Thursday, June 28, 2012

മഴ വെറുതേ പെയ്യുന്നു.....

മഴ വെറുതേ പെയ്യുന്നു.....
ഒരു കനിവു പോലും കാട്ടാതെ ഹൃദയത്തിലേയ്ക്ക് നിന്നെ പെയ്യിച്ചു കൊണ്ട് തിമിര്‍ത്തു നിറയുകയാണ്, മഴവെള്ളം.
ഓരോ നിമിഷവും ഉള്ള്, പിടയുന്നത് നീയവിടെ നിറഞ്ഞു തുളുമ്പിയിരിക്കുന്നതു കൊണ്ട്...
മൂടിയ പ്രകൃതിയ്ക്ക് എന്‍റെ മുഖം...
ആ മൂടല്‍ സങ്കടത്തിന്‍റേതല്ല, മറിച്ച് തൊണ്ട വരെ തിങ്ങി വരുന്ന പ്രണയത്തിന്‍റെ പരവേശത്തിന്‍റേതാണ്.
ആനന്ദത്തിന്‍റെ പരകോടിയില്‍ ഞാന്‍ ആര്‍ത്തലയ്ക്കുന്നുണ്ട്...
എന്‍റെ പ്രിയനെ............. നീ നല്‍കുന്ന പ്രണയം എനിക്കു തരുന്ന ഊര്‍ജ്ജം അളവുകള്‍ക്കതീതം, ഒരുപക്ഷേ കാലത്തിനും...
പ്രണയത്തില്‍ കൊടുക്കല്‍വാങ്ങലുകള്‍ ഇല്ലത്രേ, പക്ഷേ നീ എന്നില്‍ തിരയുന്ന നിന്‍റെ ഭ്രാന്ത് ഓരോ മഴയും എന്നെ ഓര്‍മ്മിപ്പിക്കുന്നു....
ചില നേരങ്ങളില്‍ നിന്‍റെ തുടിപ്പ് എനിക്ക് തൊട്ടെടുക്കാവുന്നതു പോലെ...

Wednesday, June 27, 2012

ഞാനോ അതോ നീയോ?

എന്‍റെ ഉയിരിനേയും ഉടലിനേയും വിഴുങ്ങി നീ എവിടേയ്ക്കോ.....
തിരഞ്ഞു നടന്നു ആത്മാവ് പൊള്ളുന്നു....
ചിതറിത്തെറിച്ചു പോകുന്നത് ഞാനോ അതോ എന്നിലെ നീയോ?
ഒരു വലിയ മലയുടെ മുകളില്‍ ഞാന്‍ ധ്യാനത്തില്‍ ,
എനിക്ക് പ്രണയം ജീവശ്വാസം, ആത്മാവിന്‍റെ ഭക്ഷണം.
ധ്യാനിക്കുമ്പോള്‍ പോലും ഉരുവിടുന്ന മന്ത്രം "നീ........." എന്നു മാത്രം...
അഭിസംബോധനകളില്ലാതെ നീ എന്നിലേയ്ക്കെന്തോ മൌനത്തില്‍ ഉരുവിടുന്നു,
ഒട്ടൊരു നിലവിളിയോടെ ഞാനതു കേട്ടിരിക്കുകയും. മലയുടെ മുകളിലെ ഏകാന്തത എന്നെ കീഴ്പ്പെടുത്തും മുന്‍പ് നീ കടന്നു വരൂ.........
ചിരിയും കരച്ചിലും ഒരുമിച്ച് നിറയ്ക്കുന്ന എന്നിലെ ഭ്രാന്തിനെ ഒന്നു തലോടൂ......
ഇല്ലെങ്കില്‍ ഞാന്‍ മരവിച്ചു പോകും....
അക്ഷരങ്ങള്‍ എന്നെ ഉപേക്ഷിച്ച് മടങ്ങും. അനാദിയായ കാലപ്രവാഹത്തിലേയ്ക്ക് ഞാന്‍ കാല്‍ വഴുതി വീണു പോകും.
നിറങ്ങള്‍ യോജിച്ചവ ചേര്‍ത്തു സ്വപ്നങ്ങളാക്കും മുന്‍പ് ചായം കലങ്ങി പോകും...
നീയെവിടെ ആയിരുന്നാലും സുഖമായിരിക്കുക...
പക്ഷേ ഉയിരിനേയും ഉടലിനേയും കാര്‍ന്നു തിന്നുന്ന ഈ പ്രണയത്തെ നീ എന്നില്‍ നിന്നും അടര്‍ത്തി മാറ്റരുതേ.......
നിന്നില്‍ തുടങ്ങി നിന്നില്‍ അവസാനിക്കുന്ന ഒരു മൌനസഞ്ചാരം, അതിന്‍റെ പാത എന്നിലൂടെയാണെന്നു മാത്രം....

Friday, June 22, 2012

ഇടതുവശത്ത് ഒരു തരിപ്പ്...

ഇടതുവശത്ത് ഒരു തരിപ്പ്...
എന്തോ ആഴത്തില്‍ ഹൃദയത്തിലേയ്ക്ക് കുത്തിക്കയറുന്നതു പോലെ...
എന്‍റെ ഹൃദയം കുത്തിക്കീറി നീ എവിടെയോ മറയുകയും.
പെയ്തു പോകുന്ന മഴപ്പാതി പറയുന്നതു പോലെ, എനിക്ക് ആരാധനാലയങ്ങളില്ല, നമസ്കരിക്കാന്‍ മുന്നില്‍ വിഗ്രഹങ്ങളും ആവശ്യമില്ല. തുളുമ്പിയുരുകുന്ന പ്രണയത്തിലെല്ലാമുണ്ട്. നല്‍കാന്‍ മടിച്ച് നീയിരിക്കുമ്പോള്‍ നീയറിയുന്നുണ്ടോ, എത്ര വലിയ നോവാണ്, നീയെനിക്ക് നല്‍കുന്നതെന്ന്...
നോവുന്ന ഉള്ളിനോട് എന്തു പറയണമെന്നറിയാതെ നിന്നിലേയ്ക്കുറ്റു നോക്കി ഞാന്‍ ....
ഊര്‍ജ്ജത്തിന്‍റെ അത്യുത്സാഹത്തില്‍ എന്നില്‍പടര്‍ന്നു കയറുന്ന മരവിപ്പ് ഉടലിനെയാകെ നൊമ്പരപ്പെടുത്തുന്നു.
ഇടയ്ക്ക് നീ നല്‍കിയ വരികളെ ഇളം റോസ് നിറമുള്ള പുഷ്പങ്ങളാക്കി അതിന്‍റെ സുഗന്ധം എന്നിലേയ്കിറ്റിയ്ക്കുമ്പോള്‍, അപ്പോള്‍ അപ്പോള്‍ മാത്രം ഞാന്‍ എടുത്തു ചാടുന്ന ഉയരം... ഒരു വലിയ മലയുടെ മുകളില്‍ നിന്നും താഴേയ്ക്ക്...
പേടിക്കണ്ട...
ഞാനിപ്പോള്‍ അതേ അവസ്ഥയിലെന്ന് പറഞ്ഞുവെന്നേയുള്ളൂ..

Thursday, June 21, 2012

മുഖപുസ്തകത്താളില്‍ പ്രണയം പരന്നൊഴുകി...

ഇന്നു ഹൃദയം വല്ലാതെ പുകയുന്നു....
നീ മൌനത്തിലിരിക്കുന്നതിന്‍റെ ചൂട് പൊള്ളിക്കുന്നതു കൊണ്ട് മുഖപുസ്തകത്താളില്‍ ഇന്ന് പ്രണയം പരന്നൊഴുകി...
കണ്ണുകള്‍ക്കു മുന്നില്‍ വന്ന വെളുത്ത പാട കാഴ്ച്ചകളെ മറയ്ക്കുന്നതുകൊണ്ട് മറുകുറിപ്പുകള്‍ കണ്ണിലുടക്കിയില്ല. തിരഞ്ഞത് നിന്നെ മാത്രമായിരുന്നല്ലോ...
നീ വായിക്കാനില്ലാതെ എന്തിനീ കുറിപ്പുകള്‍ ...
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തെരുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ എപ്പോഴെങ്കിലും ഒരു നീറ്റല്‍ ഉള്ളില്‍ തൊടുന്നെങ്കില്‍ ഓര്‍ക്കുക, അത് എന്‍റെ പ്രണയം നിന്നെ തലോടുന്നതെന്ന്....
വഴിവിളക്കുകള്‍ ഇപ്പോള്‍ പ്രകാശം വീണ്ടെടുത്തിട്ടുണ്ടാകുമല്ലേ...
യാത്രകളിലെ ഏകാന്തതയില്‍ ഒരു കടല്‍ദൂരം ഇരുന്ന് നിനക്കായ് നോവുന്ന മൌനത്തെ നിന്‍റെ ഹൃദയം നിനക്ക് ഓര്‍മ്മപ്പെടുത്താതിരിക്കില്ല.
എന്‍റെ കഥയില്‍ കഥാപാത്രങ്ങള്‍ സഞ്ചരിച്ച വഴികളിലൂടെ അതിലൊരു കഥാപാത്രമായ നീ വീണ്ടും...
കാണാത്ത ദൂരങ്ങള്‍ എന്നിലുണ്ടെങ്കിലും എന്‍റെ പ്രണയമുണ്ട് നിന്നോടൊപ്പം, നിന്‍റെ വഴികളില്‍ ...
തിരക്കാര്‍ന്ന നഗരപാതകളില്‍ ...

Sunday, June 17, 2012

വാന്‍ഗോഗ്.........

നിന്‍റെ നാമം തിരക്കി ഞാന്‍ ഏറെ അലഞ്ഞു...
മുള്‍പ്പാതകള്‍ പിന്നില്‍ നിറയെ...
നീ പേരില്ലാത്തവന്‍ ....
ഒരു വിളിയിലൊതുക്കാതെ മൌനം കൊണ്ടു നീയെന്നോട് ഉരിയാടുന്നു.
എന്‍റെ വഴിയില്‍ ഒരു താമരയിതള്‍ കാത്തു കിടക്കുന്നു
നീ എനിക്കായി കുറിച്ച കവിത....
അവസാനം ഒപ്പിനു പകരം നിന്‍റെ പേര്...
വാന്‍ഗോഗ്.........
നീ....... നീ തന്നെയോ അത്..........
കഴിഞ്ഞ പിറവിയില്‍ നീ തന്ന സമ്മാനം ഇന്നുമെന്നെ മുറിവേല്‍പ്പിക്കുന്നുണ്ട്...
നിറക്കൂട്ടുകള്‍ കൊണ്ട് നീയൊരുക്കിയ സൌധം പൊടിയണിഞ്ഞ് നിഴല്‍ വീണ്, മങ്ങിപ്പോയി....
നാം യാത്രയിലാണ്...
അങ്ങു ദൂരെ നീ നിറം കൊടുത്ത സൂര്യകാന്തി ചിരിക്കുന്നു...
അവയുടെ പൂന്തോട്ടം തേടിയാണല്ലോ സഞ്ചാരം...
എനിക്കു മുന്നേ നടന്നു മറഞ്ഞവന്‍ നീ...
ഞാന്‍ പിന്നിലുണ്ടെന്ന വിശ്വാസത്തില്‍ തിരികെ നോക്കാതെ അതിവേഗത്തില്‍ നീ മരഞ്ഞു പോയി.
നീ അവശേഷിപ്പിച്ച തണലുകളില്‍ ശ്രദ്ധിച്ച് ഞാനും ഒപ്പമുണ്ട്...
രക്തം പുരണ്ട നിന്‍റെ സമ്മാനം എന്‍റെ ചെപ്പിലെ രഹസ്യ അരയില്‍ ഇപ്പോഴും മൌനമണിഞ്ഞ് കിടക്കുന്നു,
ഇത്തവണ ഊഴം എന്‍റേത്...
ഞാന്‍ ആലോചനയിലാണ്, മുറിഞ്ഞു പോയ നിന്‍റെ കേള്‍വിയ്ക്കു പകരം എന്‍റെ കാഴ്ച്ച മതിയാകുമോ...........
ജന്‍മങ്ങളുടെ നോവുകള്‍ മൂടിയ മിഴികളെ ഇനിയും അവശേഷിക്കുന്നത് നീണ്ട വഴി മാത്രം.....
നീ നടന്നു തീര്‍ത്ത ഈ വഴി........

Thursday, June 14, 2012

ഒരു ഗുല്‍മോഹര്‍

ഒരു ഗുല്‍മോഹര്‍ പൂവില്‍ നീയെന്നെ കണ്ടു നിറയുക...
ഒരു പൂവിതളെടുത്ത് തലോടുമ്പോള്‍ ഇറുന്നു വീഴുന്ന എന്‍റെ ഹൃദയരക്തത്തുള്ളികള്‍ കാണാതെ പോകരുത്...
ചുവന്നു കൂമ്പിയ മൊട്ടില്‍ എന്‍റെ പ്രണയം കാണാതെ പോകരുത്.
പൂവിനുമപ്പുറം ,ഗുല്‍മോഹര്‍ തോട്ടങ്ങള്‍ക്കുമപ്പുറം നിന്നെ കാതോര്‍ത്ത് വഴുക്കലുള്ള പാറപ്പുറത്ത് അഭയാര്‍ത്ഥിയായി ഞാന്‍ ഇരിക്കുന്നു. എന്‍റെ പാദങ്ങള്‍ ചുവന്ന് കരുവാളിച്ചു പോയി
മൊഴിയോ ഇടറിയൊടുങ്ങി.
കണ്ണുകളില്‍ കാര്‍മേഘങ്ങള്‍ പടര്‍ന്നു കയറുന്നു.
ആത്മയാനം പ്രതീക്ഷിച്ച് കാത്തിരിപ്പ് അനന്തതയിലേയ്ക്ക് മിഴികള്‍ പായിച്ച് ഒറ്റയ്ക്കുള്ള തപം.
ഈ ഗുല്‍മോഹര്‍ പൂവ്, നിന്‍റെ വഴികാട്ടി, എന്നിലേയ്ക്കെത്താനുള്ള പാത...
വരൂ........... കാത്തിരുന്ന് ഞാന്‍ തളര്‍ന്നു, നീയില്ലാതെ ഒറ്റയ്ക്ക് എന്‍റെ യാത്ര അപൂര്‍ണം.
ഇനിയെനിയ്ക്കുറപ്പുണ്ട്, നിന്‍റെ വഴികളിലെവിടെയോ ഒരു ഗുല്‍മോഹര്‍ പൂത്തിട്ടില്ലേ...
അതുകൊണ്ടു തന്നെ എന്‍റെ അത് നിന്‍റെ വഴികാട്ടിയായതും, നമുക്കിടയിലെ പ്രണയത്തിന്‍റെ തീക്ഷ്ണത പോലെ....

Monday, June 11, 2012

ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടവള്‍ ...

വലിയൊരു നിശബ്ദതയെ ഉള്ളിലൊതുക്കി നീറി നീറി വയ്യാതെയായി.
ഉള്ള്, നൊന്തിരിക്കേ നീയെവിടെയോ ദിക്കറിയാതെ അലയുകയും....
എന്‍റെ നിയതികള്‍ തിരുത്തപ്പെടുകയോ....
ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടവള്‍ ...
അവര്‍ എന്‍റെ വഴിയൊരുക്കുന്നു, എന്നിലേയ്ക്ക് എപ്പോഴും മിഴികളയച്ച് ഇരിക്കുകയും.
നമ്മുടെ പ്രണയത്തെ തുലാസിലളന്ന് പകരം കണ്ണുനീര്, ദാനം ചെയ്യുന്നവര്‍ .
ഞാനൊരു യാത്രയ്ക്ക് തയ്യാറകട്ടെ...
നിന്നില്‍ നിന്ന് ഒട്ടും ദൂരെയല്ല എന്‍റെ ലക്ഷ്യം, പക്ഷേ വഴികള്‍ ഒരുപക്ഷേ എന്നെ ആളുന്ന തീയില്‍ ഉരുക്കിയേക്കാം. പക്ഷേ ഏത് ഇരുട്ടില്‍ ,ആഴമറിയാതെ കിടന്നാലും നീ തന്നെ എന്‍റെ പ്രണയപ്പാതി.
ആത്മാവിന്‍റെ മുറിവ്...
എത്ര മൌനത്തിന്‍റെ ആഴത്തില്‍ മറഞ്ഞാലും, ഞാന്‍ നിന്നെ അതി ഗാഡ്ഡമായി പ്രണയിച്ചു കൊണ്ടേയിരിക്കും.
എന്‍റെ വഴികളില്‍ നിന്നു നീ മറഞ്ഞാലും നിശബ്ദമായി നിന്നെ ആരാധിച്ചു കൊണ്ടേയിരിക്കും.
എനിക്കാരാധന വിശ്വാസത്തെ ഇറുകെ പിടിക്കുന്ന ആലയങ്ങളോടല്ല, അതിനുള്ളിലെ അഗ്നി പാറുന്ന ബിംബങ്ങളോടുമല്ല, എന്നില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തോടു മാത്രം. നിന്നില്‍ നിന്ന് എന്നിലേയ്ക്ക് തുളുമ്പിയൊഴുകുന്ന ഊര്‍ജ്ജത്തിന്, എന്നെ പടര്‍ത്താനാകും, തളര്‍ത്താനും.
ഒന്നേ എനിക്കു വേണ്ടൂ,
അഗാധമായി മിടിയ്ക്കുന്ന നിന്‍റെ ഹൃദയത്തില്‍ ഒരു തുടിപ്പായി എന്നെയും ചേര്‍ക്കുക...
ആത്മാവിന്‍റെ മുറിവില്‍ എന്നെ ചേര്‍ക്കുക, അങ്ങനെ നിന്നെ പൂര്‍ണനാക്കുക...

Thursday, June 7, 2012

നീ ഒരു സഞ്ചാരി

നീ ഒരു സഞ്ചാരി
ഇരുണ്ട മനസ്സുകളിലെ നിഴലുകളെ വിശുദ്ധമാക്കി നീ യാത്ര തുടരുക. മഞ്ഞു മലയും മഴമേടുകളും കടന്ന്, അങ്ങ് ദൂരെ സൂര്യനസ്തമിക്കാത്ത നാട് നിന്‍റെ വരവില്‍ പുളകം കൊള്ളും, ഉള്ള്, ഇവിടെ ഇരുന്ന് നന്‍മകള്‍ നേര്‍ന്നാലും അതിന്‍റെ ഒഴുക്ക് പ്രകാശ ദൂരം വരെ താണ്ടി അലയും.
ഇവിടെ നീ എനിക്കു നല്‍കിയ തുടിപ്പ് എണ്ണമറ്റ കോശങ്ങളായി പെരുകി വീര്‍ക്കുന്നു.
വേദനയില്‍ തുടുക്കുമ്പോഴും നിന്‍റെ ഒരു തലോടല്‍ എന്നെ ചിരിപ്പിക്കുന്നു.
കവിത കരഞ്ഞു പിറക്കുന്നു എന്ന് ആരോ എഴുതിയത് എത്ര ശരിയെന്ന് അറിയുന്നു...
ഇത് എന്‍റേതല്ല, നിന്‍റേതുമല്ല, നമ്മുടെ പ്രണയത്തിന്‍റെ പുസ്തകം. നിനക്കായി ഞാന്‍ സമ്മാനിക്കുന്ന എന്‍റെ ഹൃദയം...
നിന്‍റെ യാത്ര തുടരട്ടെ...
ഞാനിവിടെ നിനക്കായി പ്രാര്‍ത്ഥനയോടെ കവിതകളില്‍ സ്വയം തിരയുകയും...

പ്രാണനും പ്രണവവും നീ തന്നെ ..

നീയെന്നില്‍ തുളുമ്പിയിരിക്കുന്നതു കൊണ്ടാവാം അക്ഷരങ്ങളെന്നില്‍ നിറയാത്തത്.
പറയാനുള്ളതൊക്കെ ഉള്ളിലുള്ള നിനക്കു മുന്നില്‍ മൌനത്തിലലിഞ്ഞു പരന്നൊഴുകുന്നു.
പക്ഷേ ഇന്നെന്തോ ഒരു വിറയില്‍ , ഞരമ്പുകള്‍ക്ക് വല്ലാത്ത പിടി വലി...
ഹൃദയം പൊന്തി വരുന്നതു പോലെ, ശ്വാസം കിട്ടാതെ പ്രാണന്‍ പിടയുന്നത് നീയറിയാതെയല്ലല്ലോ, ഉള്ളില്‍ നിന്‍റെ ആത്മാവ് എനിക്കായി  തുടിയ്ക്കുന്നത് എനിക്കറിയാം അപ്പോഴൊക്കെ എന്നില്‍ ആഴത്തിലുള്ള കുതിച്ചു കയറ്റമുണ്ടാകും.
ഒരു എരിഞ്ഞു കയറ്റം , ഞരമ്പുകള്‍ തടിച്ചു വീര്‍ത്ത് ചിലപ്പോള്‍ കണ്ണുകള്‍ക്കു മുന്നില്‍ വെളുത്ത പുക മാത്രം.....
ഒരു മഹാമൌനത്തിന്‍റെ ആഴത്തില്‍ എത്രയോ ആഴത്തില്‍ നാം മുങ്ങിക്കൊണ്ടേയിരിക്കുന്നു, ചിലപ്പോള്‍ ദിക്കറിയാതെ, ചിലപ്പോള്‍ ലക്ഷ്യമില്ലാതെ...
എങ്കിലും എനിക്കറിയാന്‍ കഴിയുന്നുണ്ട്, അതി ഗാഡ്ഡമായി എന്നെ ഉറ്റു നോക്കുന്ന നിന്‍റെ മിഴികളെ...
ചേര്‍ത്തു വയ്ക്കാന്‍ കൊതിച്ചിട്ടുള്ള വിരലുകളെ...
എനിക്ക് വീണ്ടും വിറയ്ക്കുന്നു..........
ഇത്ര ആഴത്തില്‍ എന്നെ പ്രണയിക്കാതിരിക്കൂ...
ഒരു വിരലകലത്തില്‍ നീയുണ്ടെങ്കില്‍ പോലും നിശബ്ദമായ നോവ് പകരാതിരിക്കൂ......
അല്ല !!! നീയെന്തറിയുന്നു.......... നീയെന്നെയുരുക്കുന്നത് ഒരുപക്ഷേ നീ പോലും അറിയുന്നുണ്ടാവില്ല...
അത്ര അഗാധതയിലിരുന്നല്ലേ മന്ത്രണങ്ങള്‍ ...
പ്രാണനും പ്രണവവും നീ തന്നെ ..
പ്രണയവും നീയും ഒന്നു തന്നെ...
അപ്പോള്‍ ഞാനോ... നിന്നിലുരുകി ചേര്‍ന്ന തുടിപ്പ്.....
നിന്നില്‍ തുടങ്ങി നിന്നിലൊടുങ്ങുന്ന നിശ്വാസങ്ങള്‍ ...
ഒരു നിശ്വാസത്തിന്‍റെ ദൈര്‍ഘ്യം മതി എനിക്ക്, അതു നിനക്കു വേണ്ടിയാകുമ്പോള്‍ ഒരു ജന്‍മം കൊഴിഞ്ഞു പോകുന്നത് മധുരമാണ്...
നിന്നിലൂടെയാകുമ്പോള്‍ ഇനി ജന്‍മങ്ങളില്ലാത്ത പോലെയും...