Monday, January 30, 2012

എന്‍റെ യാത്ര തുടരുന്നു...നീയാകുന്ന ആഴത്തിലുള്ള ഗുഹ തേടി......

ആലസ്യമാര്‍ന്നൊരു മയക്കത്തിന്‍റെ ചൂടില്‍ ദിശാബോധം എന്നെ ഒഴിഞ്ഞു പോയിരിക്കുന്നു.
ശരീരത്തെ മരവിപ്പ് ഭരിക്കുമ്പോള്‍ മിഴികള്‍ എപ്പൊഴും നിന്നെ തേടി...
ഭ്രാന്തന്‍റെ തെരുവിലലയുന്ന വിശപ്പിന്,
ഭക്ഷിക്കാന്‍ ഞാനെന്‍റെ ഗര്‍ഭപാത്രം മുറിച്ചു നല്‍കി.
പകരം ഞാനവിടെ നിറമുള്ള
ചിത്രശലഭങ്ങളെ മേയാന്‍ വിട്ടു.
ഒരു കാഴ്ച്ചയില്‍ നീയെനിക്കു നല്‍കുന്ന നോവ്
എന്നെ തളര്‍ത്തുന്നു.
ആ ആലസ്യത്തില്‍ വീണ്ടും നിറയാന്‍ എന്നിലെ
ചിത്രശലഭങ്ങള്‍ ഇടയ്ക്കിടെ നിന്‍റെ തേടല്‍ എന്നെ അറിയിച്ചു കൊണ്ടിരുന്നു.
എന്‍റെ യാത്ര തുടരുകയാണ്...
ഇപ്പോള്‍ സഞ്ചാരം ഒരു അഗ്നിപര്‍വ്വത്തിന്‍റെ വശത്തിലൂടെ...
ഉള്ളിരുകുന്ന ലാവയുടെ ചൂട്
എന്‍റെ ആത്മാവിനോട് സല്ലാപത്തിലാണ്.
എന്‍റെ ജന്‍മരഹസ്യം അറിയാതെ ഈ ചൂട് എന്നെ ഒഴിയില്ല.
ഞാനെന്തു പറയണം...
കറപറ്റിയ മുഷിഞ്ഞ ഭാണ്ഡവുമായി നടക്കുന്ന എന്‍റെ മാതാവിനെ കുറിച്ചോ?
എച്ചില്‍ പാത്രങ്ങള്‍ക്കിടയില്‍ കാക്കളോട് പോരാടുന്ന പിതാവിനെ കുറിച്ചോ...
അതോ, എവിടെയോ ഇരുന്ന് എന്നിലേയ്ക്ക് ഉറ്റുനോക്കുന്ന നിന്നെ കുറിച്ചോ....
തിളച്ചു മറിയുന്ന അഗ്നി ഞാനേറ്റു വാങ്ങാം
അവയെന്നെ ഉരുക്കിക്കോട്ടെ,
കവാടമില്ലാത്ത ഗുഹാമുഖമായി
നീയെന്നെ കാത്തു നില്‍ക്കുമ്പോള്‍
എനിക്കെന്തിനീ ശരീരം.
നിന്‍റെ ആത്മാവിന്‍റെ വിടവടയ്ക്കാന്‍
എനിക്കീ ശരീരത്തിന്‍റെ ആവശ്യമില്ലല്ലോ...
ഈ വസ്ത്രം ഞാനിവിടെ ഊരിയെറിയട്ടെ,
പകരം നിന്‍റെ പ്രണയത്തെ അണിയാം.
പര്‍വ്വത നിരകള്‍ കടന്ന് മഞ്ഞിന്‍റെ മൂടുപടമിട്ട നിലാവില്‍
തണുത്തുറയാതെ പോകുന്ന നമ്മുടെ പ്രണയത്തിന്‍റെ
നേര്‍ത്ത നിശ്വാസത്തെ പ്രതീക്ഷിച്ച്
എന്‍റെ യാത്ര തുടരുന്നു...
നീയാകുന്ന ആഴത്തിലുള്ള ഗുഹ തേടി......

Friday, January 27, 2012

ഞാന്‍ നീയായി ചുരുങ്ങി ഇല്ലാതെയാകട്ടെ.....

നീയഴിച്ചിട്ട വസ്ത്രം എന്നോ ഈ മണ്ണില്‍ വീണ്, ജീര്‍ണിച്ചു പോയി. പുതിയ വേഷത്തില്‍ നിന്നെ കാണാന്‍ നല്ല ചന്തം. നീ ചിരിക്കുന്നോ... ആത്മാവു കൊണ്ട് നിന്നെ നോക്കുമ്പോള്‍ നിന്‍റെ വസ്ത്രം എന്‍റെ കണ്ണില്‍ പെട്ടുവല്ലോ എന്നോര്‍ത്തല്ലേ നീ ചിരിച്ചത്... കണ്ണുകള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വൃഥാ ശ്രമിക്കുന്നതെന്തിന്, അല്ലേ... ശരിയാണ്....
കണ്ണുകള്‍ക്കു മുന്നില്‍ നീ ചിരിക്കുമ്പോള്‍  ഒരു ജന്‍മം മുന്നിലൂടെ കടന്നു പോയതുപോലെ തോന്നല്‍.
നിന്നെയോര്‍ത്ത് ഞാന്‍ ഉരുകി തീര്‍ന്ന പകലുകള്‍, പിടഞ്ഞു തീര്‍ന്ന രാവുകള്‍, വിരഹം ഉരുക്കിയൊഴിച്ച കിനാവുകള്‍...... 
ആള്‍ക്കൂട്ടത്തിലെ ഏകാന്തതയില്‍ ഞാന്‍ അലഞ്ഞു തിരിയുമ്പോഴും ഞാനറിയാതെ എന്നിലെ പ്രണയം നിന്നെ തിരഞ്ഞ്.... വൃഥാ....
നീ വസ്ത്രമാണെന്ന നാട്യത്തില്‍ എന്നെ മറന്ന്... നിന്നെ മറന്ന്...
എന്‍റെ അലച്ചില്‍ ഇവിടെ തീരട്ടെ,
ഞാന്‍ നീയായി ചുരുങ്ങി ഇല്ലാതെയാകട്ടെ..... അതു വരെ ഞാന്‍ ഉറക്കം ഭാവിക്കാം.......

Saturday, January 14, 2012

എന്‍റെ തേടല്‍ തുടരട്ടെ......


എന്നില്‍ ചക്രവാകപ്പക്ഷി തേങ്ങുന്നുണ്ടെന്ന് കാറ്റ് തിരിച്ചറിഞ്ഞു,
സത്യമാണ്, ഇവിടെ ഓരോ മണ്‍ തരിയിലും ഞാന്‍ തിരയുകയാണ്, നിന്‍റെ കാല്‍പ്പാടുകള്‍...
ഓരോ മാരുതനിലും നിന്‍റെ നിശ്വാസങ്ങള്‍ എന്നെ തലോടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയാണ്.
പക്ഷേ നീയെവിടെയോ മറഞ്ഞിരുന്ന് എന്നിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ടേയിരിക്കുന്നു. സ്വപ്നങ്ങളില്‍ പോലും എന്നിലേയ്ക്കെത്താന്‍ കഴിയാതെ നീ പിടയുകയാണല്ലോ...
ഇനി നീ എനിക്ക് വെറുമൊരു കനവായിരിക്കും.... മനസ്സില്‍ തൊടാതെ , വാക്കുകളിലൊതുക്കാതെ ആത്മാവിനുള്ളില്‍ കരുതി വച്ച എന്‍റെ പ്രണയം ഇവിടെ ഭദ്രമായിട്ടുണ്ടാവും.
നീ നിന്‍റെ യാത്രകളില്‍ ഒറ്റപ്പെട്ട് നടക്കുകയല്ലേ... മൌനത്തില്‍ എന്നെ തിരഞ്ഞ് , ആള്‍ക്കൂട്ടത്തില്‍ തനിയേ....
ഒരു വാക്കില്‍ നീയെന്നെ അലന്നില്ലല്ലോ.... ആശ്വാസം......
എന്‍റെ തേടല്‍ തുടരട്ടെ...... നിന്‍റെ വഴികളില്‍ എന്നെങ്കിലും എന്‍റേതുമായി കൂട്ടി മുട്ടുമ്പോള്‍ നമുക്ക് പരസ്പരം ചിരിക്കാം, അത്ര നാള്‍ മൌനം കൊണ്ട് പറഞ്ഞതൊക്കെ ഒരു ചിരിയിലൂടെ നിനക്ക് പറഞ്ഞു തരാം....

Friday, January 13, 2012

നിന്‍റെ പ്രണയമായി.


ഇന്നീ മണ്‍പാതകള്‍ വല്ലാതെ പൊടിയിലമര്‍ന്ന് കിടക്കുന്നു... മുന്‍പേ നടന്നു പോയ പലരുടേയും കാല്‍പ്പാടുകള്‍ അടുക്കും ചിട്ടയുമില്ലാതെ വരച്ച ഒരു മോഡേണ്‍ ആര്‍ട്ടു പോലെ വഴികളില്‍ തൂങ്ങി കിടക്കുന്നു. എങ്കിലും എനിക്കു നടന്നേ പറ്റൂ. ഇതുവരെ കാണാത്ത വഴികളിലൂടെ , അറിയാത്ത കാലടികള്‍ ചവിട്ടി... യാത്ര തുടരുകയാണ്. ദിക്കറിയാതെ നീയലയുന്ന ദ്വീപിലേയ്കകണെന്‍റെ യാത്ര. വഴിയരുകില്‍ ഒരു കടമ്പു മരം, നിനക്കറിയുമോ ഇതിന്‍റെ ഒരു ശാഖ തളിര്‍ത്തു നില്‍ക്കുന്നുണ്ട്, മറ്റേത് ഉണങ്ങി കൊമ്പുലഞ്ഞ് ഇപ്പോള്‍ വീഴുമെന്ന മട്ടിലും, കാളിന്ദിയുടെ തീരത്താണു ഞാന്‍..... കറുത്ത് നീലിച്ചൊഴുകുന്ന കാളിന്ദിയുടെ തീരത്ത്... അങ്ങു ദൂരെ എനിക്കു കാണാം വലിയ പുകക്കുഴലിലൂടെ ഉയരുന്ന കറുത്ത കാളിയന്‍റെ ഫണം. അത് ആകാശത്തെ ചുറ്റി വരിയുന്നു, കടമ്പു മരത്തെ തച്ചുടയ്ക്കുന്നു, ഒടുവില്‍ ചുഴലിക്കാറ്റായി രൂപം കൊണ്ട് കാളിന്ദിയെ വറ്റിക്കുന്നു.... എനിക്കെല്ലാം കാണാം...

നിന്നെ തിരഞ്ഞിറങ്ങിയ ഞാന്‍ വന്നു പെട്ടിരിക്കുന്ന ലോകം ... ഇവിടെ നിറയെ കാളിയന്‍റെ ഫണങ്ങളാണ്, അവ എന്നെയും ചുറ്റു വരിഞ്ഞേക്കാം. പക്ഷേ നീയെന്നോടൊപ്പം ഉള്ളപ്പോള്‍, നിന്‍റെ പ്രണയം എനിക്കു കൂട്ടായുള്ളപ്പോള്‍ , നിന്‍റെ മൌനം എന്നില്‍ മഴയായ് പെയ്യുമ്പോള്‍ എനിക്ക് ഭയമില്ല. ഒരുപക്ഷേ ഞാന്‍ ഒരിക്കലും നിന്‍റെ ദ്വീപിലെത്തിയില്ലെന്നിരിക്കിലും നിന്നില്‍ ഞാനുണ്ടാവും നിന്‍റെ കണ്ണുകളിലെ തിളക്കമായി... നിന്‍റെ പ്രണയമായി.......,

Saturday, January 7, 2012

നിന്‍റെ കണ്ണുകള്‍ എന്നിലുണ്ടെന്ന് ഞാനറിയുന്നു


നീയിപ്പോള്‍ ഉമ്മറത്തിണ്ണമേല്‍ ഒരു വശം ചരിഞ്ഞ് നിലാവു നോക്കി കിടക്കുന്നു. നീണ്ട പനിയുടെ ആലസ്യം നിന്നെ വല്ലാതെ മെലിയിച്ചു... വേപ്പിലയുടെ നനഞ്ഞ ഗന്ധം ഇടനാഴികള്‍ കടന്ന് എന്നെ മരവിപ്പിക്കുന്നു. നിലാവില്‍ നീ തിരയുന്നത് എന്‍റെ മുഖം... നിന്‍റെ നെഞ്ച് പിടയുന്നത് എനിക്ക് കേള്‍ക്കാം, ആ തുടിപ്പുകളല്ലേ എന്‍റെ പ്രാണന്‍.
ഞാനിപ്പോള്‍ അക്ഷരക്കൂട്ടങ്ങളുടെ നടുവിലാണ്. ഓര്‍മ്മകള്‍ കൊണ്ട് നീ ഒരുക്കിക്കൂട്ടിയ കൊട്ടാരത്തിന്‍റെ അന്തപ്പുരത്തിലൊന്നില്‍ , കയ്യിലൊരു കീബോര്‍ഡും മുന്നില്‍ തുറന്നു വച്ച സാഗരവുമായി ഞാന്‍...
ഈ വലിയ കൊട്ടാരത്തില്‍ ഞാന്‍ തനിച്ച്... നീയെവിടെയോ എന്നെ ഓര്‍ത്ത് നിലാവിനെ ചാരി കിടക്കുകയല്ലേ... എന്നില്‍ ജ്വലിക്കുന്ന ഏകാന്തതയുടെ കനല്‍വെളിച്ചതില്‍ നിലാവും, നീയും നിന്‍റെ ചാരുകസേരയും എന്നില്‍ നിറയുന്നു. വിരഹത്തിന്‍റെ ചൂടില്‍ നാമുരുകുകയും ആത്മാവില്‍ നിന്നോട് സംവദിക്കുകയും, എന്തൊരു വിരോധാഭാസം അല്ലേ...
നീയെന്നില്‍ ഒരു മഴക്കാലമാണ്, നിറയ്ക്കുന്നത്... നീയെന്നിലേയ്ക്ക് വര്‍ഷിച്ച ഒരു മഴക്കാലം... ഈ ഏഴുനില മാളികയുടെ മട്ടുപ്പാവില്‍ നിന്നിലുരുകി, നീയെനിക്ക് സമ്മാനിച്ച മഴക്കാലവും സ്വപ്നം കണ്ട് നിലാവിന്‍റെ മടിത്തട്ടില്‍ ഞാന്‍ വിശ്രമിക്കട്ടെ......
നിന്‍റെ കണ്ണുകള്‍ എന്നിലുണ്ടെന്ന് ഞാനറിയുന്നു...... എനിക്കു സുഖമായുറങ്ങാം.

Thursday, January 5, 2012

എന്നില്‍ നീയുണ്ട്.... പ്രണയമെന്ന ഈശ്വരനുണ്ട്....


അണയാത്ത നിലവിളക്കിന്, ഇന്ന് ഏറെ പ്രകാശമുണ്ടെന്നു തോന്നി, വല്ലാതെ ആഴത്തില്‍ ഒരു നാളം തിളയ്ക്കുമ്പോള്‍ അതെന്‍റെ ഹൃദയമോ എന്ന് തോന്നിപ്പോകുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള പ്രയാണമാണ്, പ്രണയമെന്ന് കാറ്റു മൊഴിയുമ്പോഴും എന്‍റെ കാത്തിരിപ്പൊടുങ്ങുന്നില്ല. എന്‍റെ യാത്രകള്‍ പലതും അങ്ങനെയാണ്, അത്യാര്‍ത്തിയില്‍ തുടങ്ങി വയ്ക്കും, ഒടുവില്‍ പാതി വഴിയില്‍ തുടക്കവും ഒടുക്കവും നഷ്ടപ്പെട്ടവളെ പോലെ നിന്ന് തേങ്ങും.
ആത്മാവിനെ തേടിയുള്ള എന്‍റെ അന്വേഷണവും അങ്ങനെയായിരുന്നു, ഞാനീശ്വരനാണെന്നും എന്നില്‍ പ്രപഞ്ചം ഉറങ്ങുന്നുവെന്നും ഗുരുമുഖം പറഞ്ഞു തന്നു. പിന്നെയും അറിയാന്‍ എന്തൊക്കെയോ ബാക്കി..... യാത്രയില്‍ മനസ്സിലായി തേടിയത് പലതും എന്നിലുള്ളതു തന്നെ, ഈശ്വരന്‍ പ്രണയമെന്ന് എന്നിലിരുന്ന് ആരോ പറഞ്ഞു.... അത് നീയായിരുന്നുവല്ലോ..... നിന്നോടുള്ള പ്രണയത്തില്‍ ഓരോ നിമിഷവും ഞാന്‍ ഉരുകി ചേരവേ ഈ ലോകം എന്നിലേയ്ക്കൊതുങ്ങും പോലെ... അവിടെ മരങ്ങളില്ല, പൂക്കളില്ല, മനുഷ്യരില്ല, കറങ്ങുന്ന ഭൂമിയില്ല, എന്‍റെ മുന്നില്‍ ഇപ്പോള്‍ ഉള്ളത് ആഴത്തില്‍ എന്നെ നോക്കുന്ന നിന്‍റെ രണ്ടു കണ്ണുകള്‍ മാത്രം. അതിനുള്ളില്‍  എന്നെ തന്നെ തിരയുന്ന ഞാനും... നീയാണെനിക്ക് ഈശ്വരനെ പരിചയപ്പെടുത്തിയത്..... പ്രണയം എന്നിലേയ്ക്കിറ്റിച്ചത്...
ഇപ്പോള്‍ ഞാനറിയുന്നു, നീയെന്നാല്‍ ഞാനെന്ന്........ വെറുതേ കാട്ടിലും പൂക്കളിലും നിന്നെ തിരയേണ്ടതില്ലെന്നും.... എന്‍റെയുള്ളില്‍ നീ നിറഞ്ഞു കത്തുമ്പോള്‍ ഞാന്‍ എന്നെ തന്നെ നോക്കിയിരിക്കുന്നു.......... എന്നില്‍ നീയുണ്ട്.... പ്രണയമെന്ന ഈശ്വരനുണ്ട്....

Wednesday, January 4, 2012

ഒരു മെഴുകുതിരി പോലെ....


നീയെവിടെ മറഞ്ഞിരിക്കുന്നു... നീ സഞ്ചരിച്ചിരുന്ന പാതകള്‍ ഇന്ന് വല്ലാതെ നിശബ്ദതയിലമര്‍ന്നിരിക്കുന്നു, ചുറ്റിനും ഇടതൂര്‍ന്ന മരങ്ങള്‍ നിറഞ്ഞ വഴികള്‍ ഒരു കാറ്റിനു പോലും മുഖം കൊടുക്കാതെ വിഷാദത്തിലാണ്. എത്രയകലെയെങ്കിലും(അതോ കയ്യകലത്തിലോ) നീ എന്നിലുണ്ടാക്കുന്ന മരവിപ്പ് എന്‍റെ ബോധത്തേയും ജീവനെ തന്നെയും കവര്‍ന്നെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നു. നിന്നെയെഴുതാന്‍ ഇത്ര നാള്‍ എനിക്കു കൂട്ടായി നിന്ന അക്ഷരങ്ങള്‍ പോലും എന്നെ തളര്‍ത്തുന്നു, മൌനത്തിന്‍റെ വ്യാപ്തിയേക്കാള്‍ കൂടുതലല്ലല്ലോ ഒരു അക്ഷരവും. എന്നില്‍ നീ വല്ലാതെ പിടി മുറുക്കുന്നു, നീയെന്നെ ഓര്‍മ്മിക്കുന്നുണ്ടെന്ന് എന്നിലുയരുന്ന മിടിപ്പുകള്‍ അടയാളപ്പെടുത്തുന്നു. ഇടയ്ക്കിടെ നിശ്ചലമാകുന്ന എന്‍റെ ഹൃദയം എന്നെ ഓര്‍മ്മിപ്പിക്കുന്നു. മിടിപ്പുകളില്‍ നീ നിറയുമ്പോള്‍ അവ എന്നെ നിറഞ്ഞു കവിഞ്ഞ് വഴികളില്ലാതെ , പുറത്തേയ്ക്കു വരാനാകാതെ നീറിപ്പുകയുന്നു...
നീയെവിടെ മറഞ്ഞിരിക്കുന്നു പ്രിയനേ....
നീയില്ലാതെ, നിന്‍റെ നോട്ടമേല്‍ക്കാതെ എന്‍റെ പൂന്തോട്ടത്തിലെ ചെടികള്‍ വാടിക്കൊഴിയുന്നു...
നിന്‍റെ സാമിപ്യമില്ലാതെ അവയെ ഞാനെങ്ങനെ പരിപാലിക്കും...
നീ കാഴ്ചയായ് എന്നില്‍ നിറയുമ്പോഴല്ലാതെ എങ്ങനെ, ഞാനവയെ നോക്കി പുഞ്ചിരിക്കും.
എനിക്ക് ഒന്നിനും കഴിയുന്നില്ല...... അടഞ്ഞ ഒരു ജനാല പോലെ വെളിച്ചമേല്‍ക്കാതെ മൌനിയായ് നീണ്ട തപത്തിലാണു ഞാന്‍, ദിനങ്ങള്‍ കഴിയുമ്പോള്‍, ഞാനും ഇവിടെ ഉരുകി ചേരുന്നു.... ഒരു മെഴുകുതിരി പോലെ....