‍ പ്രണയത്തിലായിട്ട് എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു, നീയറിയുന്നുണ്ടോ? അല്ല എത്ര ജന്‍മങ്ങള്‍ കഴിയുന്നു എന്നല്ലേ ചോദിക്കേണ്ടത്?
നമ്മുടെ ആയുസ്സിന്‍റെ പുസ്തകത്തില്‍ നിന്ന് ഒരില കൂടി കൊഴിഞ്ഞു വീഴുമ്പോള്‍ സത്യത്തില്‍ ആത്മാവിന്‍റെ തുടിപ്പ് കൂടുകയാണ്, നിന്നിലേയ്ക്കടുക്കാനുള്ള ഒരിതള്‍ കൂടി പൊഴിഞ്ഞു പോയ പോലെ.... എല്ലാ ഇതളുകളും പൊഴിയുമ്പോഴല്ലേ നീ കാറ്റായി വന്ന് എന്‍റെ തിരുശേഷിപ്പുകളില്‍ ചുണ്ടുകളമര്‍ത്തൂ.... അന്ത്യ ചുംബനം എന്ന് ലോകം വാഴ്ത്തും പക്ഷേ അതിന്‍റെ മധുരത്തില്‍ ആദ്യ ചുംബനമേറ്റ പോലെ ഞാന്‍ ആനന്ദത്തിലാകും, അത് ശരീരത്തിന്‍റേതല്ല, ആത്മാവിന്‍റെ മോക്ഷവേള... പിന്നെ നിന്‍റെ വരവും കാത്ത് മഞ്ഞിന്‍കണങ്ങളുടെ പ്രകാശം വഴിയുന്ന മിഴികളില്‍ ജീവിച്ച്, സൂര്യപ്രകാശത്തില്‍ സ്വയം ജ്വലിച്ച്, മഴയില്‍ തണുത്ത് വിറച്ച് കാത്തിരിപ്പ്.........
ഇപ്പോള്‍ ഈ പുതു ദിനത്തില്‍ നിന്നിലേല്‍പ്പിക്കനുള്ള എന്‍റെ വിശുദ്ധ വസ്ത്രം ഞാന്‍ നെയ്തു കൊണ്ടേയിരിക്കുന്നു, നിറയെ ചിത്രത്തുന്നലുള്ള എന്‍റെയീ പ്രണയ സമ്മാനം നിനക്കു തീര്‍ച്ചയായും ഇഷ്റ്റപ്പെടും.... കാരണം അതിലെന്‍റെ ഹൃദയം കൊണ്ടാണ്, ഞാന്‍ ചായം കൂട്ടിയത്... എന്‍റെ മൌനമാണ്, നൂലിഴകളായത്..... എന്‍റെ പ്രണയമേ... നീയിത് സ്വീകരിക്കുക.... എനിക്കായി ഒരു മൃദു പുഞ്ചിരി നല്‍കുക.... കാലം കാത്തു വയ്ക്കുന്ന ആ തിരു ചുംബനത്തിനായി ഇനിയും കാത്തിരിക്കാം....