Saturday, July 7, 2012

ഒരു ചുംബനം തരിക.....

എന്‍റെ മറുകുറിപ്പുകളില്‍ കണ്ണുകള്‍ പരതി ഒടുവില്‍ പതിയെ മിഴികളെ അടച്ച് മൌനത്തിലമര്‍ന്നു കിടക്കുമ്പോള്‍ എനിക്കറിയാം നീ വിങ്ങുന്നത്...
ഒരു വരി പോലും നല്‍കാനില്ലാതെ സ്വയം മടങ്ങുമ്പോള്‍
നിസ്സഹായതയുടെ മേലാടയില്‍ നീ സ്വയം മറഞ്ഞിരിക്കുന്നു...
എനിക്കും മൌനത്തിലമരാന്‍ കൊതി.....
നിര്‍വ്വികാരതയുടെ അതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ നിശബ്ദതയാണു മനോഹരം.
ഒന്നുണ്ട്....... ആത്മാവിന്‍റെ അടങ്ങാത്ത വിശപ്പ്...
നിലവിളി ഉച്ചത്തിലാകുമ്പോള്‍ ഒന്നു തൊട്ടു തലോടുക...
മുറിവിന്‍മേല്‍ ഒരു ചുംബനം തരിക.....
ഉടലുകൊണ്ടല്ല... ആത്മാവു കൊണ്ട്....

അരേ ഓ ഖവാലീ

അരേ ഓ ഖവാലീ
നീയൊരു സമചിഹനമാണ്,
എന്തിലേയ്ക്കെന്നോ?
എന്‍റെ പ്രണയത്തിലേയ്ക്ക്.
നീ തരുന്ന ചില അലോസരതകള്‍
ഒരുപക്ഷേ ഉന്‍മത്തതയിലേയ്ക്കു
നീളുന്ന വഴികള്‍ പോലെ.
ഉച്ഛസ്ഥായിയില്‍ അതിഭ്രാന്തമായി
നീ ധ്യാനത്തിന്‍റെ വക്കില്‍ ...
ഭ്രാന്തും ധ്യാനവും.....
അവയെ താരതമ്യപ്പെടുത്താനാകാതെ 
കേള്‍വി വലയുമ്പോള്‍
നീ നിന്‍റെ അവസാന ശ്വാസത്തിലും
പ്രണയത്തില്‍ ലയിച്ച് ചേര്‍ന്നു കൊണ്ടേയിരിക്കുകയാവും.

Thursday, June 28, 2012

മഴ വെറുതേ പെയ്യുന്നു.....

മഴ വെറുതേ പെയ്യുന്നു.....
ഒരു കനിവു പോലും കാട്ടാതെ ഹൃദയത്തിലേയ്ക്ക് നിന്നെ പെയ്യിച്ചു കൊണ്ട് തിമിര്‍ത്തു നിറയുകയാണ്, മഴവെള്ളം.
ഓരോ നിമിഷവും ഉള്ള്, പിടയുന്നത് നീയവിടെ നിറഞ്ഞു തുളുമ്പിയിരിക്കുന്നതു കൊണ്ട്...
മൂടിയ പ്രകൃതിയ്ക്ക് എന്‍റെ മുഖം...
ആ മൂടല്‍ സങ്കടത്തിന്‍റേതല്ല, മറിച്ച് തൊണ്ട വരെ തിങ്ങി വരുന്ന പ്രണയത്തിന്‍റെ പരവേശത്തിന്‍റേതാണ്.
ആനന്ദത്തിന്‍റെ പരകോടിയില്‍ ഞാന്‍ ആര്‍ത്തലയ്ക്കുന്നുണ്ട്...
എന്‍റെ പ്രിയനെ............. നീ നല്‍കുന്ന പ്രണയം എനിക്കു തരുന്ന ഊര്‍ജ്ജം അളവുകള്‍ക്കതീതം, ഒരുപക്ഷേ കാലത്തിനും...
പ്രണയത്തില്‍ കൊടുക്കല്‍വാങ്ങലുകള്‍ ഇല്ലത്രേ, പക്ഷേ നീ എന്നില്‍ തിരയുന്ന നിന്‍റെ ഭ്രാന്ത് ഓരോ മഴയും എന്നെ ഓര്‍മ്മിപ്പിക്കുന്നു....
ചില നേരങ്ങളില്‍ നിന്‍റെ തുടിപ്പ് എനിക്ക് തൊട്ടെടുക്കാവുന്നതു പോലെ...

Wednesday, June 27, 2012

ഞാനോ അതോ നീയോ?

എന്‍റെ ഉയിരിനേയും ഉടലിനേയും വിഴുങ്ങി നീ എവിടേയ്ക്കോ.....
തിരഞ്ഞു നടന്നു ആത്മാവ് പൊള്ളുന്നു....
ചിതറിത്തെറിച്ചു പോകുന്നത് ഞാനോ അതോ എന്നിലെ നീയോ?
ഒരു വലിയ മലയുടെ മുകളില്‍ ഞാന്‍ ധ്യാനത്തില്‍ ,
എനിക്ക് പ്രണയം ജീവശ്വാസം, ആത്മാവിന്‍റെ ഭക്ഷണം.
ധ്യാനിക്കുമ്പോള്‍ പോലും ഉരുവിടുന്ന മന്ത്രം "നീ........." എന്നു മാത്രം...
അഭിസംബോധനകളില്ലാതെ നീ എന്നിലേയ്ക്കെന്തോ മൌനത്തില്‍ ഉരുവിടുന്നു,
ഒട്ടൊരു നിലവിളിയോടെ ഞാനതു കേട്ടിരിക്കുകയും. മലയുടെ മുകളിലെ ഏകാന്തത എന്നെ കീഴ്പ്പെടുത്തും മുന്‍പ് നീ കടന്നു വരൂ.........
ചിരിയും കരച്ചിലും ഒരുമിച്ച് നിറയ്ക്കുന്ന എന്നിലെ ഭ്രാന്തിനെ ഒന്നു തലോടൂ......
ഇല്ലെങ്കില്‍ ഞാന്‍ മരവിച്ചു പോകും....
അക്ഷരങ്ങള്‍ എന്നെ ഉപേക്ഷിച്ച് മടങ്ങും. അനാദിയായ കാലപ്രവാഹത്തിലേയ്ക്ക് ഞാന്‍ കാല്‍ വഴുതി വീണു പോകും.
നിറങ്ങള്‍ യോജിച്ചവ ചേര്‍ത്തു സ്വപ്നങ്ങളാക്കും മുന്‍പ് ചായം കലങ്ങി പോകും...
നീയെവിടെ ആയിരുന്നാലും സുഖമായിരിക്കുക...
പക്ഷേ ഉയിരിനേയും ഉടലിനേയും കാര്‍ന്നു തിന്നുന്ന ഈ പ്രണയത്തെ നീ എന്നില്‍ നിന്നും അടര്‍ത്തി മാറ്റരുതേ.......
നിന്നില്‍ തുടങ്ങി നിന്നില്‍ അവസാനിക്കുന്ന ഒരു മൌനസഞ്ചാരം, അതിന്‍റെ പാത എന്നിലൂടെയാണെന്നു മാത്രം....

Friday, June 22, 2012

ഇടതുവശത്ത് ഒരു തരിപ്പ്...

ഇടതുവശത്ത് ഒരു തരിപ്പ്...
എന്തോ ആഴത്തില്‍ ഹൃദയത്തിലേയ്ക്ക് കുത്തിക്കയറുന്നതു പോലെ...
എന്‍റെ ഹൃദയം കുത്തിക്കീറി നീ എവിടെയോ മറയുകയും.
പെയ്തു പോകുന്ന മഴപ്പാതി പറയുന്നതു പോലെ, എനിക്ക് ആരാധനാലയങ്ങളില്ല, നമസ്കരിക്കാന്‍ മുന്നില്‍ വിഗ്രഹങ്ങളും ആവശ്യമില്ല. തുളുമ്പിയുരുകുന്ന പ്രണയത്തിലെല്ലാമുണ്ട്. നല്‍കാന്‍ മടിച്ച് നീയിരിക്കുമ്പോള്‍ നീയറിയുന്നുണ്ടോ, എത്ര വലിയ നോവാണ്, നീയെനിക്ക് നല്‍കുന്നതെന്ന്...
നോവുന്ന ഉള്ളിനോട് എന്തു പറയണമെന്നറിയാതെ നിന്നിലേയ്ക്കുറ്റു നോക്കി ഞാന്‍ ....
ഊര്‍ജ്ജത്തിന്‍റെ അത്യുത്സാഹത്തില്‍ എന്നില്‍പടര്‍ന്നു കയറുന്ന മരവിപ്പ് ഉടലിനെയാകെ നൊമ്പരപ്പെടുത്തുന്നു.
ഇടയ്ക്ക് നീ നല്‍കിയ വരികളെ ഇളം റോസ് നിറമുള്ള പുഷ്പങ്ങളാക്കി അതിന്‍റെ സുഗന്ധം എന്നിലേയ്കിറ്റിയ്ക്കുമ്പോള്‍, അപ്പോള്‍ അപ്പോള്‍ മാത്രം ഞാന്‍ എടുത്തു ചാടുന്ന ഉയരം... ഒരു വലിയ മലയുടെ മുകളില്‍ നിന്നും താഴേയ്ക്ക്...
പേടിക്കണ്ട...
ഞാനിപ്പോള്‍ അതേ അവസ്ഥയിലെന്ന് പറഞ്ഞുവെന്നേയുള്ളൂ..

Thursday, June 21, 2012

മുഖപുസ്തകത്താളില്‍ പ്രണയം പരന്നൊഴുകി...

ഇന്നു ഹൃദയം വല്ലാതെ പുകയുന്നു....
നീ മൌനത്തിലിരിക്കുന്നതിന്‍റെ ചൂട് പൊള്ളിക്കുന്നതു കൊണ്ട് മുഖപുസ്തകത്താളില്‍ ഇന്ന് പ്രണയം പരന്നൊഴുകി...
കണ്ണുകള്‍ക്കു മുന്നില്‍ വന്ന വെളുത്ത പാട കാഴ്ച്ചകളെ മറയ്ക്കുന്നതുകൊണ്ട് മറുകുറിപ്പുകള്‍ കണ്ണിലുടക്കിയില്ല. തിരഞ്ഞത് നിന്നെ മാത്രമായിരുന്നല്ലോ...
നീ വായിക്കാനില്ലാതെ എന്തിനീ കുറിപ്പുകള്‍ ...
തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തെരുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുമ്പോള്‍ എപ്പോഴെങ്കിലും ഒരു നീറ്റല്‍ ഉള്ളില്‍ തൊടുന്നെങ്കില്‍ ഓര്‍ക്കുക, അത് എന്‍റെ പ്രണയം നിന്നെ തലോടുന്നതെന്ന്....
വഴിവിളക്കുകള്‍ ഇപ്പോള്‍ പ്രകാശം വീണ്ടെടുത്തിട്ടുണ്ടാകുമല്ലേ...
യാത്രകളിലെ ഏകാന്തതയില്‍ ഒരു കടല്‍ദൂരം ഇരുന്ന് നിനക്കായ് നോവുന്ന മൌനത്തെ നിന്‍റെ ഹൃദയം നിനക്ക് ഓര്‍മ്മപ്പെടുത്താതിരിക്കില്ല.
എന്‍റെ കഥയില്‍ കഥാപാത്രങ്ങള്‍ സഞ്ചരിച്ച വഴികളിലൂടെ അതിലൊരു കഥാപാത്രമായ നീ വീണ്ടും...
കാണാത്ത ദൂരങ്ങള്‍ എന്നിലുണ്ടെങ്കിലും എന്‍റെ പ്രണയമുണ്ട് നിന്നോടൊപ്പം, നിന്‍റെ വഴികളില്‍ ...
തിരക്കാര്‍ന്ന നഗരപാതകളില്‍ ...

Sunday, June 17, 2012

വാന്‍ഗോഗ്.........

നിന്‍റെ നാമം തിരക്കി ഞാന്‍ ഏറെ അലഞ്ഞു...
മുള്‍പ്പാതകള്‍ പിന്നില്‍ നിറയെ...
നീ പേരില്ലാത്തവന്‍ ....
ഒരു വിളിയിലൊതുക്കാതെ മൌനം കൊണ്ടു നീയെന്നോട് ഉരിയാടുന്നു.
എന്‍റെ വഴിയില്‍ ഒരു താമരയിതള്‍ കാത്തു കിടക്കുന്നു
നീ എനിക്കായി കുറിച്ച കവിത....
അവസാനം ഒപ്പിനു പകരം നിന്‍റെ പേര്...
വാന്‍ഗോഗ്.........
നീ....... നീ തന്നെയോ അത്..........
കഴിഞ്ഞ പിറവിയില്‍ നീ തന്ന സമ്മാനം ഇന്നുമെന്നെ മുറിവേല്‍പ്പിക്കുന്നുണ്ട്...
നിറക്കൂട്ടുകള്‍ കൊണ്ട് നീയൊരുക്കിയ സൌധം പൊടിയണിഞ്ഞ് നിഴല്‍ വീണ്, മങ്ങിപ്പോയി....
നാം യാത്രയിലാണ്...
അങ്ങു ദൂരെ നീ നിറം കൊടുത്ത സൂര്യകാന്തി ചിരിക്കുന്നു...
അവയുടെ പൂന്തോട്ടം തേടിയാണല്ലോ സഞ്ചാരം...
എനിക്കു മുന്നേ നടന്നു മറഞ്ഞവന്‍ നീ...
ഞാന്‍ പിന്നിലുണ്ടെന്ന വിശ്വാസത്തില്‍ തിരികെ നോക്കാതെ അതിവേഗത്തില്‍ നീ മരഞ്ഞു പോയി.
നീ അവശേഷിപ്പിച്ച തണലുകളില്‍ ശ്രദ്ധിച്ച് ഞാനും ഒപ്പമുണ്ട്...
രക്തം പുരണ്ട നിന്‍റെ സമ്മാനം എന്‍റെ ചെപ്പിലെ രഹസ്യ അരയില്‍ ഇപ്പോഴും മൌനമണിഞ്ഞ് കിടക്കുന്നു,
ഇത്തവണ ഊഴം എന്‍റേത്...
ഞാന്‍ ആലോചനയിലാണ്, മുറിഞ്ഞു പോയ നിന്‍റെ കേള്‍വിയ്ക്കു പകരം എന്‍റെ കാഴ്ച്ച മതിയാകുമോ...........
ജന്‍മങ്ങളുടെ നോവുകള്‍ മൂടിയ മിഴികളെ ഇനിയും അവശേഷിക്കുന്നത് നീണ്ട വഴി മാത്രം.....
നീ നടന്നു തീര്‍ത്ത ഈ വഴി........