Saturday, July 7, 2012

ഒരു ചുംബനം തരിക.....

എന്‍റെ മറുകുറിപ്പുകളില്‍ കണ്ണുകള്‍ പരതി ഒടുവില്‍ പതിയെ മിഴികളെ അടച്ച് മൌനത്തിലമര്‍ന്നു കിടക്കുമ്പോള്‍ എനിക്കറിയാം നീ വിങ്ങുന്നത്...
ഒരു വരി പോലും നല്‍കാനില്ലാതെ സ്വയം മടങ്ങുമ്പോള്‍
നിസ്സഹായതയുടെ മേലാടയില്‍ നീ സ്വയം മറഞ്ഞിരിക്കുന്നു...
എനിക്കും മൌനത്തിലമരാന്‍ കൊതി.....
നിര്‍വ്വികാരതയുടെ അതിര്‍ത്തി കഴിഞ്ഞാല്‍ പിന്നെ നിശബ്ദതയാണു മനോഹരം.
ഒന്നുണ്ട്....... ആത്മാവിന്‍റെ അടങ്ങാത്ത വിശപ്പ്...
നിലവിളി ഉച്ചത്തിലാകുമ്പോള്‍ ഒന്നു തൊട്ടു തലോടുക...
മുറിവിന്‍മേല്‍ ഒരു ചുംബനം തരിക.....
ഉടലുകൊണ്ടല്ല... ആത്മാവു കൊണ്ട്....

അരേ ഓ ഖവാലീ

അരേ ഓ ഖവാലീ
നീയൊരു സമചിഹനമാണ്,
എന്തിലേയ്ക്കെന്നോ?
എന്‍റെ പ്രണയത്തിലേയ്ക്ക്.
നീ തരുന്ന ചില അലോസരതകള്‍
ഒരുപക്ഷേ ഉന്‍മത്തതയിലേയ്ക്കു
നീളുന്ന വഴികള്‍ പോലെ.
ഉച്ഛസ്ഥായിയില്‍ അതിഭ്രാന്തമായി
നീ ധ്യാനത്തിന്‍റെ വക്കില്‍ ...
ഭ്രാന്തും ധ്യാനവും.....
അവയെ താരതമ്യപ്പെടുത്താനാകാതെ 
കേള്‍വി വലയുമ്പോള്‍
നീ നിന്‍റെ അവസാന ശ്വാസത്തിലും
പ്രണയത്തില്‍ ലയിച്ച് ചേര്‍ന്നു കൊണ്ടേയിരിക്കുകയാവും.