സന്ന്യാസി എന്നാല്‍ സഞ്ചാരി എന്നത്രേ അര്‍ത്ഥം ഗ്രഹിക്കേണ്ടത്. പൊടി മണ്ണു പിടിച്ച പാതയിലൂടെ ഒറ്റപ്പെട്ട് പാദുകങ്ങള്‍ കടലിലെറിഞ്ഞ് കയ്യിലൊരു വക്കു പൊട്ടിയ ഭിക്ഷാപാത്രവുമായി എന്‍റെ പ്രണയം...
നിന്‍റെ ഞരമ്പുകളില്‍ ചലിക്കുന്നത് വിപ്ലവത്തിന്‍റെ ചുവന്ന ചായം. പക്ഷേ പിന്നെന്തിന്, കാവിയുടെ അഗ്നിയെ ഉടലിലേന്തി.... നിന്‍റെ സഞ്ചാരത്തിന്‍റെ വഴികള്‍ ഞാന്‍ നോക്കിയിരിക്കുന്നു, നാളെ എന്‍റെ യാത്രയും ഇതുവഴി തന്നെയല്ലേ... ഇരുണ്ട ഒരു നിഴലവശേഷിപ്പിച്ച് ഞാന്‍ നിന്‍റെ പാതയിലെ വെയിലേയ്ക്ക് ചായുമ്പോള്‍ നിന്‍റെ യാത്ര അങ്ങ് കിഴക്ക് മഞ്ഞു കട്ടകളില്‍ സ്വയമുരുക്കിയാകും. എനിക്കോ നിനക്കോ സഹയാത്രികരില്ല.
മൌനത്തില്‍ നിന്നെ വായിച്ച് ,നിന്‍റെ കാലടികള്‍ ബാക്കി വച്ച മണ്ണിനെ തലോടി ഞാനും മഞ്ഞുമലകള്‍ക്കിടയില്‍.....
ഇരുണ്ട നൂലുപോല്‍ വെളിച്ചം അരിച്ചു വരുന്ന ചെറിയൊരു ഗുഹയുടെ ഒത്ത നടുക്ക് നീ...
തണുത്ത പാറയുടെ കാഠിന്യം നീയണിഞ്ഞിരിക്കുന്നു...
വേഷങ്ങളൊന്നുമില്ലാതെ നിന്‍റെ ഉടല്‍ പാറയിലുരുകി ചേര്‍ന്ന പോലെ...
അടഞ്ഞ കണ്ണുകളെങ്കിലും മൌനം കൊണ്ട് നീയെനിക്ക് പകര്‍ന്ന വെളിച്ചം...
ഇനി എനിക്ക് യാത്രയില്ല........
ഒന്നായി ഉരുകി ചേരാനല്ലാതെ ഇനിയെനിക്ക് മോഹങ്ങളുമില്ല...
നീയും ഞാനും ഒന്നെന്നറിഞ്ഞ നാള്‍ മുതല്‍ തുടങ്ങിയ യാത്രയാണ്, മടുപ്പില്ലാതെ അലഞ്ഞ് ഒടുവില്‍ ഈ യാത്ര ഇവിടെ ഒടുങ്ങട്ടെ....
അണിഞ്ഞിരിക്കുന്ന നിറമുള്ള വസ്ത്രങ്ങളഴിച്ച് ആത്മാവിന്‍റെ ശുദ്ധികലശം നടത്താം.
തിരിച്ചറിവുകള്‍ പ്രകാശമാകുമ്പോള്‍ ബാക്കി ഒന്നുമില്ല...
ഞാനുമില്ല.. നീയുമില്ല....
ഉള്ളത് കാലാതിവര്‍ത്തിയായി നില്‍ക്കുന്ന ചെറിയ കവാടമുള്ള ഈ ഗുഹ മാത്രം.
No comments:
Post a Comment