Monday, April 16, 2012

കാവലാളുകള്‍.....

നിന്‍റെ കണ്ണുകളില്‍ കാമം കത്തുന്നത് ഞാന്‍ കണ്ടിട്ടില്ല, അപാരമായ കാരുണ്യം വഴിയുന്ന രണ്ടു കടല്‍ പോലെയാണവ. അതില്‍ മുങ്ങിത്താഴാന്‍ എനിക്കിഷ്ടമാണ്. പ്രപഞ്ചമുറങ്ങിക്കിടക്കുന്ന രണ്ടാത്മാക്കള്‍, നമ്മളാകുമ്പോള്‍ നമ്മുടെ പടിവാതിലില്‍ ഒരു പേടകം കാത്തു നില്‍ക്കുന്നത് നീ കണ്ടുവോ?
അതിശൈത്യവും പൊള്ളുന്ന വേനലും, പ്രളയവും ഭൂമിയെ വിഴുങ്ങുമ്പോള്‍ ലോകം മുഴുവന്‍ നമ്മിലേയ്ക്ക് ചുരുങ്ങുകയും നാം ഉടല്‍ജീവികളുടെ പ്രതിനിധികളാവുകയും ചെയ്യുമത്രേ...
അലയ്ക്കുന്ന കടല്‍ഭിത്തികളില്‍ പേടകം താളം പിടിയ്ക്കുന്നുണ്ട്....
അതിനുള്ളില്‍ വസ്ത്രങ്ങള്‍ നിഷിദ്ധമത്രേ, അല്ലെങ്കിലും നമുക്കെന്തിന്, വസ്ത്രങ്ങള്‍, ശരീരത്തിന്‍റെ പ്രഭാവത്തില്‍ നാം ഒരിക്കലും ആകൃഷ്ടര്‍ ആയിരുന്നേയില്ലല്ലോ. നിന്‍റെ കണ്ണുകള്‍ മാത്രമേയുള്ളൂ എന്‍റെ മുന്നില്‍. പ്രപഞ്ചം നമ്മളാകുമ്പോള്‍ നാം ഒന്നായി മാറുമല്ലോ... വസ്ത്രങ്ങള്‍ക്കുള്ളില്‍ പോലും നാം ശരീരമില്ലാത്തവര്‍. ഈ പേടകം എങ്ങോട്ട് ഒഴുകുന്നതെന്നറിയില്ല, അനാദിയായ ഏതോ ഒരു ദിക്കില്‍ നിന്ന് വന്ന് കൃത്യമായ ദിശാബോധത്തോടെ ഇത് നമ്മേ കൊണ്ടു പൊയ്ക്കൊള്ളും. ഒരിക്കല്‍ തിരയൊടുങ്ങുമ്പോള്‍ നാമേതോ തീരത്തില്‍ അഭയം കണ്ടെത്തിയേക്കും. ഒരു പുതിയ യുഗം നമ്മില്‍ തുടങ്ങുകയാവാം അല്ലേ...
അല്ലെങ്കിലും നാം രണ്ട് തോണിക്കാര്‍ മാത്രമാണല്ലോ, ഒഴുക്കിനെതിരേ തുഴയാന്‍ വിധിക്കപ്പെട്ട കാവലാളുകള്‍.....

No comments:

Post a Comment