Monday, April 30, 2012

ഇന്നലെ ഞാനുറങ്ങിയില്ല

ഇന്നലെ ഞാനുറങ്ങിയില്ല... എന്തുകൊണ്ടോ ഒരു മയക്കം മാത്രമവശേഷിപ്പിച്ച് നിദ്ര എന്നെ വിട്ടൊഴിഞ്ഞു... ഇടവേളകളില്‍ നീ എന്നില്‍ നിറഞ്ഞു നിന്നതു കൊണ്ടാവണം വല്ലാത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടുവോ...
ഉള്ള്, നൊന്ത് നൊന്ത് ഞാന്‍ കരഞ്ഞതു പോലെ...
നീ എന്നെ എപ്പൊഴും വീര്‍പ്പുമുട്ടിച്ചു കൊണ്ടേയിരിക്കുന്നു, ഹൃദയത്തിലെടുത്തു വച്ച ഭാരം എന്നെ വിവശയാക്കുന്നുണ്ട്...
അകം നിറഞ്ഞ് പൊട്ടാറായി....
ഉറക്കം കൂടി നഷ്ടപ്പെട്ട ഞാന്‍ തേടലിലാണ്... അതു തുടരട്ടെ.....

 

Sunday, April 29, 2012

ഹൃദയം വേദനിക്കുന്നു

ഞാനെന്‍റെ ഹൃദയം പറിച്ചു നിനക്കു നല്‍കാം പക്ഷേ ഒരു ചുംബനം......... നിനക്കറിയില്ലേ നിന്‍റെ വസ്ത്രത്തോട് എനിക്ക് എന്തു പ്രതിപത്തി? എന്‍റെ ഹൃദയം വേദനിക്കുന്നു... പ്രാണന്‍ പൊഴിഞ്ഞു പോകാന്‍ നില്‍ക്കുന്നതു പോലെ...
നിന്‍റെ ഓര്‍മ്മകള്‍ പോലും എന്നെ പൊള്ളിക്കുന്നു...
നിന്നിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കൂ, ഞാന്‍ അവിടെയില്ലേ, നിന്‍റെ പ്രാണന്‍റെ ഭാഗമായി..... ശരീരം ഒരു അധികപറ്റായി ഇവിടെ ജീര്‍ണിച്ചു പൊയ്ക്കോട്ടെ... എനിക്ക് നീയാകുന്ന ഗുഹാമുഖത്തിന്‍റെ വാതിലുകളാവുകയാണ്, പ്രധാനം....

Saturday, April 28, 2012

ആപ്പിള്‍ മരച്ചുവട്ടില്‍ നാം.

ചുവന്ന് കലങ്ങിയൊഴുകുന്ന പുഴയുടെ ഓരത്തെ ആപ്പിള്‍ മരച്ചുവട്ടില്‍ നാം.
പുഴയ്ക്കൊപ്പം നീണ്ട മരത്തോപ്പില്‍ പരസ്പരം , മിണ്ടാതെ നാം...
പാതയെ വെടിപ്പാക്കാന്‍ കളകളെ ദൂരെയെറിഞ്ഞ് വ്യത്യസ്ത വഴികളില്‍ നാം...
എന്നോ ഒരിക്കല്‍ കാണുമെന്നും മിണ്ടുമെന്നുമുള്ള അഹങ്കാരത്തെ നമ്മുടെ ധാര്‍ഷ്ട്യം വിലയ്ക്കെടുത്തുവോ?
അല്ലെങ്കില്‍ എന്തിനു പറയണം എനിക്കു നിന്നോട് ഇഷ്ടമെന്ന്...? എന്നിലേയ്ക്ക് നീ നോക്കുന്നത് ഞാനറിയുന്നുണ്ടല്ലോ. 
ചിലപ്പോള്‍ നിനക്കേറെ പ്രിയമുള്ള ആ ചെറിയ ആപ്പിള്‍ മരത്തെ ചാരി നീ നില്‍ക്കുമ്പോള്‍ നിനക്കു ലഭിയ്ക്കുന്ന സന്ദേശങ്ങളെ നീ അവഗണിക്കാറില്ലല്ലോ, ചില ദൂരക്കാഴ്ച്ചകളില്‍ നീ നല്‍കുന്ന പ്രണയത്തെ എന്‍റെ മിഴികള്‍ മൊഴികള്‍ കൊണ്ട് നോവിക്കാതെ എന്നിലേയ്ക്കു തന്നെ അടുക്കി വയ്ക്കാറുണ്ട്...
എനിക്കു നിന്നോട് ഒന്നും പറയാനില്ല....
മൌനത്തിലൂടെ നമ്മള്‍ പരസ്പരം അറിയുന്നുണ്ടല്ലോ...... അതുമതി...
നമ്മുടെ വഴികള്‍ വിദൂരമായി നീണ്ടു പൊയ്ക്കോട്ടെ... നീ നല്‍കുന്ന നിലയ്ക്കാത്ത നോവു മതി എനിക്ക് സ്വയം നിറയാന്‍...

Tuesday, April 24, 2012

നിറഞ്ഞു തുളുമ്പുന്ന പ്രണയം

ഞാന്‍ മഴ നനയുകയും എന്നിലേയ്ക്കുറ്റു നോക്കി നീയെവിടെയോ മറഞ്ഞു നില്‍ക്കുകയും. പരസ്പരം ഒന്നെന്ന് ഭാവിച്ച് യാത്രകളില്‍ നമ്മെ നിറയ്ക്കുകയും. നിന്‍റെ മൌനം എന്നോടുരിയാടുന്നുണ്ട്, നിന്നിലെ നിറഞ്ഞു തുളുമ്പുന്ന പ്രണയം എന്നിലേയ്ക്കൊഴുകുന്നുണ്ട്...

വിങ്ങല്‍

ചാറ്റല്‍ മഴ പെയ്യുന്നുണ്ട് പുറത്ത്........
ഹൃദയം വീര്‍ത്തു കെട്ടി, ശ്വാസം വിലങ്ങി വാക്കുകള്‍ തടഞ്ഞിരിക്കുന്നു. ഇന്നു മഴ നനയവേ നീയെന്നെ ഓര്‍ത്തുവെന്ന് ഈ വിങ്ങല്‍ എന്നെ ബോദ്ധ്യപ്പെടുത്തുന്നു.

Monday, April 23, 2012

നിന്‍റെ തുടിപ്പ്

നേര്‍ത്തൊരു മരവിപ്പിലേയ്ക്ക് നീ സ്വയം ഇറങ്ങി നടക്കുന്നു...
ഞാന്‍ മൂഖപടത്തിനുള്ളില്‍ സ്വയമെരിഞ്ഞ് ദിനങ്ങള്‍ കഴിക്കുകയും. എന്‍റെ അസ്ഥിത്വം ലോകത്തിനു മുന്നില്‍ ഉയര്‍ന്നു പറക്കുന്നു. ഉള്ളുരുകുമ്പോഴും മൌനത്തിന്‍റെ മേലാപ്പില്‍ പുത്തന്‍ ജാലകങ്ങള്‍ തുറക്കുകയും ജനാലവിരികളില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ നമ്മുടെ പ്രണയം പരക്കുകയും.
മിന്നല്‍പിണരുകളെ പോലെ നിന്‍റെ പ്രണയം, അതിന്‍റെ ചൂടില്‍ എന്‍റെ ഹൃദയം അമര്‍ന്നു പോയിരിക്കുന്നു...
വലിയൊരു ആലസ്യം വന്ന് മൂടുമ്പോള്‍ ഉള്ളുലഞ്ഞ് പുറത്തേയ്ക്കു വന്ന നിശ്വാസത്തിനു പോലും വിരഹത്തിന്‍റെ മരവിപ്പ്.
ഒന്നു മിണ്ടാന്‍ തോന്നാതെ , ചിരിക്കാന്‍ തോന്നാതെ എത്ര ദിനങ്ങളായി സ്വയമുരുകി അലഞ്ഞുതിരിയല്‍ ?
നീ വല്ലാതെ ക്ഷീണിതനായിരിക്കുന്നു, പക്ഷേ നിന്നില്‍ നിന്നൊഴുകുന്ന പ്രകാശം എന്നില്‍ നിറഞ്ഞ് സ്വയമൊരു വെളിച്ചമായി ഞാന്‍ പ്രപഞ്ചത്തില്‍ നിറയുന്നു...
നമ്മള്‍ നടക്കുന്ന ദൂരങ്ങളില്‍ ഇരുട്ട് പതിയിരുപ്പുണ്ടത്രേ, നമ്മുടെ പ്രണയത്തിന്‍റെ പ്രകാശം ഒരു ഇരുണ്ട കോണിലെത്തി കെട്ടു പോകാനുള്ളതല്ലെന്ന് നിനക്കറിയില്ലേ?
നിന്‍റെ തുടിപ്പ് എന്‍റെ ഹൃദയത്തിലുണ്ട്... അതവിടെ മര്‍മരങ്ങളുയര്‍ത്തി പിടഞ്ഞു തീരട്ടെ...

Sunday, April 22, 2012

ചിറകുകള്‍

നീ, മൌനത്തിന്‍റെ മേലാപ്പിനാല്‍ സ്വയം പുതച്ച്, എന്‍റെ മുഖത്തെ കടം കൊണ്ട് സ്വയം ഉരുകിത്തീരുകയോ?
പിടച്ചില്‍ കണ്ണുകളിലിരുന്ന് പടരാന്‍ വെമ്പുന്നു, ഞാനേറ്റു വാങ്ങിക്കോളാം, എന്നെയോര്‍ത്താണല്ലോ നിന്‍റെ നോവ്.
എന്നെ കാണാന്‍ വേണ്ടി മാത്രം നീ വേഷങ്ങള്‍ അണിയുന്നു, പഴയത് വഴിയിലുപേക്ഷിക്കുന്നു.
കണ്ണുകള്‍ തേടി വരുമ്പോള്‍ എന്നെ മൂടുന്ന വെള്ള മേഘങ്ങള്‍...
അതിനുള്ളിലെവിടെയോ നമ്മള്‍ പാട്ടിനു ചിറകുകള്‍ വച്ച് ആകാശത്തില്‍ ഉയര്‍ന്നു പറക്കുന്നു....

Monday, April 16, 2012

കാവലാളുകള്‍.....

നിന്‍റെ കണ്ണുകളില്‍ കാമം കത്തുന്നത് ഞാന്‍ കണ്ടിട്ടില്ല, അപാരമായ കാരുണ്യം വഴിയുന്ന രണ്ടു കടല്‍ പോലെയാണവ. അതില്‍ മുങ്ങിത്താഴാന്‍ എനിക്കിഷ്ടമാണ്. പ്രപഞ്ചമുറങ്ങിക്കിടക്കുന്ന രണ്ടാത്മാക്കള്‍, നമ്മളാകുമ്പോള്‍ നമ്മുടെ പടിവാതിലില്‍ ഒരു പേടകം കാത്തു നില്‍ക്കുന്നത് നീ കണ്ടുവോ?
അതിശൈത്യവും പൊള്ളുന്ന വേനലും, പ്രളയവും ഭൂമിയെ വിഴുങ്ങുമ്പോള്‍ ലോകം മുഴുവന്‍ നമ്മിലേയ്ക്ക് ചുരുങ്ങുകയും നാം ഉടല്‍ജീവികളുടെ പ്രതിനിധികളാവുകയും ചെയ്യുമത്രേ...
അലയ്ക്കുന്ന കടല്‍ഭിത്തികളില്‍ പേടകം താളം പിടിയ്ക്കുന്നുണ്ട്....
അതിനുള്ളില്‍ വസ്ത്രങ്ങള്‍ നിഷിദ്ധമത്രേ, അല്ലെങ്കിലും നമുക്കെന്തിന്, വസ്ത്രങ്ങള്‍, ശരീരത്തിന്‍റെ പ്രഭാവത്തില്‍ നാം ഒരിക്കലും ആകൃഷ്ടര്‍ ആയിരുന്നേയില്ലല്ലോ. നിന്‍റെ കണ്ണുകള്‍ മാത്രമേയുള്ളൂ എന്‍റെ മുന്നില്‍. പ്രപഞ്ചം നമ്മളാകുമ്പോള്‍ നാം ഒന്നായി മാറുമല്ലോ... വസ്ത്രങ്ങള്‍ക്കുള്ളില്‍ പോലും നാം ശരീരമില്ലാത്തവര്‍. ഈ പേടകം എങ്ങോട്ട് ഒഴുകുന്നതെന്നറിയില്ല, അനാദിയായ ഏതോ ഒരു ദിക്കില്‍ നിന്ന് വന്ന് കൃത്യമായ ദിശാബോധത്തോടെ ഇത് നമ്മേ കൊണ്ടു പൊയ്ക്കൊള്ളും. ഒരിക്കല്‍ തിരയൊടുങ്ങുമ്പോള്‍ നാമേതോ തീരത്തില്‍ അഭയം കണ്ടെത്തിയേക്കും. ഒരു പുതിയ യുഗം നമ്മില്‍ തുടങ്ങുകയാവാം അല്ലേ...
അല്ലെങ്കിലും നാം രണ്ട് തോണിക്കാര്‍ മാത്രമാണല്ലോ, ഒഴുക്കിനെതിരേ തുഴയാന്‍ വിധിക്കപ്പെട്ട കാവലാളുകള്‍.....

Saturday, April 14, 2012

അടയാളപ്പെടുത്തലുകള്‍

നിന്‍റെ അടയാളപ്പെടുത്തലുകള്‍ എന്‍റെ ഹൃദയത്തെ നിശബ്ദയാക്കുന്നു. ഞാന്‍ നിന്നിലേയ്ക്ക് ഒതുങ്ങിക്കൂടി ഇല്ലാതാവുകയും. നിന്‍റെ വീര്‍പ്പുമുട്ടല്‍ എന്നെ പൊള്ളിക്കുന്നുണ്ട്, ഈ വിരഹത്തിലും നമ്മള്‍ സ്വയം നിറയുകയും.

പ്രണയം

ഈ പ്രണയം എന്നെ മുറിവേല്‍പ്പിക്കുന്നു, ഒപ്പം വളരെ ക്രിയേറ്റീവ് ആക്കുകയും.എന്‍റെ ഹൃദയം പിടയുന്നത് ഏതോ പുതിയ വരികളുടെ താളം കേട്ട്. അതില്‍ നീ ഉണ്ടാവണമെന്നു പോലുമില്ല, പക്ഷേ ആ വാക്കുകള്‍ എനിക്ക് സമ്മാനിച്ചത് നിന്‍റെ പ്രണയമല്ലാതെ മറ്റൊന്നുമല്ല....

Friday, April 13, 2012

ഞാനൊരു ചിത്രം വരച്ചു

ഞാനൊരു ചിത്രം വരച്ചു. പക്ഷേ എനിക്കു പുറകില്‍ ആരോ നാട്ടിയ കണ്ണാടിയിലൂടെ എന്‍റെ മനസ്സ് നീ വായിച്ചു. ഒരു ബിന്ദുവില്‍ എങ്ങനെ കടലിനെ ഒതുക്കാമെന്ന് നീയാണെനിക്ക് കാട്ടിത്തന്നത്, അതുകൊണ്ടാവാം എന്‍റെ ചിത്രത്തില്‍ ആ കടലിന്‍റെ തിര മാത്രമേയുള്ളൂ. നിനക്കപ്പുറം ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങള്‍, അങ്ങു ദൂരെയെങ്കിലും ആകാശത്തെ തൊട്ടു കൊണ്ട് കണ്ണില്‍ നിറയെ സ്നേഹത്തിന്‍റെ അപ്പവും വീഞ്ഞുമായി ഒരിടയന്‍, അവന്‍ എനിക്കായി കൈകള്‍ നീട്ടുന്നു. മെല്ലെ ആ കൈകളില്‍ സ്പര്‍ശിച്ചപ്പോള്‍ ഒരു തണുപ്പ് ഉടലിനെ കടന്ന് ബോധത്തെ കടന്ന് എവിടെയോ ...
കണ്ണിനെ മൂടിയ നീര്‍ത്തുള്ളി വറ്റിയപ്പോള്‍ എനിക്ക് കാണാം മിഴികളില്‍ അപാര സ്നേഹവുമായി നീയായിരുന്നു എന്നെ നോക്കി നിന്നിരുന്നതെന്ന്.....
പക്ഷേ നിനക്ക് ആ പഴയ ആട്ടിടയന്‍റെ ഛായ. വസ്ത്രങ്ങള്‍ പുതിയതെങ്കിലും അതേ നിറം... അവന്‍ നീയായി പരിണമിച്ചതോ അതോ എന്‍റെ ബോധത്തെ കീഴ്പ്പെടുത്തി നീ തന്നെ ഞാനായതോ..........

Thursday, April 12, 2012

പ്രിയനേ......... വരിക..........

ഉയിരു കൂടാതെ ഞാന്‍ ആള്‍ക്കാരില്ലാത്ത ഈ തെരുവില്‍ അലഞ്ഞു നടന്നത് എന്‍റെ പ്രണയത്തിന്‍റെ മധുരം നുകരാന്‍. അവിടവിടെയായി ഉത്സവമേലങ്ങളേയോര്‍മ്മിപ്പിച്ച് തോരണങ്ങള്‍, ഇന്നലെ വരെ ഈ തെരുവിന്, ജീവനുണ്ടായിരുന്നല്ലോ, ഞാനോര്‍ത്തു.
ഇതൊരു തീരമായിരുന്നു, നിറയെ കറ്റലക്കച്ചവറ്റക്കാരും, ബലൂണ്‍വില്‍പ്പനക്കാരും അതിലേറെ പ്രണയികളുമുറങ്ങിയ കടല്‍ത്തീരം.
തിരമാലകളെ സ്നേഹിച്ചവര്‍ക്ക് വലിയൊരു മാറാപ്പില്‍ ഉപ്പുവെള്ളവുമായി വന്ന് കടലമ്മ ആശ്ലേഷിച്ചപ്പോള്‍ ഞാനറിഞ്ഞിരുന്നില്ല, എന്‍റെ നിയോഗത്തെ കുറിച്ച്. മറവി എന്നിലെവിടെയോ ഓര്‍മ്മയുമായി യുദ്ധത്തിലാണ്...
അവിടെ നിന്‍റെ മുഖം മാത്രമേയുള്ളൂ, ഈ അലച്ചില്‍ തുടങ്ങിയിട്ട് എത്ര നേരമായി.... നൂറ്റാണ്ടുകളായെന്ന് ആത്മാവ് മൊഴിയുന്നുണ്ട്....
നീ എവിടെയോ ഇരുന്ന് എന്നെ ഉറ്റു നോക്കുന്നുണ്ട്, നിന്‍റെ കണ്ണുകള്‍ വീഴുമ്പോള്‍ ഞാന്‍ ഉരുകി പോകുന്നത് അറിയുന്നുണ്ട്.
നീയെവിടെയാണ്.......
തിരകളെടുത്ത മനല്‍ത്തിട്ടകളുടെയരുകില്‍ ഇപ്പോഴും എന്നെ കാത്തിരുപ്പാണോ...
അതോ നമ്മുടെ ആത്മാക്കള്‍ പിരിഞ്ഞ ആ മലയടിവാരത്തിലോ.....
പ്രിയനേ......... വരിക..........
നമുക്ക് ഒന്നായി പോകാം, ആത്മാവില്‍ കൂട്ടായി ഗാനങ്ങള്‍ പാടാം... ശരീരമറ്റ് പൂക്കളിലും ചിത്രശലഭത്തിലും ഇടം തേടാം.

വീണ്ടും ഒരു മഴക്കാലം.........

വരികള്‍ വഴിയിലെവിടെയോ അലിഞ്ഞു പോയിരിക്കുന്നു, കടന്നു പോകുന്ന വേനല്‍ ഉരുക്കുമ്പോഴും ആ വിരഹം എന്നെ നോവിച്ചിരുന്നു... ഇടയ്ക്കെപ്പോഴോ നീയെന്നെ കടന്നു പോകുമ്പോള്‍ ഞാന്‍ പരവശപ്പെട്ട് എന്നിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടി, നിനക്കായി കുറിച്ച വാക്കുകളെ വരണ്ടു കിടന്ന വെയിലിന്‍റെ മഞ്ഞ വെളിച്ചത്തിലേയ്ക്ക് ഉണക്കാനിട്ടു.
പക്ഷേ വീണ്ടും ഒരു മഴക്കാലം.........
ഇനി എന്നിലെന്താണ്, നല്‍കാനുള്ളത്. എന്‍റെ പ്രണയം തീച്ചൂളയില്‍പെട്ടിട്ടെന്ന പോലെ എരിഞ്ഞു തീര്‍ന്നുകൊണ്ടിരിക്കുന്നു, നീയോ ഓരോ നിമിഷവും എന്നെയോര്‍ത്ത് നെടുവീര്‍പ്പിടുകയും........
ഈ മഴക്കാലം വര്‍ഷിക്കുന്നത് ഇനിയും നമുക്കിടയില്‍ ബാക്കി വച്ച വാക്കുകളോ....
മൌനം ഈ മഴത്തുള്ളികള്‍ക്കൊപ്പം വന്ന് എന്നെ പൊതിയുന്നു, അതില്‍ നിന്‍റെ നിശ്വാസത്തിന്‍റെ കുളിര്....
നിന്‍റെ പുഞ്ചിരിയുടെ നിശബ്ദത.....
വാക്കുകളുടെ ചൂട്....
നിന്‍ടെ കണ്ണുകള്‍ മുന്നിലുള്ളപ്പോള്‍ ഞാന്‍ മറ്റൊരു മൌനമായി ഉലകിലാകെ നിറഞ്ഞു ചേരുകയും......