നീയിപ്പോള്‍ ഉമ്മറത്തിണ്ണമേല്‍ ഒരു വശം ചരിഞ്ഞ് നിലാവു നോക്കി കിടക്കുന്നു. നീണ്ട പനിയുടെ ആലസ്യം നിന്നെ വല്ലാതെ മെലിയിച്ചു... വേപ്പിലയുടെ നനഞ്ഞ ഗന്ധം ഇടനാഴികള്‍ കടന്ന് എന്നെ മരവിപ്പിക്കുന്നു. നിലാവില്‍ നീ തിരയുന്നത് എന്‍റെ മുഖം... നിന്‍റെ നെഞ്ച് പിടയുന്നത് എനിക്ക് കേള്‍ക്കാം, ആ തുടിപ്പുകളല്ലേ എന്‍റെ പ്രാണന്‍.
ഞാനിപ്പോള്‍ അക്ഷരക്കൂട്ടങ്ങളുടെ നടുവിലാണ്. ഓര്‍മ്മകള്‍ കൊണ്ട് നീ ഒരുക്കിക്കൂട്ടിയ കൊട്ടാരത്തിന്‍റെ അന്തപ്പുരത്തിലൊന്നില്‍ , കയ്യിലൊരു കീബോര്‍ഡും മുന്നില്‍ തുറന്നു വച്ച സാഗരവുമായി ഞാന്‍...
ഈ വലിയ കൊട്ടാരത്തില്‍ ഞാന്‍ തനിച്ച്... നീയെവിടെയോ എന്നെ ഓര്‍ത്ത് നിലാവിനെ ചാരി കിടക്കുകയല്ലേ... എന്നില്‍ ജ്വലിക്കുന്ന ഏകാന്തതയുടെ കനല്‍വെളിച്ചതില്‍ നിലാവും, നീയും നിന്‍റെ ചാരുകസേരയും എന്നില്‍ നിറയുന്നു. വിരഹത്തിന്‍റെ ചൂടില്‍ നാമുരുകുകയും ആത്മാവില്‍ നിന്നോട് സംവദിക്കുകയും, എന്തൊരു വിരോധാഭാസം അല്ലേ...
നീയെന്നില്‍ ഒരു മഴക്കാലമാണ്, നിറയ്ക്കുന്നത്... നീയെന്നിലേയ്ക്ക് വര്‍ഷിച്ച ഒരു മഴക്കാലം... ഈ ഏഴുനില മാളികയുടെ മട്ടുപ്പാവില്‍ നിന്നിലുരുകി, നീയെനിക്ക് സമ്മാനിച്ച മഴക്കാലവും സ്വപ്നം കണ്ട് നിലാവിന്‍റെ മടിത്തട്ടില്‍ ഞാന്‍ വിശ്രമിക്കട്ടെ......
നിന്‍റെ കണ്ണുകള്‍ എന്നിലുണ്ടെന്ന് ഞാനറിയുന്നു...... എനിക്കു സുഖമായുറങ്ങാം.
No comments:
Post a Comment